International
ക്യാപ്റ്റനും സഹായികളും അറസ്റ്റില്‍; തിരച്ചില്‍ മാസങ്ങള്‍ നീളും
സിയൂള്‍: ദക്ഷിണ കൊറിയയയിലെ തെക്കന്‍ തീരത്ത് മുങ്ങിയ യാത്രാ കപ്പലിന്റെ ക്യാപ്റ്റനെ പോലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധമായി കപ്പല്‍ ഓടിക്കുക അപകടം മുന്നില്‍ കണ്ടിട്ടും യാത്രക്കാരെ ഒഴിവാക്കി രക്ഷപ്പെടാന്‍ നോക്കി എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് ക്യാപ്റ്റനായ ലീ ജൂന്‍ സിയോക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളോട് ക്ഷമാപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ക്യാപ്റ്റന്റെ അറസ്റ്റ്. 68കാരനായ ക്യാപ്റ്റനോടൊപ്പം മൂന്ന് ജീവനക്കാരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റനായ ലീക്കു മേല്‍ ഗുരുതരമായ അഞ്ച് കുറ്റങ്ങളും ജീവനക്കാര്‍ക്ക് മേല്‍ സമാനമായ മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇന്നലെ രാവിലെയോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ദിശമാറ്റുന്നതിന് തൊട്ടുമുമ്പ് കപ്പലിന്റെ വേഗം കുറക്കുന്നതില്‍ ക്യാപ്റ്റനും അദ്ദേഹത്തിന്റെ സഹായിക്കും പിഴവ് പറ്റിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരാനിരിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 475 പേരുമായി വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചിയോണില്‍ നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് പുറപ്പെട്ട ബഹുനില ബോട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ കൂടുതലും സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു. സമുദായങ്ങളില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അപകടത്തിന് തൊട്ടുപിന്നാലെ 174 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും 273 പേരെ ഇതുവരെയായിട്ടും കണ്ടെത്താനായിട്ടില്ല. വിദ്യാര്‍ഥികളടക്കം 32 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, കാലവാസ്ഥ മോശമായിക്കൊണ്ടിരിക്കുന്നത് തിരച്ചലിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും തിരച്ചില്‍ മൂന്ന് മാസത്തോളം നീളുമെന്നും ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനും മറ്റുമായി വിദഗ്ധ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഔദ്യോഗിക വിശദീകരണത്തില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ തൃപ്തരായിട്ടില്ല. ജിന്റോ ദ്വീപില്‍ കാത്തിരിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ പ്രകോപിതരായിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.