Eranakulam
ക്ഷേത്രക്കുളം വറ്റിച്ചപ്പോള്‍ ലഭിച്ചത് പത്ത് ചാക്ക് നാണയങ്ങള്‍
പറവൂര്‍: ക്ഷേത്രക്കുളം വറ്റിച്ച ക്ഷേത്ര അധികൃതര്‍ അതു കണ്ട് ഞെട്ടി. പമ്പ് ചെയ്യുന്ന വെള്ളത്തോടൊപ്പം ആയിരക്കണക്കിന് നാണയങ്ങള്‍ ഒഴുകിവരുന്നു. പിന്നെ വെള്ളം വറ്റിക്കുന്നത് നിര്‍ത്തി കുളം പരിശോധിച്ചപ്പോള്‍ നാണയങ്ങളുടെ വന്‍ കലവറ. പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ തീര്‍ഥക്കുളം വറ്റിച്ചപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ നാണയത്തുട്ടുക്കള്‍ ലഭിച്ചത്.
ദേവസ്വം അധികാരികളുടെ നേതൃത്വത്തില്‍ കുളം വറ്റിക്കുന്നതിനിടെ ചെളിയില്‍ പുരണ്ട നാണയങ്ങള്‍ കാനയിലേക്ക് ഒഴുകിയെത്തുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് കാനകളുടെ സ്ലാബുകള്‍ നീക്കി നാണയങ്ങള്‍ പുറത്തെടുത്തു. മണ്ണില്‍ പൊതിഞ്ഞ പത്ത് ചാക്ക് നാണയങ്ങളാണ് അധികൃതര്‍ക്ക് ലഭിച്ചത് .ഇവ ദേവസ്വം അസി. കമ്മീഷണര്‍ എസ് കൃഷ്ണകുമാറിന്റെ, ക്ഷേത്രം മാനേജര്‍ ശശികല എന്നിവരുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് ക്ഷേത്രത്തീന്റെ സ്‌ട്രോംങ് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.
രാജഭരണ കാലത്ത് പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം. രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളും 1,5,10,20,25 പൈസയുടെ നാണയങ്ങളും കുളത്തിലുണ്ടായിരുന്നു. കുളത്തിലെ മത്സ്യങ്ങള്‍ ചത്ത് പൊന്തിയതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് നാല് മോട്ടോറുകള്‍ ഉപയോഗിച്ച് കുളം വറ്റിക്കാന്‍ തുടങ്ങിയത്.