Kerala
എസ് എസ് എല്‍ സി ഫലം 21ന് പ്രഖ്യാപിച്ചേക്കും; പ്ലസ്ടു മെയ് രണ്ടാം വാരം
തിരുവനന്തപുരം : കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കുന്നതിന് സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും നടപടികള്‍ ആരംഭിച്ചു. ഈ മാസം 21 ന് തന്നെ ഫലം പ്രഖ്യാപിക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24ന് ആയിരുന്നു എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചത്. ഈ വര്‍ഷം മൂന്ന് ദിവസം മുമ്പേയാക്കാനാണ് ആലോചന. അതേ സമയം ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഫലപ്രഖ്യാപനം മെയ് പകുതിയോടെ ഉണ്ടാകും. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം സംസ്ഥാനത്തെ 67 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. ഇതില്‍ പ്ലസ്ടു പരീക്ഷയുടെ മൂല്യനിര്‍ണയം മാത്രമാണ് 30ന് അവസാനിക്കുന്നത്.
ഇത്തവണ വളരെ നേരത്തെ തന്നെ പരീക്ഷാ മൂല്യനിര്‍ണയം കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് അവധി നല്‍കിയില്ലായിരുന്നുവെങ്കില്‍ കഴിഞ്ഞയാഴ്ച തന്നെ ഫലപ്രഖ്യാപനം നടത്താമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. അംബേദ്കര്‍ ജയന്തി, വിഷു, പെസഹ വ്യാഴം, ദുഃഖ വെള്ളി തുടങ്ങി അവധി ദിനങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണ് അടുത്തയാഴ്ചയില്‍ ആദ്യ ദിവസം തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാമെന്ന് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 54 മൂല്യനിര്‍ണയ ക്യാമ്പുകളിലായാണ് എസ്എസ് എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പരിശോധിച്ചത്. ക്യാമ്പുകളില്‍ നിന്നു തന്നെ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ടാബുലേഷന്‍ ജോലികള്‍ പരീക്ഷാഭവനില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഓരോ മാര്‍ക്കു ലിസ്റ്റും ഒത്തുനോക്കി പിഴവില്ലെന്ന് ഉറപ്പ് വരുത്തും. ഏതെങ്കിലും വിഷയത്തിന്റെ മാര്‍ക്ക് വിട്ടുപോയിട്ടുണ്ടെങ്കില്‍ അതു കണ്ടെത്തി ഉള്‍പ്പെടുത്തും. ഈ ജോലികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.
ഇതിനിടെ, തിരുവനന്തപുരം മോഡല്‍ എച്ച് എസ് എസിലെ ക്യാമ്പില്‍ മൂല്യനിര്‍ണയം നടത്തിയ മലയാളം ഒന്നാം പേപ്പറിന്റെ ഉത്തരക്കടലാസില്‍ മൂന്ന് കൈയക്ഷരം കണ്ടെത്തിയതിനെ തുടര്‍ന്ന് അത് എഴുതിയ വിദ്യാര്‍ഥിയുടെ ഫലം തടഞ്ഞുവെച്ചതായി പരീക്ഷാ ഭവന്‍ സെക്രട്ടറി ജോണ്‍സ് വി ജോണ്‍ അറിയിച്ചു. പാലക്കാട് കാട്ടുകുളം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് കോപ്പി അടിച്ചതെന്നു കണ്ടെത്തിയിട്ടുള്ളത്.
ഈ സ്‌കൂളിലെ പരീക്ഷാഹാളില്‍ നിന്ന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ഇതേക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വിശദ അന്വേഷണം നടത്തും.