Kerala
ഡാമുകളില്‍ ജല നിരപ്പ് കുറഞ്ഞു: മഴ കുറയും; കടുത്ത വരള്‍ച്ചക്ക് സാധ്യത
തിരുവനന്തപുരം: ഇത്തവണത്തെ കാലവര്‍ഷത്തില്‍ 12 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് കാലാവവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. സമുദ്രോപരിതലത്തില്‍ ചൂട് അമിതമായി വര്‍ധിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് മഴ കുറയാന്‍ കാരണം. തെക്കു പടിഞ്ഞാറന്‍ മണ്‍സുണിന് കാരണമാകുന്ന മണ്‍സൂണ്‍ വാതങ്ങളെ നിയന്ത്രിക്കുന്നത് സമുദ്രോപരിതലത്തിലെ താപനിലയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും ഉപരിതല താപനിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് ഐ എം ഡിയുടെ കണ്ടെത്തല്‍. ഇതിനോടൊപ്പം ഹിമാലയത്തിലെ മഞ്ഞുവീഴ്ച, യൂറോപ്പിലെയും മധ്യേഷ്യയിലെയും അന്തരീക്ഷ താപനില, അന്തരീക്ഷ മര്‍ദം എന്നീ ഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ് നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഈ ഘടകങ്ങള്‍ നിരീക്ഷിച്ചു നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മഴകുറയുമെന്ന പ്രവചനം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്ത് ലഭിക്കേണ്ട മഴയുടെ 88 ശതമാനം മാത്രമേ ഇത്തവണ ലഭിക്കാന്‍ സാധ്യതയുള്ളൂ എന്ന് ഐഎം ഡി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതില്‍ അഞ്ച് ശതമാനം വരെ കൂടാനും കുറയാനും സാധ്യതയുണ്ട്. കാലവര്‍ഷത്തില്‍ കുറവുണ്ടാകുന്നത് വരള്‍ച്ചക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പുണ്ട്. സാധാരണ കാലവര്‍ഷക്കാലത്ത് 204 സെന്റീമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടത്. 2012ല്‍ ഇതില്‍ വന്‍ കുറവുണ്ടായെങ്കിലും 2013ല്‍ വീണ്ടും നല്ല മഴ ലഭിച്ചിരുന്നു.
സംസ്ഥാനത്ത് വേനല്‍മഴയില്‍ കുറവുണ്ടാകുമെന്ന് നേരത്തേതന്നെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ 38 സെന്റി മീറ്റര്‍ വേനല്‍ മഴയാണ് കേരളത്തില്‍ ലഭിക്കാറുള്ളത്. കഴിഞ്ഞ മാസം തെക്കന്‍ കേരളത്തില്‍ മഴ ലഭിച്ചിരുന്നുവെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും താരതമ്യേന മഴ കുറവായിരുന്നു. പക്ഷേ സംസ്ഥാനത്തെ ചൂടിനും വൈദ്യുതി പ്രതിസന്ധിക്കും ശമനം നല്‍കാന്‍ ഈ മഴ പര്യാപ്തമായിട്ടില്ല. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പില്‍ വന്‍ കുറവാണുണ്ടായിട്ടുള്ളത്. പ്രധാന അണക്കെട്ടുകളായ ഇടുക്കിയിലും ശബരിഗരിയിലും ജലനിരപ്പില്‍ കുറവുണ്ടായിട്ടുണ്ട്. മഴ കുറഞ്ഞത് സംസ്ഥാനത്ത് ചൂടു വര്‍ധിക്കാനും കാരണമായിട്ടുണ്ട്. സാധാരണ പകല്‍ ചൂടിനേക്കാള്‍ അഞ്ച് ഡിഗ്രി വരെ കൂടുതല്‍ ചൂടാണ് കഴിഞ്ഞ മാസം സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഇതിനകം സംസ്ഥാനത്ത് രേഖപ്പെടുത്തിക്കഴിഞ്ഞു. പാലക്കാടും തൃശൂരുമാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. കോട്ടയത്തും കൊച്ചിയിലും, തിരുവനന്തപുരത്തും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്.