Connect with us

Ongoing News

ആര്‍ക്കും പിടികൊടുക്കാതെ തമിഴ് മക്കള്‍

Published

|

Last Updated

വിധിനിര്‍ണയത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഏറ്റവും മൂര്‍ധന്യാവസ്ഥയിലാണ്. വൈകാരികതക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്തുള്ള രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞിരിക്കുന്നു. ഈസി വാക്കോവര്‍ പ്രതീക്ഷിച്ച എ ഐ എ ഡി എം കെക്കും ജയലളിതക്കും നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നു തന്നെയാണ് സൂചന. പതിവ് രീതിയില്‍ ഓരോ തവണയും ഇരു ദ്രാവിഡ കക്ഷികളെയും മാറി മാറി പരീക്ഷിക്കുന്ന തമിഴ് രാഷ്ട്രീയത്തിന് അല്‍പ്പം വ്യത്യാസം വന്നിരിക്കുന്നു. പതിവ് പ്രവണത തുണക്കുമെന്ന പ്രതീക്ഷയില്‍ അല്‍പ്പം കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് സംസ്ഥാനം ഭരിക്കുന്ന എ ഐ എ ഡി എം കെ ജയലളിതയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയത്. മുന്നണി ബന്ധം ഉറപ്പിച്ച ശേഷം വെറും രണ്ട് സീറ്റിന്റെ പേരില്‍ ഇടതുകക്ഷികളെയും വൈകോയുടെ എം ഡി എം കെയെയും പിണക്കാന്‍ ജയലളിതയെ പ്രേരിപ്പിച്ചതും ഈ ആത്മവിശ്വാസം മാത്രമായിരുന്നു. എന്നാല്‍, ഇത് വേണ്ടിയിരുന്നില്ലെന്ന് ജയലളിതക്ക് ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ടെന്നാണ് തമിഴ്‌നാട്ടിലെ പോരാട്ടച്ചൂല്‍ വെളിപ്പെടുന്നത്. സി പി ഐയും സി പി എമ്മും രണ്ട് വീതം സീറ്റുകളും വൈകോ അഞ്ച് സീറ്റുകളുമാണ് ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം നിരാകരിച്ചാണ് ഉണ്ടാക്കിയ സഖ്യം ജയലളിത വേണ്ടെന്ന് വെച്ചത്. എന്നാല്‍, ഇടതുപക്ഷവും വൈകോയും കൂടെയുണ്ടായിരുന്നെങ്കില്‍ ജയലളിതക്ക് തിരഞ്ഞെടുപ്പ് കടമ്പ കടക്കാന്‍ ഇത്രമേല്‍ വിയര്‍ക്കേണ്ടി വരില്ലായിരുന്നുവെന്നിടത്താണ് കാര്യങ്ങളിപ്പോള്‍ ഉള്ളത്. ജയലളിതയുമായി സഖ്യം പിരിഞ്ഞ സി പി എമ്മും സി പി ഐയും ഒമ്പത് വീതം സീറ്റില്‍ മത്സരിക്കുമ്പോള്‍ ബി ജെ പിയുടെ എന്‍ ഡി എ മുന്നണിയിലാണ് വൈകോ.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ഡി എം കെ പതിനെട്ട് സീറ്റ് നേടിയിരുന്നു. കോണ്‍ഗ്രസ് എട്ട് സീറ്റുകളും സ്വന്തമാക്കി. ഒമ്പത് സീറ്റുകള്‍ മാത്രമാണ് അന്ന് എ ഐ എ ഡി എം കെ നേടിയത്. സി പി ഐയും സി പി എമ്മും ഓരോ സീറ്റും സ്വന്തമാക്കിയിരുന്നു.
ആകെയുള്ള 39 സീറ്റുകളിലും എ ഐ എ ഡി എം കെ ഒറ്റക്കാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസും ഇത്തവണ ഒറ്റക്കാണ് ജനവിധിയെ നേരിടുന്നത്. എന്നാല്‍, മുസ്‌ലിം ലീഗ് അടക്കം രണ്ട് മുസ്‌ലിം സംഘടനകളെയും രണ്ട് ദളിത് സംഘടനകളെയും ഉള്‍പ്പെടുത്തി മുന്നണിയായാണ് ഡി എം കെ അങ്കത്തിനിറങ്ങിയിരിക്കുന്നത്. 34 സീറ്റില്‍ മത്സരിക്കുന്ന ഡി എം കെ അഞ്ച് സീറ്റുകളാണ് ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയിരിക്കുന്നത്. വൈകോയുടെ എം ഡി എം കെക്ക് ഒപ്പം വിജയകാന്തിന്റെ ഡി എം ഡി കെയും ഡോ. രാമദാസിന്റെ പി എം കെയും ഉള്‍പ്പെടെ എന്‍ ഡി എ സഖ്യത്തിനാണ് ബി ജെ പി നേതൃത്വം നല്‍കുന്നത്. ഇതിന് പുറമെ കൂടംകുളം സമര നായകന്‍ എസ് പി ഉദയകുമാര്‍ ഉള്‍പ്പെടെ 25 സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും ബി എസ് പിയും മൂന്ന് സീറ്റുകളില്‍ എസ് ഡി പി ഐയും മത്സരരംഗത്തുണ്ട്.
തമിഴ്‌നാട്ടിലെ മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ടും കുടിവെള്ളക്ഷാമവും സര്‍ക്കാറിന്റെ കാര്യക്ഷമതയില്ലായ്മയും മുഖ്യ പ്രചാരണായുധമാക്കിയാണ് എതിര്‍ കക്ഷികളെല്ലാം രംഗത്തുള്ളത്. പവര്‍കട്ടും കുടിവെള്ളക്ഷാമവുമാണ് തമിഴ് ജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് എന്ന സംഘടനയുടെ അടുത്തകാലത്ത് വന്ന സര്‍വേ ഫലം ഉയര്‍ത്തിപ്പിടിച്ചാണ് ജയലളിതക്കെതിരെ പ്രതിയോഗികളുടെ പ്രചാരണം. കഴിഞ്ഞ തവണ ഇതേ പ്രചാരണം ഉപയോഗിച്ചാണ് തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ അധികാരത്തില്‍ തിരിച്ചെത്തിയത്. അധികാരത്തിലെത്തി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നത് ജയലളിതക്ക് തിരിച്ചടിയാകും. എന്നാല്‍, 2 ജി സ്‌പെക്ട്രം അഴിമതി കൊണ്ട് ഈ പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് ജയലളിതയും എ ഐ എ ഡി എം കെയും ശ്രമിക്കുന്നത്. ഇത് എത്രത്തോളം ഫലം ചെയ്യുമെന്ന് കണ്ടറിയേണ്ടിവരും.

കോണ്‍ഗ്രസിനെയും ഡി എം കെയെയും വിമര്‍ശിച്ചു കൊണ്ടാണ് ജയലളിത പ്രചാരണം കൊഴുപ്പിക്കുന്നതെന്നാലും അത് അത്രയങ്ങ് ഏശുന്നില്ലെന്നാണ് ഏറ്റവും പുതിയ വിലയിരുത്തല്‍. ഒരു രൂപക്ക് ഇഡ്ഡലിയും അഞ്ച് രൂപക്ക് സാമ്പാര്‍ സാദവും നല്‍കുന്ന അമ്മ ഹോട്ടല്‍, പത്ത് രൂപക്ക് കുപ്പിവെള്ളം ലഭ്യമാക്കുന്ന അമ്മ കുപ്പിവെള്ളം അടക്കമുള്ള സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയവയാണെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പോലെ അമ്മ തരംഗം ഇത്തവണ തമിഴ്‌നാട്ടില്‍ ദൃശ്യമല്ലെന്നത് ശ്രദ്ധേയമാണ്. ഒപ്പം എ ഐ എ ഡി എം കെയുടെ സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായി അത്ര മികവുള്ളവരല്ലെന്നതും ജയലളിതക്ക് തലവേദനയാകും.

മോദി തരംഗം കാര്യമായി ഏശാത്ത തമിഴ്‌നാട്ടില്‍ പ്രധാനമായും വൈകോ മത്സരിക്കുന്ന വിരുതു നഗറും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പൊന്‍ രാധാകൃഷ്ണന്‍ മത്സരിക്കുന്ന കന്യാകുമാരിയിലും മാത്രമാണ് ബി ജെ പി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. സിറ്റിംഗ് സീറ്റായ കോയമ്പത്തൂര്‍ ഉള്‍പ്പെടെ മൂന്ന് സീറ്റുകളിലാണ് ഇടതു പാര്‍ട്ടികളുടെ പ്രതീക്ഷ. അതേസമയം, പ്രധാന നേതാക്കളെല്ലാം മത്സരരംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയും മുന്നണിയിലല്ലാതെ മത്സരിക്കുകയും ചെയ്യുന്നുവെന്നത് കോണ്‍ഗ്രസിന്റെ സാധ്യതകളെ ഏറെ ബാധിച്ചിട്ടുണ്ട്. കാര്‍ത്തി ചിദംബരം മത്സരിക്കുന്ന ശിവഗംഗയടക്കം മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ നിലപരുങ്ങലിലാണ്.
അഴിഗിരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്ന് പുറത്തായതോടെ ഡി എം കെക്കും തിരഞ്ഞെടുപ്പ് അത്ര സുഖകരമാകില്ലെന്ന് ഉറപ്പാണ്. 2 ജി സ്‌പെക്ട്രം കേസിലെ മുഖ്യപ്രതി എ രാജ മത്സരിക്കുന്ന നീലഗിരിയുള്‍പ്പെടെ മിക്ക സീറ്റുകളിലും അത് ഡി എം കെയെ ബാധിച്ചേക്കുമെന്നുറപ്പായിട്ടുണ്ട്. ഡി എം കെയുടെ അനന്തരവകാശി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടത്തുന്ന മുന്നേറ്റത്തിന് അഴഗിരിയുടെ വെല്ലുവിളികളെ നേരിടാനാകുമോ എന്നറിയാന്‍ മെയ് പതിനാറ് വരെ കാത്തിരിക്കണം. അതേസമയം, പതിവ് പോലെ താരങ്ങളുടെ സാന്നിധ്യം തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Latest