National
കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം തേടി മോദി ഇടനിലക്കാരെ അയച്ചെന്ന് ഗീലാനി
ശ്രീനഗര്‍: കാശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാര ചര്‍ച്ചക്കു നരേന്ദ്ര മോദി തന്നെ കാണാന്‍ രഹസ്യ ദൂതനെ അയച്ചുവെന്ന് വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലനി. മാര്‍ച്ച് 22ന് രണ്ട് പേരാണ് തന്നെ വന്ന് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വന്നവര്‍ പണ്ഡിത് സഹോദരങ്ങളായിരുന്നു. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പോംവഴികളായിരുന്നു അവരുടെ ആഗമനലക്ഷ്യം. മോദിയുമായി സംസാരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അതിന് അവസരമൊരുക്കാമെന്നും അവര്‍ പറഞ്ഞു. തനിക്ക് ഓഫറുകളും അവര്‍ വാഗ്ദാനം ചെയ്തിരുന്നു. മോദി ആര്‍ എസ് എസുകാരനായത് കൊണ്ടാണ് സംസാരിക്കാതിരുന്നതെന്നും കാശ്മീര്‍ വിഷയത്തില്‍ ആര്‍ എസ് എസ് നിലപാട് വ്യക്തമാണെന്നും ഗീലാനി പറഞ്ഞു. ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയെ കുറിച്ചും ഇടനിലക്കാരോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഗീലാനിയുടെ ആരോപണം നിഷേധിച്ച് ജമാഅത്തെ ഇസ്‌ലാമി നേതാക്കളും ബി ജെ പിയും രംഗത്തെത്തി. ഗീലാനിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് ബി ജെ പി വ്യക്തമാക്കി. ഗീലാനിയെ കാണുന്നതിന് പാര്‍ട്ടി ഏതെങ്കിലും രഹസ്യ ദൂതനെ അയക്കുകയോ കാണാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അതിന്മേല്‍ ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല. ഗീലാനിയെ പോലെയുള്ള നേതാക്കള്‍ നെഗറ്റീവ് റോളാണ് കളിക്കുന്നതെന്നും കാശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിന്മേലുള്ള ഭീഷണിയാണ് അവരുടെ രാഷ്ട്രീയമെന്നും ബി ജെ പി ചൂണ്ടിക്കാട്ടി. ഗീലാനിയുടെ പ്രസ്താവന തെറ്റാണ്. പാര്‍ട്ടി അദ്ദേഹവുമായി കൂടിക്കാഴ്ചക്ക് ഒരു പ്രതിനിധിയെയും നിയോഗിച്ചിട്ടില്ലെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഗീലാനിയുടെ പ്രസ്താവനയെ ജമാഅത്തെ ഇസ്‌ലാമിയും തള്ളിക്കളഞ്ഞു. അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് ജമാഅത്ത് വക്താവ് അഡ്വ. സഹീദ് അലി പറഞ്ഞു