Connect with us

Ongoing News

വാരാണസിയിലാണ് മത്സരം

Published

|

Last Updated

ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലം ഏതെന്ന് ചോദിച്ചാല്‍ ഏവരും ഒരേ സ്വരത്തില്‍ ഉത്തരം നല്‍കുക വാരാണസി എന്നായിരിക്കും. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി മത്സരിക്കുന്നു എന്നതും എതിര്‍സ്ഥാനാര്‍ഥിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ എത്തുന്നു എന്നതുമാണ് ഈ മണ്ഡലത്തിലേക്ക് രാജ്യശ്രദ്ധ മുഴുവന്‍ എത്തിച്ചത്. വാരാണസിയിലെ റാലികളും തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഏറ്റുമുറ്റലുകളും മറ്റുമായി രംഗം കൊഴുക്കുകയാണ്.
16 ലക്ഷത്തോളമാണ് വാരാണസിയിലെ വോട്ടര്‍മാര്‍. 2009ല്‍ എസ് പി ടിക്കറ്റില്‍ മത്സരിച്ച ഭൂമിഹാര്‍ ജാതിയില്‍പ്പെട്ട അജയ് റായ് ആണ് കോണ്‍ഗ്രസിന് വേണ്ടി മോദിയെ എതിരിടാന്‍ രംഗത്തുള്ളത്. പ്രചാരണത്തിന്റെ ഭാഗമായി വന്‍ റാലി തന്നെ രാഹുലിന്റെ നേതൃത്വത്തില്‍ അരങ്ങേറുകയുണ്ടായി. 2009ല്‍ 1,23,874 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയയാളാണ് അജയ് റോയ്. വാരാണസിയില്‍ നാലര ലക്ഷമാണ് ബ്രാഹ്മണ- ഭൂമിഹാര്‍ വിഭാഗത്തില്‍ പെടുന്നവരുടെ വോട്ടുകള്‍. നിലവില്‍ പിണ്ട്‌രയില്‍ നിന്നുള്ള എം എല്‍ ആയ അജയ്‌റായിക്ക് ജാതിരാഷ്ട്രീയം പ്രധാനമായുള്ള വാരാണസില്‍ മുന്നാക്ക ജാതിക്കാരുടെ വോട്ടുകളില്‍ ഭൂരിഭാഗവും നേടാനാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രംഗത്തുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ ഇവിടം മോദിയും കെജ്‌രിവാളും തമ്മിലുള്ള ഏറ്റുമുട്ടലായി പരിണമിക്കുകയായിരുന്നു.
വാരാണസി തിരഞ്ഞെടുപ്പിനോടടുക്കുന്തോറും ബി ജെ പിക്കും മോദിക്കുമെതിരെയുള്ള പരാതികളും ആരോപണപ്രത്യാരോപണങ്ങളും വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. പല ആരോപണങ്ങളെയും പ്രതിരോധിച്ചു മുന്നോട്ടുപോകേണ്ട ഗതികേടിലാണ് മോദിയിപ്പോള്‍. അടിയൊഴുക്കുകള്‍ ആം ആദ്മിക്ക് അനുകൂലമാകുമെന്നും നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്.
അതിനു പുറമെ, ആം ആദ്മിക്ക് അനുകൂലമായ ഘടകങ്ങള്‍ വര്‍ധിക്കുന്നതായും കാണുന്നു. ജനതാദള്‍ യുനൈറ്റഡും സി പി ഐ എം എല്ലും തുടങ്ങി ചെറിയ പല പാര്‍ട്ടികളും ആം ആദ്മിക്ക് പിന്തുണയുമായി പ്രത്യക്ഷമായിത്തന്നെ വാരാണസിയില്‍ രംഗത്തുണ്ട്. സി പി എമ്മിന് സ്ഥാനാര്‍ഥിയുണ്ടെങ്കിലും അനുയായികളില്‍ പലരുടെയും രഹസ്യമായ പിന്തുണ ആം ആദ്മിക്കുണ്ടത്രെ. അതോടൊപ്പം മോദിക്ക് പ്രതികൂലമായ ഘടകങ്ങള്‍ നിരവധിയുണ്ട്. മോദിയുടെ ഭാര്യയുടെ രംഗപ്രവേശവും അതോടൊപ്പം ഉടലെടുത്ത പ്രശ്‌നങ്ങളും സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ നിലവില്‍ മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. ഇതിനാല്‍തന്നെ സ്ത്രീ വോട്ട് ഇത്തവണ മിക്കതും മാറിമറിയാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വാരാണസിയില്‍ വീട് കയറിയുള്ള പ്രചാരണത്തിന് മുന്‍തൂക്കം നല്‍കിയായിരുന്നു ആം ആദ്മി പാര്‍ട്ടിരംഗത്തിറങ്ങിയത്. മോദിയെ തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യം വെച്ച് ഇടതു പക്ഷ വോട്ടുകളും നിര്‍ണായക ഘട്ടത്തില്‍ കെജ്‌രിവാളിന് അനുകൂലമാക്കി മാറ്റാനുള്ള നീക്കവും മണ്ഡലത്തില്‍ സജീവമായുണ്ടെന്നാണ് സ്വകാര്യം പറച്ചില്‍.
കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണയും ബി ജെ പി യെ പിന്തുണച്ച മണ്ഡലമാണിത്. 2009ല്‍ ബി ജെ പിയിലെ മുരളി മനോഹര്‍ ജോഷി ജയിച്ചുകയറിയ മണ്ഡലമാണ് വാരാണസി. ഭൂരിപക്ഷം 17,211. ബി എസ് പി സ്ഥാനാര്‍ഥി മുക്താര്‍ അന്‍സാരിയെയാണ് അന്ന് ജോഷി പരാജയപ്പെടുത്തിയത്. 6,65,490 വോട്ടുകളില്‍ മുരളി മനോഹര്‍ ജോഷി നേടിയത് 2,03,122 വോട്ടുകളാണ് . മുക്താര്‍ അന്‍സാരി 1,85,911 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ആകെ വോട്ടുകളുടെ 27.94 ശതമാനം വരുമിത്. ഇതില്‍ ഏറെയും മുസ്‌ലിം വോട്ടുകള്‍. ഇത്തവണ മോദിക്ക് മത്സരിക്കാന്‍ ഈ മണ്ഡലം മാറ്റിവെച്ചതില്‍ കടുത്ത അതൃപ്തി അഡ്വാനി, മുരളി മനോഹര്‍ ജോഷി പക്ഷത്തില്‍പ്പെട്ട ആളുകള്‍ക്കുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകള്‍ക്ക് ആക്കം കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് മറ്റു സ്ഥാനാര്‍ഥികളുടെ വിജയത്തിന് അനുകൂല ഘടകമാകും.
മൊത്തം വോട്ടര്‍മാരില്‍ 20 ശതമാനത്തോളം വരും വാരാണസിയിലെ മുസ്‌ലിം പ്രാതിനിധ്യം. പരമ്പരാഗതമായി കൈത്തറിയില്‍ നെയ്ത്തുവേല ചെയ്യുന്ന ഈ മുസ്‌ലിംകള്‍ക്ക്, ഗുജറാത്തില്‍ നടപ്പാക്കിയ വൈദ്യുതി ഉപയോഗിക്കുന്ന പവര്‍ ലൂമുകള്‍ കനത്ത ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പവര്‍ ലൂമില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വില്‍ക്കാമെന്നിരിക്കെ, കൈത്തറികളില്‍ ഉപജീവനം കണ്ടെത്തുന്ന ഇവിടുത്തെ മുസ്‌ലിംകള്‍ ഏറെ പ്രതിസന്ധിയിലാണ്. ഈ നിലപാടും മോദിവിരുദ്ധതക്ക് ആക്കം കൂട്ടും. കൂടാതെ ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കും അനുബന്ധ സംഭവങ്ങളും മുസ്‌ലിം വിഭാഗങ്ങളില്‍ മോദിയോടുള്ള വെറുപ്പിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇടതിനും കാതലായ സ്വാധീനം തന്നെ മണ്ഡലത്തിലുണ്ട്. ഇത്തവണ സി പി എം രംഗത്തിറക്കിയിരിക്കുന്നത് വാരാണസി ജില്ലാ സെക്രട്ടറി ഹീരാലാല്‍ യാദവിനെയാണ്. 1967ല്‍ സി പി എം സ്ഥാനാര്‍ഥി ഈ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചിട്ടുണ്ട്. അന്ന് സി പി എമ്മിന് വേണ്ടി മത്സരരംഗത്തിറങ്ങിയത് സത്യനാരായണ്‍ സിംഗ് ആണ്. 1991, 1996, 1998 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സി പി എം സ്ഥാനാര്‍ഥി വോട്ടില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പൊതുവെ ബനാറസ് സില്‍ക്ക് പോലെ മൃദുലമായിരിക്കില്ല മോദിയുടെ ലക്ഷ്യ പൂര്‍ത്തീകരണം.