Connect with us

Editorial

ഫുട്‌ബോളിലെ മാറ്റം നല്ലതിനാകണം

Published

|

Last Updated

ഇന്ത്യയില്‍ ഫുട്‌ബോള്‍ മരിച്ചിട്ടില്ലെന്ന അറിയിപ്പായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപനം. ടെലിവിഷന്‍ റൈറ്റ്‌സിലൂടെയും ഗെയ്റ്റ് കലക്ഷനിലൂടെയും സമ്പന്നതയുടെ ഔന്നത്യങ്ങളിലെത്തിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) ക്രിക്കറ്റിന്റെ ചുവട് പിടിച്ചാണ് ഫുട്‌ബോളിലും മാറ്റത്തിന്റെ കാറ്റടിക്കുന്നത്. ഐ എം ജി റിലയന്‍സും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും കൈകോര്‍ക്കുന്ന ഐ എസ് എല്ലില്‍ എട്ട് ടീമുകളാണുള്ളത്. കോര്‍പറേറ്റ് ഭീമന്‍മാരും യൂറോപ്യന്‍ ഫുട്‌ബോള്‍ (സ്‌പെയിന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ്) ക്ലബ്ബും ക്രിക്കറ്റ്, സിനിമാ മേഖലകളിലെ സൂപ്പര്‍ താരങ്ങളുമാണ് ലീഗ് ഫ്രാഞ്ചൈസി ഉടമസ്ഥാവകാശം സ്വന്തമാക്കിയിട്ടുള്ളത്. കേരളത്തില്‍ കൊച്ചി കേന്ദ്രമായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേതൃത്വത്തില്‍ ഒരു ടീം ഉണ്ടെന്നത് മലയാളക്കരക്ക് ആവേശമാകുന്നു. ഫുട്‌ബോളിന് വേരോട്ടമുള്ള കൊല്‍ക്കത്ത, മുംബൈ, പൂനെ, ഗോവ, ബംഗളൂരു, ഡല്‍ഹി, ഗുവാഹത്തി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് മറ്റ് ടീമുകള്‍.
1950ല്‍ ലോക കപ്പ് കളിക്കാന്‍ ക്ഷണം ലഭിക്കുകയും ഏഷ്യന്‍ ഫുട്‌ബോളിലെ ശക്തിയായി നില്‍ക്കുകയും ചെയ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ഇന്ന് മേല്‍വിലാസമുണ്ടാക്കാന്‍ പ്രയാസപ്പെടുകയാണ്. ഫിഫ പ്രത്യേക താത്പര്യമെടുത്ത് 2017 അണ്ടര്‍ 17 ലോക കപ്പ് വേദി സമ്മാനിച്ചത് ഫുട്‌ബോളിലെ “ഉറങ്ങുന്ന സിംഹങ്ങളെ” ഉണര്‍ത്താനാണ്. അതിനിടെയാണ് ലോക ഫുട്‌ബോളില്‍ തിളങ്ങിയവരെ ഐക്കണ്‍ താരങ്ങളാക്കിക്കൊണ്ട് സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ രംഗപ്രവേശം. യൂറോപ്യന്‍ ഫുട്‌ബോളിന് ആരാധകരേറെയുള്ള നാട്ടില്‍ സൂപ്പര്‍ ലീഗിനും വന്‍ സ്വീകാര്യത പ്രതീക്ഷിക്കാം. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഹൈദരാബാദിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ പി വി പി വെഞ്ച്വേഴ്‌സുമായി ചേര്‍ന്നാണ് കൊച്ചി ടീമിനെ സ്വന്തമാക്കിയത്. ഐ ലീഗില്‍ ഒന്നാം ഡിവിഷനിലും രണ്ടാം ഡിവിഷനിലും കേരള ക്ലബ്ബുകളില്ലാത്ത സാഹചര്യത്തിലാണ് സച്ചിന്റെ കൊച്ചി ടീമിന്റെ പ്രസക്തി.
22 കളിക്കാരുള്ള ടീമില്‍ നാല് പ്രാദേശിക കളിക്കാര്‍ വേണമെന്ന നിബന്ധന ഉണ്ട്. അടിസ്ഥാന സൗകര്യ വികസനം നിര്‍ബന്ധമാക്കിയതും പത്ത് ലക്ഷം കുട്ടികള്‍ക്ക് പരിശീലനം ഉറപ്പാക്കണമെന്ന വ്യവസ്ഥയും സൂപ്പര്‍ ലീഗിന്റെ നല്ല വശങ്ങളാണ്. നൂറിലേറെ രാഷ്ട്രങ്ങളില്‍ സംപ്രേഷണം ചെയ്യുമെന്നത് വിദേശ ക്ലബ്ബുകളുടെ ശ്രദ്ധയിലെത്താന്‍ ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് അവസരമൊരുക്കും.
ഐ പി എല്ലിനെ പോലെ സാമ്പത്തിക വിജയം കൈവരിക്കുന്നിടത്തായിരിക്കും ഐ എസ് എല്ലിന്റെ ഭാവിയെന്ന് പറയാതെ വയ്യ. സൗരവ് ഗാംഗുലി, ജോണ്‍ എബ്രഹാം, രണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍ എന്നീ താരപ്രമുഖര്‍ ഉടമസ്ഥരായുള്ളതും ലോക ഫുട്‌ബോളില്‍ മേല്‍വിലാസമുണ്ടാക്കിയ തിയറി ഓന്റി, ല്യുംഗ്‌ബെര്‍ഗ്, റോബര്‍ട് പിറസ്, ലൂയി സാഹ, ക്രെസ്‌പോ, ഡൈ്വയിറ്റ് യോര്‍ക്ക്, ഡിസെയ്‌ലി എന്നിവരുടെ സാന്നിധ്യവും ഇതിനകം തന്നെ സൂപ്പര്‍ ലീഗിന് അര്‍ഹിക്കുന്ന പ്രശസ്തി നല്‍കിയിട്ടുണ്ട്. പണത്തിന്റെ കരുത്തില്ലാതെ ഒരു കായിക ഇനത്തിനും ഏറെ നാള്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ ക്രിക്കറ്റ് വളരുന്നതും യൂറോപ്പില്‍ ക്ലബ്ബ് ഫുട്‌ബോള്‍ മുന്നേറുന്നതും ഇതിന് ഉത്തമ ദൃഷ്ടാന്തം. എന്നാല്‍, പണത്തിന്റെ ഒഴുക്ക് സംബന്ധിച്ച് കൃത്യവും വ്യക്തവുമായ നിരീക്ഷണ സംവിധാനങ്ങള്‍ ആദ്യമേ ഒരുക്കുന്നത് ഇത്തരം ലീഗുകള്‍ക്ക് ഗുണം ചെയ്യുകയും എന്തെങ്കിലും ദോഷമുണ്ടെങ്കില്‍ അതകറ്റുകയും ചെയ്യും. ഐ പി എല്ലിലെ വാതുവെപ്പ് വിവാദം ഇത്തരം നിരീക്ഷണ സംവിധാനത്തിന്റെ പോരായ്മയില്‍ സംഭവിച്ചതാണ്. ഐ പി എല്‍ വിവാദത്തില്‍ ശ്രീശാന്തിനെ പോലുള്ള ചെറുമീനുകളെ കുരുക്കി, എന്‍ ശ്രീനിവാസനെ പോലുള്ള വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും പിടി കൊടുക്കാതെ നില്‍ക്കുന്ന കാഴ്ചയാണ് ഇന്ത്യയില്‍. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക് ക്ലബ്ബ് ഉടമ ഉലി ഹോയ്‌നെസ് നികുതി വെട്ടിച്ചതിന് മൂന്നര വര്‍ഷം തടവ് അനുഭവിക്കുന്നു എന്നോര്‍മപ്പെടുത്തട്ടെ.
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ കരങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോളിനെ കോടികള്‍ നല്‍കി സ്വന്തമാക്കിയ ഐ എം ജി റിലയന്‍സിന്റെ കച്ചവടക്കളിയായി സൂപ്പര്‍ ലീഗ് മാറിയാല്‍, അത് നേട്ടത്തേക്കാള്‍ കോട്ടമാകും സമ്മാനിക്കുക. ഫുട്‌ബോളിനെ ഉന്നതിയിലെത്തിക്കാന്‍ ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ഈ സൂപ്പര്‍ ലീഗിനെ നമുക്ക് ഉള്‍ക്കൊള്ളാം. എന്നാലത് ദുഷിക്കാതിരിക്കാന്‍ വേണ്ട ജാഗ്രത അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണം.

---- facebook comment plugin here -----

Latest