Ongoing News
തിരഞ്ഞെടുപ്പ് ഒപ്പിയെടുക്കാന്‍ വാരാണസിയിലേക്ക് വിദേശ മാധ്യമപ്പട
വാരാണസി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയും എ എ പി കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യ മന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും ഏറ്റുമുട്ടുന്ന വാരാണസി മണ്ഡലം ലോക മാധ്യമശ്രദ്ധയാകര്‍ഷിക്കുന്നു. ഈ മാസം 12 ന് നടക്കുന്ന തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്‍ മാധ്യമപ്പടയാണ് വാരാണസിയില്‍ എത്തിയത്. ടൈം മാഗസിന്റെ 100 അംഗ പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരാണ് ഇവിടെ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. വാരാണസിക്കൊപ്പം വിദേശ മാധ്യമങ്ങള്‍ ശ്രദ്ധചൊലുത്തിയ രണ്ട് മണ്ഡലങ്ങള്‍ അമേഠിയും റായ്ബറേലിയമായിരുന്നു. സോണിയാഗാന്ധിയുടെയും രാഹുലിന്റെയും മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടന്നിരുന്നില്ല. എന്നാല്‍ വാരാണസിയില്‍ കടുത്ത മത്സരമാണെന്ന് ഇതിനകം അഭിപ്രായ സര്‍വേകളില്‍ വ്യക്തമായിക്കഴിഞ്ഞു. രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് വാരാണസിയില്‍ നടക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പല മാധ്യമങ്ങളും അവഗണിച്ചിട്ടുമുണ്ട്. കെജ്‌രിവാളിന്റെ രാഷ്ട്രീയ വളര്‍ച്ച പുതിയ രാഷ്ട്രീയത്തിന് വഴിവെക്കുമെന്ന് നിരീക്ഷിക്കുന്നവരും കൂട്ടത്തിലുണ്ട്. അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വി ഐ പി മണ്ഡലം വാരാണസിയാണ്.
ഇന്ത്യ ഉറ്റുനോക്കുന്ന പോരാട്ടമാണ് വാരാണസിയെലെന്ന് ഇവര്‍ വായനക്കാരെയും പ്രേക്ഷകരെയും അറിയിച്ചുകഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ യുഗത്തിനുള്ള ഏറ്റുമുട്ടലാണ് വാരാണസിയിലേതെന്ന് എ എഫ് പി സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ക്രിസ് ഒട്ടന്‍ പറഞ്ഞു. കെജ്‌രിവാള്‍ ടൈം മാഗസിന്റെ പട്ടികയില്‍ മുന്നിലെത്തിയതും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മോദിക്കെതിരെ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തും വിദേശ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ടൈം മാഗസിന്റെ സൗത്ത് ഈസ്റ്റ് ലേഖിക നിലഞ്ജന ബോമിക് പറയുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ഈ തിരഞ്ഞെടുപ്പ് ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ്. മോദി പ്രധാനമന്ത്രിയായാല്‍ വികസനമുണ്ടാകുമെന്നാണ് മിക്ക വിദേശ മാധ്യമ പ്രവര്‍ത്തകരും നിരീക്ഷിക്കുന്നത്.
പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ബി ജെ പിക്ക് തിരിച്ചടി നേരിട്ടതും എന്നാല്‍ കെജ്‌രിവാളിന് അവസാനഘട്ട പ്രചാരണത്തില്‍ ശോഭിക്കാനാകാത്തതും ഇന്‍ഡിപെന്‍ഡ്‌സ് ഏഷ്യാ ലേഖകന്‍ ആന്‍ഡ്രൂ ബന്‍കോം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശമാധ്യമ പ്രവര്‍ത്തകരാണ് വാരാണസിയിലെത്തുക. 2009 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതാവ് മുരളീ മനോഹര്‍ ജോഷി 17,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.