Connect with us

Editorial

അസമിലെ ഭീകരാക്രമണം

Published

|

Last Updated

അസം വീണ്ടും അശാന്തമാകുകയാണ്. കാലങ്ങളായി ജീവിച്ചുവരുന്ന മേഖലകളില്‍ നിന്ന് നിരപരാധികളായ മനുഷ്യര്‍ ആട്ടിയോടിക്കപ്പെടുന്നു. അത്യന്താധുനിക ആയുധങ്ങളുമായി ഇരച്ചെത്തുന്ന അക്രമികള്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ കൊന്നുതള്ളുന്നു. അക്രമം ഭയന്ന് പലായനം ചെയ്യുന്നവരെ പിന്തുടര്‍ന്ന് പിടികൂടുന്നു. സുരക്ഷാ ചുമതലയുള്ളവര്‍ നിസ്സഹായരാണ്. ആത്മവിശ്വാസം പകരാന്‍ സൈന്യത്തിനോ പോലീസിനോ സാധിക്കുന്നില്ല. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലെ കൊക്രജാര്‍, ബക്‌സ ജില്ലകളില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി നടന്ന അക്രമങ്ങളില്‍ 32 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. നദികളില്‍ നിന്നും കാട്ടില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തേക്കാമെന്നാണ് മേഖലയില്‍ സുരക്ഷാ ചുമതലയുള്ളവര്‍ പറയുന്നത്. എത്ര ഭീകരമാണ് ഈ അവസ്ഥ?
മാനസ് ദേശീയ പാര്‍ക്കിന് അടുത്തുള്ള കാഗ്രബാരി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം ഒന്‍പത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അക്രമികളെ ഭയന്ന് ബേകി നദീതീരത്തെ കാട്ടില്‍ അഭയം തേടിയ മൂന്ന് വയസ്സിനും ഏഴ് വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളെ സുരക്ഷാ സൈനികര്‍ രക്ഷപ്പെടുത്തി. അക്രമികള്‍ക്കായി തിരച്ചില്‍ നടത്തിയ സംഘമാണ് പേടിച്ചരണ്ട് കാട്ടില്‍ കഴിയുന്ന കുട്ടികളെ കണ്ടത്. ജനങ്ങള്‍ ചിതറിയോടിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്. സംഘര്‍ഷബാധിത പ്രദേശത്ത് നിന്ന് ആയിരങ്ങള്‍ പലായനം ചെയ്യുകയാണ്. ബക്‌സ ജില്ലയിലെ ആനന്ദ ബസാര്‍ മേഖലയില്‍ വ്യാഴാഴ്ച നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ അനുരഞ്ജനവിരുദ്ധ വിഭാഗം (സംഗ്ബിജിത് വിഭാഗം) തീവ്രവാദികള്‍ ഒരു വീട്ടില്‍ കയറി മൂന്ന് പേരെ വെടിവെച്ചു കൊന്നതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.
ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ ഇടമില്ലെന്ന് ആക്രോശിച്ചാണ് ബോഡോ തീവ്രവാദികള്‍ ഇവിടെ മുസ്‌ലിംകള്‍ക്ക് നേരെ ഭീകരാക്രമണം നടത്തുന്നത്. തികച്ചും വ്യവസ്ഥാപിതമായി, വളരെക്കാലം മുമ്പ് അതിര്‍ത്തി കടന്നെത്തുകയും ഇവിടെ ജീവിതം പടുത്തുയര്‍ത്തുകയും ചെയ്തവരുടെ പിന്‍മുറക്കാരെയാണ് പുറം നാട്ടുകാരെന്നും നുഴഞ്ഞു കയറ്റക്കാരെന്നും മുദ്ര കുത്തുന്നത്. അവര്‍ക്ക് ഇവിടെ വോട്ടവകാശമുണ്ട്. ഈ രാജ്യത്തെ പൗരന്‍മാരാണ് അവര്‍. വംശശുദ്ധീകരണ ഭ്രാന്ത് പിടിച്ചവര്‍ ചാപ്പ കുത്തുന്നതിനനുസരിച്ച് തീരുമാനിക്കപ്പെടുന്നതല്ല പൗരത്വം. ബോഡോകള്‍ക്ക് പ്രത്യേക സംസ്ഥാനത്തിനായി വാദിക്കാം. സ്വയംഭരണത്തിനായി പ്രക്ഷോഭം നടത്താം. പക്ഷേ, അത് പരമ്പരാഗതമായി മേഖലയില്‍ താമസിച്ചു വരുന്ന ന്യൂനപക്ഷങ്ങളെ ആട്ടിയോടിച്ചു കൊണ്ടാകണം എന്നത് എങ്ങനെ അനുവദിച്ചു കൊടുക്കാനാകും? വന്നവര്‍/നിന്നവര്‍ സങ്കല്‍പ്പത്തിന് ഇന്ന് യാതൊരു പ്രസക്തിയുമില്ല. എല്ലാ ജനപഥങ്ങളും രൂപപ്പെട്ടിരിക്കുന്നത് അതിര്‍ത്തികള്‍ കീറിമുറിച്ചുള്ള കുടിയേറ്റങ്ങളിലൂടെയാണ്. ഒരു ജനവിഭാഗത്തെ നിതാന്തമായി മൂന്നാം നിരക്കാരാക്കുന്ന പ്രവണത സമൂഹത്തിന്റെ മൊത്തം സുസ്ഥിതിക്ക് ഭീഷണിയാണെന്നെങ്കിലും സംശുദ്ധതാവാദികള്‍ മനസ്സിലാക്കണം. ഇഷ്ടമില്ലാത്തവരെ മുഴുവന്‍ ആട്ടിയോടിച്ച് ഒറ്റക്കങ്ങ് വാഴാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തികഞ്ഞ മൗഢ്യമായിരിക്കും. അതുകൊണ്ട് നിരുപാധികമായ ഉള്‍ക്കൊള്ളലിന്റെ സൗന്ദര്യമാണ് പുലരേണ്ടത്. അത്തരമൊരു സാഹചര്യത്തില്‍ മാത്രമേ യഥാര്‍ഥ ഇന്ത്യ പിറക്കുകയുള്ളൂ.
2012ല്‍ ഇതേ പ്രദേശത്ത് അരങ്ങേറിയ മുസ്‌ലിംവിരുദ്ധ ആക്രമണങ്ങളില്‍ നൂറിലേറെപ്പേര്‍ മരിച്ചു വീണിരുന്നു. അന്ന് പലായനം ചെയ്തവര്‍ ഇന്നും തിരിച്ചെത്തിയിട്ടില്ല. അഞ്ച് ലക്ഷം മുസ്‌ലിംകളാണ് അന്ന് ഭവനരഹിതരായത്. പുനരധിവാസം ഇന്നും പൂര്‍ത്തിയായിട്ടില്ല. അന്നത്തെ സംഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ ഒരു പക്ഷേ, ഇന്നത്തെ ഭീകരാക്രമണം ഒഴിവാക്കാമായിരുന്നു. ഇത്തവണത്തെ അക്രമ സംഭവങ്ങളും വ്യാപിക്കുന്ന സൂചനയാണ് ഉള്ളത്. ശക്തമായ നടപടികളിലൂടെ അക്രമം പടരുന്നത് തടയണം. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ വിളിച്ച് പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് പാഴ്‌വാക്കാകരുത്. കേന്ദ്ര സേനയെ ഇറക്കിയതു കൊണ്ടായില്ല. ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശം അവര്‍ക്ക് നല്‍കണം. സംസ്ഥാന പോലീസ് സേനയും ഉണരണം. ന്യൂനപക്ഷ സംരക്ഷണത്തിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പുറത്തെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ചിതറിപ്പോയ ഹതഭാഗ്യരായ മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ രാജ്യത്താകെയുള്ള സുമനസ്സുകള്‍ സഹായഹസ്തം നീട്ടണം.
കൊക്രജാര്‍, ബക്‌സ, ചിരാഗ്, ധുബ്രി മേഖലയിലെ ഇത്തവണത്തെ ഭീകരാക്രമണങ്ങള്‍ക്ക് മറ്റൊരു തലം കൂടിയുണ്ട്. അത് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി നടത്തിയ ആഹ്വാനങ്ങളാണ്. മെയ് 16 കഴിഞ്ഞാല്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ മുഴുവന്‍ പേരും രാജ്യം വിടാന്‍ തയ്യാറായിക്കൊള്ളണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്രോശം. ഗിരിരാജ് സിംഗിനെപ്പോലുള്ള ബി ജെ പി നേതാക്കളും പ്രവീണ്‍ തൊഗാഡിയപ്പോലുള്ളവരും ഈ ആട്ടിയോടിക്കല്‍ പ്രഖ്യാപനം ആവര്‍ത്തിച്ചു. അക്രമികള്‍ക്ക് ആവേശം പകരുന്നതായിരുന്നു ഈ ആഹ്വാനങ്ങള്‍. അക്രമത്തിന് വിസില്‍ മുഴക്കിയിട്ട്, തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ബി ജെ പി വിലപിക്കുന്നു. അസമില്‍ ഏപ്രില്‍ 24നാണ് അവസാനഘട്ട വോട്ടെടുപ്പ് നടന്നത്. തീവ്രവാദികള്‍ പിന്തുണച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ചാണ് ആനന്ദ ബസാറിലെ വീട്ടില്‍ കയറി അരുംകൊല നടത്തിയതെന്നോര്‍ക്കണം. മോദിയുടെ ആഹ്വാനമനുസരിച്ച് തന്നെയാണ് അക്രമികള്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തം. നിര്‍ഭയമായി സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാറും നടത്തുന്ന അവകാശവാദം കൂടി പൊളിയുകയാണ് ഇവിടെ. രഹസ്യ സംവിധാനത്തില്‍ തന്റെ ബോധ്യമനുസരിച്ച് വോട്ട് രേഖപ്പെടുത്തിയവര്‍ക്കാണ് മരണം വിധിച്ചതെന്നോര്‍ക്കണം.

Latest