Ongoing News
ഇവിടെ മോദി തരംഗമില്ല; 'മിഷന്‍ 29' മാത്രം
രാജ്യമെങ്ങും മോദി തരംഗത്തെ കുറിച്ചാണ് സംസാരിക്കുന്നത്. മോദി തരംഗമില്ല, ബി ജെ പി തരംഗമാണ് ഉള്ളതെന്ന് മോദിയെ പരോക്ഷമായി എതിര്‍ക്കുന്ന അഡ്വാനി പക്ഷത്തുള്ള നേതാക്കള്‍ പരസ്യമായി തന്നെ പറഞ്ഞു തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍, മധ്യപ്രദേശില്‍ എത്തിയാല്‍ കാര്യങ്ങളുടെ സ്ഥിതി കുറേക്കൂടി വ്യക്തമാകും. കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവായ സുഷമാ സ്വരാജ് മത്സരിക്കുന്ന വിദിഷയിലെത്തണം. ഇവിടെയുള്ള പ്രചാരണ വേദികളില്‍ മോദി സ്തുതിയില്ല. മോദിയുടെ “മിഷന്‍ 272+” ഉം ഇല്ല. ഉള്ളത് “മിഷന്‍ 29” മാത്രം. മധ്യപ്രദേശില്‍ ആകെയുള്ളത് 29 ലോക്‌സഭാ സീറ്റുകളാണ്. അത് മുഴുവന്‍ നേടിയെടുക്കാന്‍ ഇവിടെ ബി ജെ പി പ്രയോഗിക്കുന്നത് അഡ്വാനിപക്ഷത്തെ പ്രമുഖനും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ്‌സിംഗ് ചൗഹാന്റെ വ്യക്തിപ്രഭാവം മാത്രമാണ്.
വിദിഷയിലെ പ്രചാരണ വേദികളില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ കുറിച്ച് സ്ഥാനാര്‍ഥിയായ സുഷമാ സ്വരാജ് പരാമര്‍ശിക്കാറില്ല. പ്രചാരണ ബോര്‍ഡുകളില്‍ പോലും മോദിയുടെ സ്ഥാനം അവസാന ഭാഗത്താണ്. പ്രധാന എതിര്‍ സ്ഥാനാര്‍ഥിയുടെ പേരും അവര്‍ എങ്ങും പറയുന്നില്ല. പ്രചാരണ വേദികളില്‍ സുഷമയുടെ ദീര്‍ഘനേരമുള്ള രാഷ്ട്രീയ പ്രസംഗങ്ങളും കുറവാണ്. പാര്‍ട്ടിക്ക് ഏറ്റവും അനുകൂലമായ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. അത് പരമാവധി അനുകൂലമാക്കിയെടുക്കാന്‍ മാത്രമാണ് സുഷമ തിരഞ്ഞെടുപ്പ് റാലികളില്‍ ആവശ്യപ്പെടുന്നത്.
1989 മുതല്‍ തുടര്‍ച്ചയായി ബി ജെ പിയെ തുണച്ച മണ്ഡലമാണ് വിദിഷ. മുന്‍ പ്രധാനമന്ത്രി എ ബി വാജ്പയിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് സുഷമ എത്തുന്നത്. അഞ്ച് തവണയാണ് തുടര്‍ച്ചയായി ശിവരാജ് സിംഗ് ചൗഹാന്‍ ഇവിടെ നിന്ന് ലോക്‌സഭയിലെത്തിയത്. പിന്നീട് മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം എം പി സ്ഥാനം രാജിവെക്കുകയായിരുന്നു. കഴിഞ്ഞ തവണ 3.89 ലക്ഷമായിരുന്നു സുഷമയുടെ ഭൂരിപക്ഷം. അത് ഇത്തവണ നാല് ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ത്തണമെന്നാണ് സുഷമ പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നത്.
എന്നാല്‍, കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് പുറമേക്ക് പറയുന്നില്ലെങ്കിലും ബി ജെ പി നേതൃത്വത്തിന് വ്യക്തമായി അറിയാം. രണ്ട് തവണ തുടര്‍ച്ചയായി മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച ദിഗ്‌വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗാണ് കോണ്‍ഗ്രസിനു വേണ്ടി ഇത്തവണ രംഗത്തുള്ളത്. നാല് തവണ തുടര്‍ച്ചയായി രാജ്ഗഢ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലും 2004ല്‍ ബി ജെ പി ടിക്കറ്റിലും വിജയിച്ചയാളാണ് ലക്ഷ്മണ്‍ സിംഗ്. ബി ജെ പി ദേശീയ അധ്യക്ഷനായിരുന്ന നിതിന്‍ ഗാഡ്കരിയെ ശക്തമായി വിമര്‍ശിച്ചു കൊണ്ടാണ് ലക്ഷ്മണ്‍ സിംഗ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നത്. സന്ദര്‍ശക വിസയില്‍ വരുന്ന എം പിയെയാണോ നിങ്ങള്‍ക്ക് വേണ്ടതെന്നാണ് ലക്ഷ്മണ്‍ സിംഗ് വോട്ടര്‍മാരോട് ചോദിക്കുന്നത്.
കഴിഞ്ഞ തവണ സുഷമക്കെതിരെ പത്രിക നല്‍കിയ രാജ്കുമാര്‍ പട്ടേലിന്റെ പത്രിക തള്ളിയതാണ് സുഷമക്ക് ഇത്രയധികം ഭൂരിപക്ഷം ലഭിക്കാനുള്ള പ്രധാന കാരണം. പത്രിക തള്ളിയതിനു പിന്നാലെ രാജ്കുമാര്‍ പട്ടേലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇത്തവണ സ്വതന്ത്രനായി പത്രിക നല്‍കി രാജ്കുമാര്‍ കോണ്‍ഗ്രസിന് ഭീഷണി ഉയര്‍ത്തിയതോടെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്താണ് പ്രശ്‌നം പരിഹരിച്ചത്.
ഭോജ്പൂര്‍, സാന്‍ചി, സില്‍വാനി, വിദിഷ, ബസോദ, ബുധ്‌നി, ഇച്ചാവാര്‍, ഖറ്റേഗാവ് എന്നീ എട്ട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് വിദിഷ ലോക്‌സഭാ മണ്ഡലം. ഇതില്‍ ആറെണ്ണവും ബി ജെ പിയുടെ കൈവശമാണ്. 2013ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. 12.5 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ പതിനേഴ് ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ടര്‍മാരും വിധി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബി ജെ പി ഉയര്‍ത്തുന്നില്ലെങ്കിലും മോദിയുടെ പേര് കോണ്‍ഗ്രസ് എല്ലായിടത്തും ശക്തമായി എടുത്തിടുന്നുണ്ട്. ഇതോടെ കഴിഞ്ഞ തവണ ചൗഹാന്റെ പേരില്‍ ബി ജെ പിക്ക് അനുകൂലമായ മുസ്‌ലിം വോട്ടുകള്‍ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.