Kerala
വിഷുപ്പക്ഷിയുടെ പാട്ട് കേള്‍ക്കാതെ ഈ അമ്മക്കിളിക്കൂട്
മലപ്പുറം:ഓര്‍മകളുറങ്ങുന്ന ഈ അമ്മക്കിളിക്കൂട്ടില്‍ വിഷുപക്ഷിയുടെ മധുരസ്വരമില്ല, സമൃദ്ധിയുടെ നല്ല നാളുകള്‍ വിരുന്നെത്തുന്ന കാലത്തിന് കാത്തിരിക്കാനും ഇവിടെയാരുമില്ല. എങ്കിലും ജീവിത സായാഹ്‌നത്തില്‍ ഒറ്റപ്പെടലിന്റെ നാലുകെട്ടുകള്‍ക്കകത്ത് ആയുസ്സിനെ എരിഞ്ഞടങ്ങാന്‍ വിടാതെ ഈ അമ്മമാരും ലളിതമായി വിഷു ആഘോഷിക്കും. നാടാകെ ആഘോഷങ്ങളില്‍ അമരുമ്പോള്‍ മലപ്പുറം തവനൂരിലെ വൃദ്ധമന്ദിരത്തിലെ അമ്മമനസ്സുകളില്‍ തുടിക്കുന്നത് കണിക്കൊന്ന പോലെ നിറമുള്ള വിഷുക്കാഴ്ചകളാണ്. വെള്ളരിയും കൊന്നപ്പൂവും കണികണ്ടുണരുകയും വിഷുക്കൈനീട്ടത്തിനായി കാത്തിരുന്ന ബാല്യവുമെല്ലാം ഇവരുടെ മനസ്സുകളില്‍ ഇന്നലെയെന്ന പോലെ തെളിഞ്ഞ് കിടപ്പുണ്ട്. അറുപതിനും തൊണ്ണൂറിനും ഇടയില്‍ പ്രായമുള്ളവരാണിവരെല്ലാം. ഉറ്റവര്‍ കൈവിട്ടതോടെ മനസ്സിന്റെ താളം തെറ്റിയവര്‍, വാര്‍ധക്യത്തിന്റെ അവസാന നാളുകളില്‍ സംരക്ഷിക്കാന്‍ ആരോരുമില്ലാതെ തനിച്ചായിപ്പോയവര്‍, ലക്ഷ്യമില്ലാത്ത സഞ്ചാരത്തിനിടെ തെരുവുകളില്‍ നിന്ന് പോലീസും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം എത്തിച്ചവര്‍ എന്നിങ്ങനെ പുരുഷന്‍മാരും സ്ത്രീകളുമായി 67 അന്തോവാസികളാണ് ഈ വൃദ്ധ സദനത്തില്‍ കഴിയുന്നത്.
സുനന്ദടീച്ചര്‍, സുമതി, ലക്ഷ്മി, കല്യാണിയമ്മ, നാരായണി, ചീരായി, മാധവി എന്നിവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണിന്ന്. എല്ലാവരും ഒരമ്മപെറ്റ മക്കളെ പോലെ സന്തോഷത്തോടെ കഴിയുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയെന്ന തോന്നലേ ഇന്നിവര്‍ക്കില്ല. ഇന്നലെകളില്‍ കൈവിട്ട് പോയ സമ്പല്‍സമൃദ്ധിയുള്ള നല്ല നാളെകള്‍ തിരിച്ച് വരില്ലെന്ന് അറിയാമെങ്കിലും വൃദ്ധമന്ദിരത്തിലെ ജീവനക്കാര്‍ ഇവരുടെ ഓര്‍മകളെ പിന്നോട്ട് വിടാന്‍ അനുവദിക്കാതെ മുന്നോട്ട് കൈപിടിച്ച് നടത്തുകയാണ്. കിടക്കയില്‍ നിന്ന് എഴുനേല്‍ക്കാനാകാതെ നെടുവീര്‍പ്പ് മാത്രം ബാക്കിയായുള്ളവര്‍ക്ക് മക്കളെപോലെ സ്‌നേഹത്തിന്റെ കരസ്പര്‍ശവുമായി താങ്ങുംതണലുമായി ഇവിടത്തെ ജീവനക്കാരുണ്ടാകും. വിഷുദിനമായ ഇന്ന് ചന്ദ്രമതി ടീച്ചറാണ് കണിയൊരുക്കുക. എല്ലാം നേരത്തെ തന്നെ അവര്‍ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. പ്രാതല്‍ കഴിഞ്ഞാല്‍ കുളിച്ച് പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് ഉച്ചയോടെ എല്ലാവരും ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ സദ്യ കഴിക്കും. പിന്നെ, മനുഷ്യസ്‌നേഹത്തിന്റെ ഉറവ വറ്റാത്ത ആരെങ്കിലുമൊരാള്‍ വിഷുക്കൈനീട്ടവുമായി ഇവിടെയെത്തും.
എല്ലാം മറക്കാന്‍ ശ്രമിച്ച് ആഹ്ലാദത്തോടെ വിഷു ആഘോഷങ്ങളില്‍ മുഴുകുമ്പോഴും അറിയാതെ ഇവരുടെ മനസ്സുകള്‍ കുടുംബത്തോടൊപ്പമുള്ള പഴയകാല ഓര്‍മകളിലേക്ക് ഓടിയെത്താന്‍ വെമ്പല്‍കൊള്ളുന്നുണ്ടാകും. തൊടിയിലെ വൃക്ഷത്തലപ്പില്‍ നിന്ന് വിഷുപ്പക്ഷിയുടെ പാട്ടിനായി ഇവര്‍ ചെവിയോര്‍ത്തുകൊണ്ടിരിക്കും.