Connect with us

Ongoing News

മത്സരത്തിന് കിരണ്‍കുമാര്‍ റെഡ്ഢിയില്ല; പകരം സഹോദരന്‍

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കില്ല. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപവത്കരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട കിരണ്‍കുമാര്‍ റെഡ്ഢി ജയ് സമൈക്യാന്ധ്ര പാര്‍ട്ടി (ജെ എസ് പി) രൂപവത്കരിച്ചാണ് പ്രവര്‍ത്തനം. ജെ എസ് പി പ്രസിഡന്റ് കൂടിയായ കിരണ്‍കുമാര്‍ റെഡ്ഢി മത്സരിക്കില്ലെങ്കിലും സഹോദരന്‍ കിഷോര്‍ കുമാര്‍ റെഡ്ഢി ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്. സീമാന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ പിലേരു നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കിഷോര്‍കുമാര്‍ റെഡ്ഢി മത്സരിക്കുക.
പിലേരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ കിരണ്‍കുമാര്‍ റെഡ്ഢി തീരുമാനിച്ചിരുന്നുവെങ്കിലും അവസാന നിമിഷമാണ് സഹോദരനെ പകരം രംഗത്തിറക്കാനുള്ള തീരുമാനം എടുത്തത്. മത്സരിക്കില്ലെങ്കിലും പാര്‍ട്ടിക്ക് വേണ്ടി സീമാന്ധ്ര മുഴുവന്‍ പ്രചാരണത്തിനിറങ്ങുമെന്ന് കിരണ്‍കുമാര്‍ റെഡ്ഢി അറിയിച്ചു. 2009ല്‍ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് രൂപവത്കരിച്ച പിലേരു നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കിരണ്‍ കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് മുമ്പ് 1989, 99, 2004 വര്‍ഷങ്ങളില്‍ വയലപാടു മണ്ഡലത്തില്‍ നിന്നാണ് കിരണ്‍ സഭയിലെത്തിയത്.
അതേസമയം, കോണ്‍ഗ്രസിന്റെ മുന്‍ എം പിമാരായിരുന്ന ജി വി ഹര്‍ഷ കുമാര്‍, സബ്ബം ഹരി എന്നിവരെ യഥാക്രമം രാജമുദ്രി, കാക്കിനാഡ മണ്ഡലത്തില്‍ നിന്ന് ജെ എസ് പി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേര്‍ ഉള്‍പ്പെടെ തെലങ്കാന രൂപവത്കരണത്തെ എതിര്‍ത്ത ആറ് എം പിമാരെ കോണ്‍ഗ്രസില്‍ നിന്ന് നേരത്തെ പുറത്താക്കിയിട്ടുണ്ട്. സി പി എമ്മുമായി സഖ്യമായാണ് സീമാന്ധ്ര മേഖലയില്‍ ജെ എസ് പി മത്സരിക്കുന്നത്. പതിനെട്ട് നിയമസഭാ മണ്ഡലങ്ങളും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളുമാണ് സി പി എമ്മിന് നല്‍കിയത്. മെയ് ഏഴിനാണ് ഇവിടെ തിരഞ്ഞെടുപ്പ്.