Ongoing News
ഗംഗാ ആരതിയുടെ പേരില്‍ മോദിയുടെത് രാഷ്ട്രീയ മുതലെടുപ്പ്: കെജ്‌രിവാള്‍
വാരാണസി: നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നാടകങ്ങളെ പരിഹസിച്ച് എ എ പി സ്ഥാനാര്‍ഥി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ബി ജെ പി പ്രചാരണ റാലിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതിന്റെ പേരില്‍ മോദി ഗംഗാ ആരതി നടത്താതിരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് ലാക്കാക്കിയാണെന്ന് കെജ്‌രിവാള്‍. ടിറ്ററിലൂടെയാണ് കെജ്‌രിവാള്‍ മോദിക്കെതിരെ രംഗത്തെത്തിയത്.
മത ചടങ്ങുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമില്ല. താന്‍ കഴിഞ്ഞ ദിവസം ഒറ്റക്ക് പോയി ഗംഗാ ആരതി നടത്തി. ആരും തന്നെ തടയുകയുണ്ടായില്ല. ഇന്ന് വീണ്ടും ഭാര്യയോടൊത്ത് ഗംഗയില്‍ ആരതി നടത്തും. ഗംഗ ആരതി നടത്തുന്നതിന് മോദിയെ ആരും തടഞ്ഞിട്ടില്ല. അത്തരം പ്രചാരണം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ബി ജെ പി കടുത്ത പരാജയഭീതിയിലാണ്. കാശിയില്‍ പൊതു വേദിയില്‍ വെച്ച് തന്നോടൊത്ത് തുറന്ന സംവാദത്തിന് മോദി ഒരുക്കമാണോ എന്നും ജനങ്ങളുടെ ഏതു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ മോദി തയ്യാറുണ്ടോയെന്നും കെജ്‌രിവാള്‍ വെല്ലുവിളിച്ചു.