Kerala
എസ് എസ് എല്‍ സിക്ക് റെക്കോര്‍ഡ് വിജയം
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം. വിജയം 95.47 ശതമാനം എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയപ്പോള്‍ പരീക്ഷ എഴുതിയ4,63,2686 പേരില്‍ 4,42,678പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയര്‍ന്ന വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.3 ശതമാനത്തിന്റെ വര്‍ധനവാണ് വിജയത്തിലുള്ളത്. ഒരു വിദ്യാര്‍ഥിയുടെയും പരീക്ഷാഫലം തടഞ്ഞുവച്ചിട്ടില്ല. പ്രൈവറ്റായി പരീക്ഷയെഴുതിയ 4244പേരില്‍ 2666 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 62.81 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 74.06 ശതമാനമായിരുന്നു. ഗള്‍ഫ് മേഖലയില്‍ 416 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 413 കുട്ടികള്‍ (99.2 ശതമാനം) ഉപരിപഠനത്തിന് യോഗ്യരായി. ലക്ഷദ്വീപില്‍ 823 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 630 പേര്‍(76.5ശതമാനം) ഉപരിപഠനത്തിന് യോഗ്യരായി. എന്നാല്‍ ഇക്കുറി സംസ്ഥാനത്ത് 21,008 പേര്‍ക്ക് ഉപരിപഠനത്തിന് യോഗ്യത നേടാനായില്ല. സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളിലുമായി 934 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. 281 സര്‍ക്കാര്‍ സ്‌കൂളുകളിലും 367 എയ്ഡഡ് സ്‌കൂളുകളിലും 286 അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യരായി. കഴിഞ്ഞ വര്‍ഷം 861 സ്‌കൂളുകള്‍ക്കായിരുന്നു നൂറുമേനി.
ജില്ലകളുടെ വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒന്നാമതെത്തിയ കോട്ടയം ജില്ലയെ പിന്തള്ളി ഇക്കുറി കണ്ണൂര്‍ ജില്ല മുന്നിലെത്തി. ഇവിടെ പരീക്ഷ എഴുതിയവരില്‍ 98.27 ശതമാനവും ഉപരിപഠനത്തിന് യോഗ്യത നേടി. രണ്ടാം സ്ഥാനത്തെത്തിയ കോട്ടയം ജില്ലയില്‍ 97.47 ശതമാനം പേരാണ് യോഗ്യത നേടിയത്. വിജയശതമാനം ഏറ്റവും കുറവ് പാലക്കാട് ജില്ലയിലാണ്. 91.28 ശതമാനം. കഴിഞ്ഞവര്‍ഷവും പാലക്കാട് തന്നെയായിരുന്നു പിന്നില്‍. തിരുവനന്തപുരം ജില്ലയില്‍ 93.1 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ ജില്ലയില്‍ കടത്തുരുത്തിയാണ് മുന്നില്‍ (98.68 ശതമാനം). പിന്നില്‍ പാലക്കാട് (90.25 ശതമാനം).
14,802 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4729 പേരുടെ വര്‍ധന. മലപ്പുറം ജില്ലയിലാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ കൂടുതല്‍. 2056 പേര്‍. ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ഉപജില്ല തിരൂരാണ്. 919 പേര്‍. 934 സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 73 സ്‌കൂളുകളുടെ വര്‍ധന. 281 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 367 എയ്ഡഡ് സ്‌കൂളുകള്‍ക്കും 286 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കുമാണ് നൂറുമേനി വിജയം നേടാനായത്. 34,927 പേര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചു. 66,622പേര്‍ക്ക് ബി പ്ലസും അതിനു മുകളിലും ഗ്രേഡ് ലഭിച്ചു. 1,15,715പേര്‍ക്ക് ബി ഗ്രേഡ് ലഭിച്ചു. 1,94,864പേര്‍ക്ക് സി പ്ലസും അതിനു മുകളിലും ഗ്രേഡ് ലഭിച്ചു. 3,15,822പേര്‍ക്ക് സി ഗ്രേഡും 4,42,678പേര്‍ക്ക് ഡി പ്ലസ് ഗ്രേഡും ലഭിച്ചു.
പട്ടികജാതിവിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ 43,812 (89.52 ശതമാനം)പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഈ വിഭാഗത്തില്‍പ്പെട്ട 329 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. പട്ടികവര്‍ഗവിഭാഗത്തില്‍ 6010(84.30 ശതമാനം)പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 13 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. ഒ ബി സി വിഭാഗത്തില്‍പ്പെട്ട 2,90,623(95.96 ശതമാനം)പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. ഈ വിഭാഗത്തില്‍ 8438 പേര്‍ എല്ലാവിഷയത്തിനും എപ്ലസ് നേടി. ദത്തെടുക്കല്‍ പ്രത്യേക പദ്ധതി നടപ്പാക്കിയ 107സ്‌കൂളുകളില്‍ 35സ്‌കൂളുകള്‍ 100ശതമാനം വിജയം നേടി. ഈ വിഭാഗത്തില്‍ 50 ശതമാനത്തില്‍ താഴെ വിജയം നേടിയത് ഒരു സ്‌കൂളാണ്. എസ് എസ് എല്‍ സി ഹിയറിംഗ് ഇംപേര്‍ഡ് വിഭാഗത്തില്‍ 334പേര്‍ പരീക്ഷയെഴുതിയതില്‍ 333(99.17ശതമാനം)പേരും ടി എച്ച് എസ് എല്‍ സിയില്‍ 3,647പേര്‍ പരീക്ഷയെഴുതിയതില്‍ 3591(96.49)പേരും ടി എച്ച് എസ് എല്‍ സി ഹിയറിംഗ് ഇംപേര്‍ഡ് വിഭാഗത്തില്‍ 24പേര്‍ പരീക്ഷയെഴുതിയതില്‍ 22പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. എ എച്ച് എസ് എല്‍ സി വിഭാഗത്തില്‍ 76 പേര്‍ എഴുതിയതില്‍ 72(94.7)പേരും വിജയിച്ചു. മൂല്യനിര്‍ണയം തുടങ്ങി 19 ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ഇക്കുറി ഫലപ്രഖ്യാപനം നടത്തിയത്.
എസ് എസ് എല്‍ സി വിഭാഗത്തില്‍ 51,702 പേര്‍ക്കും ടി എച്ച് എസ് എല്‍ സി വിഭാഗത്തില്‍ 356 പേര്‍ക്കും എസ് എസ് എല്‍ സി ഹിയറിംഗ് ഇംപേര്‍ഡ് വിഭാഗത്തില്‍ 302 പേര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത്തവണയും മോഡറേഷന്‍ നല്‍കിയിട്ടില്ല. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മേയ് പതിനഞ്ചോടെ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ വിതരണത്തിനെത്തിക്കും. ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെ പോയ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മേയ് 12 മുതല്‍ 17വരെ സേ പരീക്ഷ നടത്തും. ഇതിനുള്ള വിജ്ഞാപനം ഉടന്‍ പരീക്ഷാ ഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.