Ongoing News
കീര്‍ത്തി ലക്ഷ്യമിട്ട് കാര്‍ത്തി
ശിവഗംഗയില്‍ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിനിറങ്ങുമ്പോള്‍ കോണ്‍ഗ്രസിലെ അതികായന്‍ പളനിയപ്പന്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി പി ചിദംബരം തനിച്ചാണ്. ആദ്യ തവണ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതിന്റെയും ദ്രാവിഡ പാര്‍ട്ടികളുടെ പിന്തുണയില്ലാത്തതിന്റെയും വിഷമങ്ങളൊന്നും കാര്‍ത്തിക്കില്ല. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ ശിവഗംഗയില്‍ നിന്ന് പിതാവിന്റെ വഴിയേ പാര്‍ലിമെന്റ് കയറാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കാര്‍ത്തി. ബഹുകോണ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നതെങ്കിലും ടെക്‌സാസിലും കാംബ്രിഡ്ജിലും പഠനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ച കാര്‍ത്തി ശുഭ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിന് മോശം അവസ്ഥയാണെങ്കിലും തന്റെ പിതാവും കേന്ദ്രത്തില്‍ കാബിനറ്റ് മന്ത്രിയുമായ പി ചിദംബരം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നുമാത്രം മതി വിജയിക്കാനെന്നാണ് കാര്‍ത്തിയുടെ അഭിപ്രായം.
ചിദംബരം ഏഴ് തവണ വിജയിച്ച മണ്ഡലമാണ് ശിവഗംഗ. എക്കാലവും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം. 1984 മുതല്‍ 2009 വരെ ഏഴ് തവണ വിജയിച്ച ചിദംബരം 99ല്‍ മാത്രമാണ് പരാജയം അറിഞ്ഞത്. മൂപ്പനാറുടെ തമിഴ് മനിലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായപ്പോള്‍ മാത്രമായിരുന്നു തോല്‍വി. അന്നും ശിവഗംഗയില്‍ വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. 1952 മുതല്‍ മൂന്ന് തവണയൊഴിച്ച് എക്കാലവും കോണ്‍ഗ്രസിനൊപ്പമായിരുന്നു ശിവഗംഗ. 67ലും 71ലും ഡി എം കെയെ തുണച്ച മണ്ഡലം 77ല്‍ എ ഐ എ ഡി എം കെക്കും വിജയം സമ്മാനിച്ചിട്ടുണ്ട്.
മണ്ഡലത്തില്‍ നിന്ന് ഒരു പ്രാവശ്യം മാത്രം പാര്‍ലിമെന്റിലെത്തിയ എ ഐ എ ഡി എം കെ ഇത്തവണ ശക്തമായ മത്സരത്തിനാണ് തയ്യാറെടുക്കുന്നത്. എ ഐ എ ഡി എം കെ സ്ഥാനാര്‍ഥിയായ പി ആര്‍ സെന്തില്‍നാഥന്‍ പുതുമുഖമാണെങ്കിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ശിവഗംഗ മണ്ഡലത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും വിജയിച്ചത് എ ഐ എ ഡി എം കെ പ്രതിനിധികളാണെന്നതാണ് ഇതിനൊരു കാരണം. തിരുപ്പത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഡി എം കെയും ശിവഗംഗയില്‍ സി പി ഐയുമാണ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായിരുന്ന ഡി എം കെ ഇത്തവണ തനിച്ചാണ്. എസ് പി ദുരൈരാജാണ് ഡി എം കെ സ്ഥാനാര്‍ഥി. ജയലളിതയുടെ എ ഐ എ ഡി എം കെയുമായി സഖ്യത്തിന് ശ്രമിച്ച സി പി ഐയും ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. അഭിഭാഷകനായ എസ് കൃഷ്ണനാണ് സി പി ഐ സ്ഥാനാര്‍ഥി. 99ലെ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ എച്ച് രാജയാണ് ബി ജെ പി സ്ഥാനാര്‍ഥി. ക്യാപ്റ്റന്‍ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി എം ഡി കെ ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഖ്യമായാണ് ബി ജെ പി മത്സരിക്കുന്നത്.
തിരുമയം, തിരുപ്പത്തൂര്‍, കാരൈക്കുടി, അലങ്കുടി, മാനാമധുരൈ, ശിവഗംഗ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ശിവഗംഗ ലോക്‌സഭാ മണ്ഡലം. മണ്ഡലത്തിലെ ഭൂരിഭാഗം ആളുകളും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടവരാണ്. കഴിഞ്ഞ രണ്ട് സീസണുകളിലുണ്ടായ വരള്‍ച്ച ജനങ്ങളെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. തൊഴില്‍രഹിതരായ ഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്കായി വ്യവസായസംരംഭങ്ങള്‍ മണ്ഡലത്തില്‍ ആരംഭിക്കണമെന്നാണ് ഇപ്പോഴുള്ള ആവശ്യം.
മണ്ഡലത്തിലെ സിറ്റിംഗ് എം പിയായ ചിദംബരത്തിനെതിരെ കാര്യമായ വിമര്‍ശങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനില്ല. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളാണ് പ്രതിപക്ഷം പ്രചാരണായുധമാക്കുന്നത്. കോണ്‍ഗ്രസ് തകരുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ചിദംബരം മകനെ ഇറക്കിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ പ്രചാരണായാധുമാക്കിയാണ് കോണ്‍ഗ്രസിന്റെ യാത്ര.