Connect with us

Ongoing News

തെക്കന്‍ തമിഴ്‌നാട്ടില്‍ ഡി എം കെ സ്ഥാനാര്‍ഥികള്‍ക്ക് ഭയം അഴഗിരിയെ

Published

|

Last Updated

കോയമ്പത്തൂര്‍: ഇല്ലെന്ന് എത്ര പറയുമ്പോഴും തെക്കന്‍ തമിഴ്‌നാട്ടില്‍ ഡി എം കെക്കാര്‍ പാര്‍ട്ടിക്കു പുറത്തായ മുന്‍ കേന്ദ്ര മന്ത്രി എം കെ അഴഗിരിയെ പേടിക്കുന്നുണ്ട്. അഴഗിരി ഡി എം കെയുടെ പല സ്ഥാനാര്‍ഥികള്‍ക്കെതിരെയും പാലം വലിക്കുമെന്ന കണക്കുകൂട്ടലില്‍ കരുതലോടെയാണ് പാര്‍ട്ടി നേതൃത്വം നീങ്ങുന്നത്. താന്‍ പാര്‍ട്ടിക്കു പുറത്താണെന്നതു മാത്രമല്ല അഴഗിരിയുടെ പ്രശ്‌നം. അഴഗിരിക്കു വ്യക്തിപരമായ താത്പര്യമില്ലാത്ത പലരും ഇളയ സഹോദരന്‍ സ്റ്റാലിന്റെ പിന്‍ബലത്തില്‍ ഡി എം കെയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ട്.
തേനിയിലെയും തിരുനെല്‍വേലിയിലെയും ഡി എം കെ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കണമെന്ന് അഴഗിരി പരസ്യമായി പറഞ്ഞു കഴിഞ്ഞു. പിതാവും ഡി എം കെ അധ്യക്ഷനുമായ എം കരുണാനിധി മധുരയില്‍ വന്നു ഡി എം കെ സ്ഥാനാര്‍ഥികള്‍ക്കു വോട്ട് പിടിക്കുമ്പോള്‍ തിരുനെല്‍വേലിയില്‍ പോയി പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കണമെന്നാണ് അഴഗിരി പറഞ്ഞത്. വിമത നീക്കം പരമാവധി ചെറുക്കാനുള്ള ശ്രമം സംഘടനാ തലത്തില്‍ ഡി എം കെ നടത്തിയിട്ടുണ്ടെങ്കിലും ചില മണ്ഡലങ്ങളില്‍ അഴഗിരിയുടെ ശക്തി പാര്‍ട്ടി കുറച്ചു കാണുന്നില്ല.
ആരും അറിയാത്തയാളെയാണ് തിരുനെല്‍വേലിയില്‍ ഡി എം കെ സ്ഥാനാര്‍ഥിയാക്കിയത്. അയാളെ തോല്‍പ്പിക്കുകയും ഡി എം കെയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളുകയും ചെയ്താല്‍ മാത്രമേ നമ്മളാണ് യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകരെന്നു തെളിയിക്കാന്‍ പറ്റൂവെന്നാണ് തിരുനെല്‍വേലിയില്‍ അഴഗിരി പറഞ്ഞത്. മധുരയിലെ ഡി എം കെ സ്ഥാനാര്‍ഥി വി വേലുസാമിയും അഴഗിരിയില്‍ നിന്ന് ശക്തമായ എതിര്‍പ്പു നേരിടുന്നുണ്ട്. മധുരയില്‍ 2009ല്‍ അഴഗിരിയുടെ ഭൂരിപക്ഷം 1.4 ലക്ഷം വോട്ടുകളാണ്. ഇതില്‍ ഭൂരിഭാഗവും അഴഗിരിക്കു വ്യക്തിപരമായി സ്വാധീനിക്കാന്‍ കഴിയുന്നതും.
മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ താനാഗ്രഹിക്കുന്നില്ലെന്നും ശുദ്ധികലശം നടത്തി ഡി എം കെയിലേക്കു മടങ്ങുകയാണ് ലക്ഷ്യമെന്നും അഴഗിരി പലതവണ പറഞ്ഞു കഴിഞ്ഞു. തിരിച്ചെത്തുമ്പോള്‍ പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കേണ്ടത് അഴഗിരിയുടെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ശക്തി തെളിയിക്കാനായിരിക്കും അഴഗിരിയുടെ ശ്രമം.
മധുരക്കപ്പുറത്ത് തെക്കന്‍ തമിഴ്‌നാട്ടില്‍ അഴഗിരിയുടെ സ്വാധീനം കുറച്ചു കാണരുതെന്നു ഡി എം കെയുടെ മുതിര്‍ന്ന നേതാക്കള്‍ സ്റ്റാലിന് മുന്നറിയിപ്പു നല്‍കുന്നുമുണ്ട്. ചില സ്ഥലങ്ങളില്‍ അഴഗിരി പക്ഷത്തെ പ്രമുഖരെ അടര്‍ത്തിയെടുത്തു കൂടെ നിര്‍ത്താന്‍ സ്റ്റാലിനു കഴിഞ്ഞിട്ടുണ്ട്. എങ്കിലും തെക്കന്‍ തമിഴ്‌നാട്ടിലെ മണ്ഡലങ്ങളില്‍ അഴഗിരിയോടു കൂറു പുലര്‍ത്തുന്നവര്‍ ഇപ്പോഴുമേറെയുണ്ട്. പ്രാദേശിക തലത്തില്‍ ഇവര്‍ വോട്ട് മറിച്ചാല്‍ തെക്കന്‍ തമിഴ്‌നാട്ടിലെ ഡി എം കെയുടെ പ്രകടനത്തെ ഇതു ബാധിക്കുമെന്നുറപ്പ്. തെക്കന്‍ തമിഴ്‌നാട്ടിലെ മധുര, തേനി, വിരുദുനഗര്‍, തെങ്കാശി, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം, ശിവഗംഗ, ഡിണ്ടിഗല്‍ എന്നീ പത്ത് മണ്ഡലങ്ങളില്‍ അഴഗിരിക്കു സ്വാധീനമുണ്ടെന്നാണ് വിലയിരുത്തല്‍.

Latest