Connect with us

Articles

ദേശക്കൂറിന്റെ ആക്രോശങ്ങള്‍

Published

|

Last Updated

സ്വാധീനശേഷിയുള്ള 100 പേരെ കണ്ടെത്താന്‍ ടൈം മാഗസിന്‍ നടത്തുന്ന സര്‍വേയില്‍ നരേന്ദ്ര മോദിക്ക് ലഭിച്ച വോട്ടുകള്‍ സംബന്ധിച്ച വാര്‍ത്തക്ക് താഴെ ഓണ്‍ലൈനില്‍ വന്ന പ്രതികരണങ്ങള്‍ വായിച്ചു നോക്കിയാല്‍ മനസ്സിലാകും ഏത് തരത്തിലാണ് മോദിയനുകൂലികള്‍ ചിന്തിക്കുന്നതെന്ന്. ടൈം സര്‍വേയില്‍ മോദിക്ക് ലഭിച്ചത് കൊട്ടക്കണക്കിന് നിഷേധ വോട്ടുകളാണ്. ഈ വോട്ടുകള്‍ ഒന്നു പോലും “ഇന്ത്യക്കാര്‍” ചെയ്തതല്ലെന്നാണ് കമന്റടിക്കാര്‍ വാദിക്കുന്നത്. ഒരു യഥാര്‍ഥ ഇന്ത്യക്കാരനും മോദിയെ തള്ളിപ്പറയില്ല. ഒന്നുകില്‍ പാക് പൗരന്മാര്‍. അല്ലെങ്കില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പാക് പക്ഷപാതികള്‍. ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ രാഷ്ട്രമാക്കാന്‍ പോകുന്ന മോദിയെ എതിര്‍ക്കണമെങ്കില്‍ അയാള്‍ പാക് പക്ഷപാതിയായിരിക്കണം. മോദിയെ വധിക്കാന്‍ ആളെ വിടുന്നത് പാക്കിസ്ഥാനില്‍ നിന്നല്ലേ? ഈയിടെ അറസ്റ്റ് ചെയ്ത ഭീകരരുടെ ലക്ഷ്യം മോദിയായിരുന്നുവെന്ന് കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാറിന്റെ കീഴിലുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ കണ്ടെത്തിയില്ലേ? അറസ്റ്റിലായവര്‍ അത് സമ്മതിച്ചില്ലേ. ഇങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍. ഇന്ത്യക്കാരനാകണമെങ്കില്‍ മോദിയെ അനുകൂലിച്ചു കൊള്ളണമെന്ന് ചുരുക്കം. ഇത് വിവരമില്ലാത്ത ആവേശക്കൂട്ടം നടത്തുന്ന വെറും അഭിപ്രായപ്രകടനമല്ലെന്ന് ബീഹാറിലെ മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്റെ വാക്കുകളിലൂടെ തെളിഞ്ഞു. മോദിയെ അനുകൂലിക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നാണ് ഗിരിരാജ് പരസ്യമായി പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫലം വരട്ടെ, എല്ലാ മോദിവിരുദ്ധരും പാക്കിസ്ഥാനില്‍ അഭയം തേടേണ്ടി വരുമെന്ന് അദ്ദേഹം വളച്ചുകെട്ടില്ലാതെ ഭീഷണി മുഴക്കുകയും ചെയ്യുന്നു.
സംഘ്പരിവാറിന്റെ എക്കാലത്തേയും ആയുധമാണ് ദേശക്കൂറ്. ഹിന്ദുക്കളല്ലാത്തവര്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല. ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കാന്‍ അവര്‍ക്ക് സാധ്യവുമല്ല. എക്കാലത്തും അവരുടെ വേരുകള്‍ പുറത്താണ്. പുറംതള്ളപ്പെടേണ്ടവര്‍ തന്നെയാണ് അവര്‍. പാക്കിസ്ഥാന്‍ അവര്‍ക്ക് പോകാനുള്ള ഇടമാണ്. ബംഗ്ലാദേശിലേക്കും പോകാം. ഭരണഘടനയുടെ അനുശാസനങ്ങളില്‍ വലിയ അര്‍ഥമില്ല. അവ രാജ്യത്തിന്റെ സ്വാഭാവികമായ ജനിതക സവിശേഷതകള്‍ക്ക് വിരുദ്ധമാണ്. പാശ്ചാത്യ മൂല്യങ്ങളാണ് ഭരണഘടനാ ശില്‍പ്പികളെ നയിച്ചത്. ബഹുസ്വരതയെന്നത് പറയാന്‍ മനോഹരമായ ആശയമാണെങ്കിലും പ്രായോഗികമല്ല. ഇങ്ങനെ പോകുന്നു സംഘ് തത്വശാസ്ത്രം. ഈ തത്വശാസ്ത്രത്തെ പേരിന് പോലും അവര്‍ തള്ളിപ്പറയാറില്ല. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ പക്ഷേ, അത്ര ഉച്ചത്തില്‍ ഈ ഉന്‍മൂലന സിദ്ധാന്തം മുഴങ്ങാറില്ലെന്ന് മാത്രം. രാമജന്‍മ ഭൂമി കത്തി നിന്ന കാലത്ത് പോലും ഇത്ര പരസ്യമായി ആട്ടിയോടിക്കല്‍ നടന്നിട്ടില്ല. പാര്‍ട്ടിയിലെ എതിര്‍ സ്വരങ്ങളെ മുഴുവന്‍ നിശ്ശബ്ദമാക്കി മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായപ്പോള്‍ ഇതിങ്ങനെ തന്നെയാകുമെന്ന് പ്രവചിക്കപ്പെട്ടതാണ്. മോദിസത്തിന്റെ കാതല്‍ ഉന്‍മൂലനവും ഭീതി ഉത്പാദനവുമാണല്ലോ. എങ്കിലും പ്രചാരണത്തിന്റെ ആദ്യ പകുതിയില്‍ സംയമനം പാലിച്ചു. വികസനം പോലുള്ള കേള്‍ക്കാന്‍ ഇമ്പമുള്ള ആശയങ്ങള്‍ തന്നെ അന്തരീക്ഷത്തില്‍ നിറഞ്ഞു. രാജ്‌നാഥും മോദിയും ചില മുസ്‌ലിം നേതാക്കളെയൊക്കെ കണ്ടുവെന്ന് വരുത്തി. കോണ്‍ഗ്രസിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയിലും ഊന്നി. രാമക്ഷേത്ര നിര്‍മാണം പോലും ഉച്ചത്തില്‍ ഉന്നയിച്ചില്ല. പക്ഷേ ആ ഘട്ടം പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുന്നത് പാക്കിസ്ഥാനും ബംഗ്ലാദേശുമാണ്.
വൈകി വന്ന പ്രകടനപത്രികയില്‍ ഏകസിവില്‍ കോഡും രാമക്ഷേത്രവും കാശ്മീരിന്റെ പ്രത്യേക പദവിയും കോമ്പല്ലു കാട്ടിയതിന് പിറകെ അമിത് ഷാ മുസാഫര്‍ നഗറില്‍ വന്നിറങ്ങി. അവിടെ അദ്ദേഹം പ്രസംഗിച്ചത് രാഷ്ട്രീയ പ്രതികാരത്തെ കുറിച്ചായിരുന്നു. വളരെ എളുപ്പത്തില്‍ പ്രസരിപ്പിക്കാവുന്ന ഒന്നാണ് പ്രതികാരം. ആത്മാഭിമാനത്തിന്റെ മൂശയിലാണ് പ്രതികാര ചിന്ത വാര്‍ത്തിരിക്കുന്നത്. വിദ്വേഷമാണ് അതിന്റെ ജീവന്‍. വെള്ളവും ഭക്ഷണവുമില്ലാതെ ജീവിക്കാം, അപമാനിതരായി ജീവിക്കുക അസാധ്യമെന്ന് ഹിന്ദുക്കള്‍ മാത്രമുള്ള യോഗത്തില്‍ അമിത് ഷാ പ്രഖ്യാപിക്കുമ്പോള്‍ തികച്ചും വ്യാജമായ ഒരു അപമാന ബോധം കൂടിനിന്നവരില്‍ പ്രസരിക്കുകയാണ്. കലാപത്തില്‍ ഏറ്റവുമേറെ അപമാനവും നഷ്ടവും സഹിച്ചത് മുസ്‌ലിംകളാണെന്ന താരതമ്യത്തിനൊന്നും ഭ്രാന്തമായ വിദ്വേഷത്തിന് അടിപ്പെട്ടു പോയവര്‍ക്ക് സാധിക്കില്ല. അവര്‍ തങ്ങള്‍ക്ക് സംഭവിച്ച നഷ്ടത്തെ കുറിച്ച് വേവലാതി കൊണ്ടും നിങ്ങള്‍ രണ്ടാം നിര പൗരന്‍മാരായി പോയെന്ന് നേതാവ് അങ്ങേയറ്റം ഗൗരവത്തോടെ പറയുന്നത് അപ്പടി വിശ്വസിച്ചും അക്രമാസക്തമായ അവനവന്‍ ബോധം ആവേശിച്ചും അപരനെ കണ്ടാല്‍ കൊല്ലാന്‍ പാകത്തില്‍ തലച്ചോറിന് തീപ്പിടിച്ചുമാണ് ഈ യോഗം കഴിഞ്ഞ് മടങ്ങിയത്. ഈ തിരഞ്ഞെടുപ്പിന് ഹിന്ദു വോട്ടുകള്‍ സമാഹരിക്കുയെന്ന ഹ്രസ്വ കാല ലക്ഷ്യമല്ല അമിത് ഷാക്ക് ഉള്ളത്. വരാനിരിക്കുന്ന കലാപങ്ങളുടെ അത്യത്പാദന ശേഷിയുള്ള വിത്താണ് അദ്ദേഹം പാകിയത്.
എന്തുകൊണ്ടാണ് രണ്ടാം പകുതിയില്‍ സംഘ്പരിവാര്‍ ഇത്തരം ആയുധങ്ങള്‍ തന്നെ പുറത്തെടുക്കുന്നത്? ഉത്തരം വളരെ ലളിതമാണ്. ഇത്തവണ ആര്‍ എസ് എസിന്റെ സ്വന്തം തന്ത്രങ്ങളാണ് ബി ജെ പി പയറ്റുന്നത്. കോര്‍പറേറ്റുകളുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ ഗുജറാത്ത് മോഡല്‍ ഉയര്‍ത്തിക്കാണിക്കാന്‍ ആദ്യ ഘട്ടത്തില്‍ ആര്‍ എസ് എസ് സമ്മതിച്ചു. എന്നാല്‍ മുരളീ മനോഹര്‍ ജോഷിയെപ്പോലുള്ളവര്‍ തന്നെ ഗുജറാത്ത് മാതൃക വ്യാജ നിര്‍മിതിയാണെന്ന് തുറന്നടിച്ചതോടെ ആ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു. മാത്രമല്ല, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മോദിയെ വികസനനായകനായി ഉയര്‍ത്തിക്കാണിക്കാന്‍ അവിടെയുള്ള നേതാക്കള്‍ സന്നദ്ധരായതുമില്ല. വികസനം പോലുള്ള ഒരു പരിധി വരെയെങ്കിലും ജനകീയമായ വിഷയം ഉയര്‍ത്തുന്നത് സര്‍വവ്യാപിയായി ദാരിദ്ര്യമുള്ള ഒരു രാജ്യത്ത് മധ്യവര്‍ഗത്തേയോ ഉപരിവര്‍ഗത്തെയോ മാത്രമേ സ്വാധീനിക്കൂ. അത് തന്നെ കോണ്‍ഗ്രസിന്റെ ജനപ്രിയ പദ്ധതികള്‍ ഉന്നയിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുകയും ചെയ്യും. ദാരിദ്ര്യം കൊടികുത്തി വാഴുന്ന ഈ രാജ്യത്തെ ഭൂരിപക്ഷ സമൂഹം എന്ന നിലക്ക് ഹിന്ദു ജനസാമാന്യത്തിലാണല്ലോ അതിന്റെ നല്ല പങ്കും നടമാടുക. ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുത്തപ്പെട്ട ദളിതരും ജാതിയില്‍ താഴ്ന്നവരും ഈ വികസന മുദ്രാവാക്യത്തില്‍ ആകൃഷ്ടരാകില്ല. അവര്‍ അമര്‍ഷത്തിലും വേദനയിലും തന്നെയായിരിക്കും.
അതുകൊണ്ട് അവര്‍ പല തുരുത്തുകളിലായി, പല സംഘടനകളിലായി വിശ്വാസമര്‍പ്പിച്ചുകഴിയും. വോട്ടുകള്‍ ചിതറും. ഹിന്ദു വോട്ട് സമാഹരണം അസാധ്യമാകും. പല ദൈവങ്ങള്‍. പല അനുഷ്ഠാനങ്ങള്‍. ജീവിതരീതികള്‍. പ്രശ്‌നങ്ങള്‍. ചത്ത പശുവിനെ തോല് പൊളിച്ച് തുകല്‍ പണി നടത്തുന്നവരെ സവര്‍ണര്‍ കൊന്നൊടുക്കും. തിരഞ്ഞെടുപ്പായതിനാല്‍ ഈ ജാതിസ്പര്‍ധക്ക് അവധിയില്ല. ഓരോ ജാതിക്കും ജാത്യാഭിമാനങ്ങളുണ്ട്. അപകര്‍ഷതകളും. ഇവരെ എങ്ങനെ ഒറ്റവോട്ട് ബ്ലോക്കാക്കും? ഇവിടെയാണ് പാക്കിസ്ഥാന്‍ കടന്നുവരുന്നത്. രാജ്യത്തെ വിഭവങ്ങള്‍ പങ്കുവെക്കുന്നതാണ് പ്രശ്‌നം. അവര്‍ക്ക് സ്വന്തമായി ഇടം കൊടുത്തു കഴിഞ്ഞതാണ്. എന്നിട്ടും അവര്‍ ഇവിടെ അള്ളിപ്പിടിച്ചു നില്‍ക്കുന്നു. നമ്മുടെ ആത്മാഭിമാനം ഉയര്‍ത്താനാണ് മോദി ശ്രമിക്കുന്നത്. അവര്‍ ഒറ്റക്കെട്ടായി നിന്ന് അത് ചെറുക്കുകയാണ്. ഇവിടെ നമ്മള്‍ ഉണരണം. പാക്കിസ്ഥാന്‍വാദികളെ പാഠം പഠിപ്പിക്കണം. ഇതാണ് പ്രസംഗങ്ങളില്‍ സംഘ് നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. പാക്‌വിരുദ്ധ വികാരം ജ്വലിപ്പിക്കാനുള്ള ഏത് അവസരവും സംഘ് ശക്തികള്‍ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. ക്രിക്കറ്റില്‍ അതാണ് കാണാറുള്ളത്. മുംബൈ ആക്രമണം, സരബ്ജിത് സിംഗിന്റെ മരണം, അതിര്‍ത്തിയിലെ തലയറുക്കല്‍ തുടങ്ങിയ ഏത് വിഷയത്തിലും തൊടുക്കുന്നത് പാക്കിസ്ഥാനിലേക്കാണെങ്കിലും അമ്പ് കുതിക്കുന്നത് ഇവിടെയുള്ള മനുഷ്യരിലേക്കാണ്. ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ നല്‍കുന്ന കറന്‍സി തിരിച്ചും മറിച്ചും പരിശോധിച്ച്, ആളെ ആകെയൊന്ന് ചുഴിഞ്ഞുനോക്കി “പാക്കിസ്ഥാനില്‍ നിന്നുള്ള വ്യാജനല്ലല്ലോ” എന്ന് ചോദിക്കുമ്പോഴും ഇതേ കുടില ദൗത്യമാണ് നിര്‍വഹിക്കപ്പെടുന്നത്. ഈ രാക്ഷസവത്കരണത്തിന്റെ ഏറ്റവും വലിയ സൗകര്യം അത് പുതിയതെന്നോ പഴയതെന്നോ വ്യത്യാസമില്ലാതെ ഏത് തലമുറയിലും കാറ്റ് പിടിക്കുമെന്നതാണ്. ബംഗ്ലാദേശിനോട് ചേര്‍ന്നു കിടക്കുന്ന സംസ്ഥാനങ്ങളില്‍ അവിടെ നിന്ന് കുടിയേറുന്നവരെ ലക്ഷ്യമിട്ടാണ് പ്രചാരണം. കേട്ടില്ലേ, ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകളെ ആട്ടിയോടിക്കണമെന്ന് തൊഗാഡിയ പറഞ്ഞിരിക്കുന്നു. ഭീഷണിക്ക് വഴങ്ങാത്തവരെ നിതാന്തമായ നിയമക്കുരുക്കില്‍ പെടുത്താനാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും, ഹെഡ്മാസ്റ്റര്‍ വടിയുമായി വികൃതിക്കിട്ടികളുടെ പിറകേ ഓടുന്നത് പോലെ, ചില നടപടികളുമായി ഈ വിദ്വേഷ പ്രചാരകരുടെ പിറകേയുണ്ട്. ഒരു കാര്യവുമില്ല. ഇവയോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണവും ദുര്‍ബലമാണ്. കോണ്‍ഗ്രസ് വിചാരിച്ചിരിക്കുന്നത് ഈ പ്രസ്താവനാ ആക്രമണങ്ങളില്‍ മുറിവേറ്റ മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും ഒന്നടങ്കം തങ്ങളെ പിന്തുണക്കുമെന്നാണ്. എന്നാല്‍ ചരിത്ര ബോധമുള്ള മനുഷ്യര്‍ അങ്ങനെയൊരു പ്രതികരണത്തിലേക്ക് നീങ്ങിക്കൊള്ളണമെന്നില്ല. ഒരു തരം നിസ്സംഗതയും നിശ്ചയമില്ലായ്മയുമായിരിക്കും അവരെ പിടികൂടുക. ഇത് മുസ്‌ലിം വോട്ട് ബേങ്കിനെ ശിഥിലീകരിക്കും. ഒരു കഷണം കോണ്‍ഗ്രസിനും കൂട്ടാളികള്‍ക്കും കിട്ടും. ഇടതുപാര്‍ട്ടികള്‍ക്കും കിട്ടും ഒരു പങ്ക്. പിന്നെ അസംഖ്യം പ്രാദേശിക പാര്‍ട്ടികള്‍ക്കും. വിശാലമായ ദേശീയ താത്പര്യത്തില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ ഹ്രസ്വവും പ്രാദേശികവുമായ വികാരങ്ങളിലേക്ക് ചുരുങ്ങും. സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത് ഈ ശൈഥില്യം തന്നെയാണ്. ഒരു വശത്ത് വോട്ട് സമാഹരണം. മറുവശത്ത് വോട്ട് ശിഥിലീകരണം.
തിരഞ്ഞെടുപ്പും കോലാഹലങ്ങളും ഒരു തൂക്കുസഭയിലോ കുതിരക്കച്ചവടത്തിലോ മൂക്കൂട്ട് മുന്നണിയിലോ സമാപിക്കും. ഈ പ്രതികാര, പാക്കിസ്ഥാന്‍ ആഹ്വാനങ്ങള്‍ രാജ്യത്തിന്റെ പൗരസമൂഹത്തില്‍ ഏല്‍പ്പിച്ച മുറിവ് ഉണങ്ങാതെ നില്‍ക്കും. ന്യൂനപക്ഷ സമൂഹങ്ങളില്‍ അവ ഉണര്‍ത്തുന്ന അരക്ഷിത ബോധം ആഴത്തിലുള്ളതായിരിക്കും. സി പി എം കൈവിട്ട മുസ്‌ലിം ബംഗാള്‍ നമ്മുടെ മുമ്പിലുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസ് ഭരിച്ച ഗുജറാത്തിലാണ് വംശഹത്യ അരങ്ങേറിയത്. കോണ്‍ഗ്രസിന്റെ വോട്ട് ബേങ്കായ ദളിതരാണ് കലാപത്തിന്റെ ഉപകരണമായതെന്നോര്‍ക്കണം. സവര്‍ണ മൃദു ഹിന്ദുത്വം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസും യഥാര്‍ഥ വര്‍ഗ രാഷ്ട്രീയം പ്രായോഗികമായി അനുവര്‍ത്തിക്കാന്‍ ഇടതുപാര്‍ട്ടികളും തയ്യാറാകുകയെന്നതാണ് പരിഹാരം. ഈ തിരഞ്ഞെടുപ്പ് കാലത്തും ഈ ദിശയിലുള്ള ഒരു നീക്കവും ദൃശ്യമല്ല. പിന്നെങ്ങനെ പ്രതീക്ഷയര്‍പ്പിക്കും?
ഗിരിരാജിന്റെയും തൊഗാഡിയയുടെയും പ്രസ്താവനകളെ നരേന്ദ്ര മോദി തള്ളിപ്പറഞ്ഞിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. തീര്‍ച്ചയായും അത് തൊലിപ്പുറമേയുള്ള നിരാസം മാത്രമാണ്. വരും ദിവസങ്ങളിലും ഇത്തരം പരാമര്‍ശങ്ങള്‍ തുടരുകയും ചെയ്യും. പക്ഷേ, പരസ്യ വിദ്വേഷ പ്രചാരകരെ തള്ളിപ്പറയാന്‍ മോദിയെ പ്രേരിപ്പിച്ച ഘടകം ഏറെ പ്രസക്തമാണ്. തീവ്രഹിന്ദുത്വം മനസ്സിലാവാഹിച്ച മധ്യവര്‍ഗം പോലും നിലവിലുള്ള അന്തരീക്ഷം കലുഷിതമാകുന്നതിനോട് യോജിക്കുന്നില്ല എന്നതാണ് ഒരു കാര്യം. അവരുടെ സാമ്പത്തിക, ബിസിനസ്സ് താത്പര്യങ്ങള്‍ തന്നെയാണ് അതിന് പിന്നില്‍. രണ്ടാമത്തേതാണ് കൂടുതല്‍ ശ്രദ്ധേയം. ഇത്രയൊക്കെ മലിനമായിട്ടും ഇന്ത്യയിലെ സാമൂഹിക ഘടനയില്‍ മതേതര ധാര വലിയ പരുക്കില്ലാതെ നിലനില്‍ക്കുന്നുവെന്നതാണ് അത്. ഈ ധാരയാണ് മോദിയെ സമ്മര്‍ദത്തിലാക്കുന്നതും വിശ്വരൂപം പ്രകടപ്പിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നതും. ഈ പൊതു ജാഗ്രതയെ ശക്തിപ്പെടുത്തുന്നതില്‍ ഇവിടുത്തെ മതേതരത്വം അവകാശപ്പെടുന്ന കക്ഷികള്‍ എന്ത് പങ്ക് വഹിക്കുമെന്നതാണ് ചോദ്യം.

 

Latest