Connect with us

Kerala

പകര്‍ച്ചപ്പനി: സംസ്ഥാനം സര്‍വകാല റെക്കോര്‍ഡിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം സര്‍വകാല റിക്കോഡിലേക്ക്. ഈ വര്‍ഷം ആരംഭിച്ച് നാലര മാസം പിന്നിടുമ്പോള്‍ പനിബാധിച്ചവരുടെ എണ്ണം ആറ് ലക്ഷത്തോടടുക്കുന്നു. ഒമ്പത് പേരാണ് പനി ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം പനി പിടിപെട്ടവരുടെ എണ്ണം 64,121 ആണ്.
പനി മാത്രമല്ല മറ്റ് പകര്‍ച്ചവ്യാധികളുടെ എണ്ണവും സംസ്ഥാനത്ത് കുറവല്ല. പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരില്‍ 35 പേര്‍ മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കുകള്‍. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് തിരച്ചടിയായാണ് പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പടരുന്നതെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പനി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരെ ഇത്തവണ ബാധിച്ചത് വയറിളക്കവും അനുബന്ധ രോഗങ്ങളുമാണ്. 10,8865 പേര്‍ക്കാണ് വയറിളക്കവും അനുബന്ധ രോഗങ്ങളും പിടിപെട്ടത്. വയറിളക്ക രോഗം ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. 6956 പേര്‍ക്കാണ് ചിക്കന്‍ബോക്‌സ് ബാധിച്ചത്.
സാധാരണ മിക്കവരിലും പിടിപെടാറുണ്ടെങ്കിലും രോഗം ഗുരുതരമായി മരണം തന്നെ സംഭവിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. 216 പേര്‍ക്ക് മലേറിയയും ബാധിച്ചു.
ജാപ്പാനീസ് എന്‍സഫലൈറ്റിസ് രണ്ട് പേര്‍ക്കും പിടിപെട്ടു. രണ്ട് പേരും മരിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ഹെപ്പറ്റൈറ്റിസ് “എ” 1380 പേര്‍ക്ക് പിടിപെട്ടതില്‍ ഒരാളും ഹെപ്പറ്റെറ്റിസ് “ബി ” 383 പേര്‍ക്ക് പിടിപെട്ടതില്‍ ഒരാളും മരിച്ചു. ടൈഫോയിഡ് 485 പേര്‍ക്കും ചെള്ള്, കുരങ്ങ്, മാന്‍ തുടങ്ങിയ ജന്തുക്കളില്‍ നിന്ന് പിടിപെടുന്ന സ്‌ക്രബ് ടൈഫസ്, ലൈം ഡിസീസ്, കിസാനുര്‍ ഫോറസ്റ്റ് ഡിസീസ് എന്നിവ 83 പേര്‍ക്കും ബാധിച്ചു.
പനിബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്നില്‍ നിന്ന തലസ്ഥാനത്ത് ഈ വര്‍ഷം 26 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ മരിച്ചു. ഈ മാസം മാത്രം 356 പേര്‍ക്കാണ് തലസ്ഥാനത്ത് പനി സ്ഥിരീകരിച്ചത്.
26 പേര്‍ക്ക് വയറിളക്കവും അനുബന്ധ രോഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം പേര്‍ക്ക് ഈ മാസം പനി ബാധിച്ചത്. 678 പേര്‍. തൊട്ടു പിന്നില്‍ തൃശൂരാണ്. 477 പേര്‍ക്കാണ് തൃശൂരില്‍ പനി ബാധിച്ചത്. കൊല്ലത്ത് 145, ആലപ്പുഴ 199, വയനാട് 149, കണ്ണൂര്‍ 132, കാസര്‍കോട് 186, കോട്ടയം 62 ഇടുക്കി 21 എന്നിങ്ങനെയാണ് ഈ മാസത്തെ കണക്കുകള്‍.
സംശയാസ്പദ പനിമരണങ്ങളെ സംബന്ധിച്ച് “ഡെത്ത് ഓഡിറ്റ്” നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എലികളുടെ വിസര്‍ജ്യത്തില്‍ നിന്ന് പകരുന്ന ഹാന്റാ വൈറസിന്റെ ലക്ഷണങ്ങളും സ്‌ക്രബ് ടൈഫസിന്റെ സാന്നിധ്യവും ഒപ്പം വെസ്റ്റ് നൈല്‍ വൈറസും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്.
പുതിയ ഇനം വൈറസുകളുടെ സാന്നിധ്യം ഇപ്പോള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 196 പേരില്‍ എത്ര പേര്‍ക്ക് സ്‌ക്രബ് ടൈഫസിന്റെയും ഹാന്റാ വൈറസിന്റെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് കണ്ടെത്താനാണ് ഡെത്ത് ഓഡിറ്റു വഴി ലക്ഷ്യമിടുന്നത്. സംശയാസ്പദ പനിമരണങ്ങളില്‍ പോസ്റ്റ് മോര്‍ട്ടം പോലുള്ള പരിശോധനകള്‍ കൂടി നടക്കേണ്ടതുണ്ട്.
എന്നാല്‍ അതിനുള്ള സമ്മതം ബന്ധുക്കളാരും നല്‍കാറില്ല. അതിനാലാണ് സംശയാസ്പദ പനി മരണങ്ങളില്‍ രോഗകാരണം എന്താണെന്ന് കണ്ടത്തൊന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതിരോധ നടപടികളെക്കുറിച്ച് അധികൃതര്‍ വാതോരാതെ പറയുമ്പോഴും അവ പേരിന് മാത്രം നടത്തി അവസാനിപ്പിക്കുന്ന പതിവ് കാഴ്ച ഈ വര്‍ഷവും തുടരുന്നതിന് തെളിവാണ് പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന.

Latest