Connect with us

Kozhikode

മോട്ടോര്‍ വാഹന നികുതി ഒന്നിച്ചടക്കണമെന്ന നിബന്ധന വാഹന ഉടമകള്‍ക്ക് ദുരിതമാകുന്നു

Published

|

Last Updated

കൊടുവള്ളി: മോട്ടോര്‍ വാഹന രംഗത്ത് വീണ്ടും ഇരുട്ടടി. ടാക്‌സി, ഓട്ടോറിക്ഷ, ടൂ വീലര്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് വര്‍ഷത്തിലൊരിക്കലും ദൈ്വവാര്‍ഷികമായും അടച്ചുവന്ന വാഹന നികുതിയാണ് സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്.
രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള തുക ഒന്നിച്ചടക്കണമെന്നാണ് ആര്‍ ട്ടി ഒ നിബന്ധന വെച്ചിരിക്കുന്നത്. ഇത് ഈ മാസം ഒന്ന് മുതല്‍ നിലവില്‍ വന്നിരിക്കുകയുമാണ്. പെട്രോള്‍, ഡീസല്‍, സ്‌പെയര്‍ പാര്‍ട്ട്‌സ് എന്നിവയുടെ വില അനിയന്ത്രിതമായി വര്‍ധിക്കുന്നതിനോടൊപ്പം നികുതിയിലുള്ള ഈ വര്‍ധനവ് ടാക്‌സി ജീവനക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.
ടാക്‌സി വാഹനങ്ങള്‍ക്ക് ഇതേവരെ വര്‍ഷത്തില്‍ 1,440 രൂപയായിരുന്നു നികുതി അടച്ചിരുന്നത്. ഇത് ഈ മാസം ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഒന്നിച്ച് 7,000 രൂപ അടക്കണം. ഓട്ടോറിക്ഷകളുടേത് 480 തില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് 2400 രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷം 360 രൂപ അടച്ചിരുന്നത് രണ്ട് വര്‍ഷത്തേക്ക് 900 രൂപയും മോട്ടോര്‍ സൈക്കിളുകളുടെ 860 രൂപ 3,440 രൂപയും ഒന്നിച്ചടക്കണമെന്നാണ് നിബന്ധന. ദിവസം മുഴുവന്‍ വിശ്രമമില്ലാതെ അധ്വാനിച്ച് കിട്ടുന്ന തുച്ചമായ സംഖ്യകൊണ്ട് ജീവിതം തള്ളി നീക്കുന്ന ടാക്‌സി തൊഴിലാളികള്‍ക്ക് നികുതിയിലെ കുത്തനെയുള്ള ഈ വര്‍ധനവ് താങ്ങാവുന്നതിലുമപ്പുറമാണ്.
അതേ സമയം മാര്‍ച്ച് 31 കഴിഞ്ഞ് പത്ത് ശതമാനം ഫൈന്‍ ഉള്‍പ്പടെ അടക്കേണ്ടവര്‍ ഈ വര്‍ധിച്ച തുകയുടെ പത്ത് ശതമാനം നല്‍കണമെന്നാണ് ആര്‍ ടി ഒ പറയുന്നത്. എന്നാല്‍ ഈ മാസം 25 വരെ അടക്കുന്ന വാഹന നികുതിക്ക് പത്ത് ശതമാനം ഫൈന്‍ അടക്കുന്നത് ഒഴിവാക്കിയതായി വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടും ബന്ധപ്പെട്ട ആര്‍ ട്ടി ഓഫീസുകളില്‍ ഈ ഫൈനും ഈടാക്കുന്നതായി വാഹന ഉടമകള്‍ പറയുന്നു.
മോട്ടോര്‍ വാഹന നികുതി അഞ്ച് വര്‍ഷം രണ്ട് വര്‍ഷം എന്നിങ്ങനെ ഒന്നിച്ചടക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം വഴി ആര്‍ ടി ഓഫീസുകളില്‍ തിരക്കൊഴിവാക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ക്ക് വാഹന പരിശോധന കുറക്കാനവസരമൊരുക്കുമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പധികൃതരുടെ വിശദീകരണം.

Latest