National
മമത ലക്ഷ്മണ രേഖ മറികടക്കുന്നുവെന്ന് ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: എല്ലാ ദിവസവും നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങള്‍ തുടരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ലക്ഷ്മണ രേഖ മുറിച്ച് കടക്കുകയാണെന്ന് ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. മമത പറയുന്ന മാറ്റം (പരിവര്‍ത്തന്‍) സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിച്ചുവെന്നത് മാത്രമാണെന്നും ജയ്റ്റ്‌ലി തുറന്നടിച്ചു. അതില്‍ വികസനത്തിന്റെ അംശം പേലുമില്ല. ബൂത്ത് പിടിത്തത്തിനും നിയമവിരുദ്ധ നുഴഞ്ഞ് കയറ്റത്തിനുമുള്ള വഴിയൊരുക്കുന്ന പരിവര്‍ത്തനമാണ് ബംഗാളില്‍ ഉണ്ടായിരിക്കുന്നത്.
34 വര്‍ഷത്തെ ഇടതുഭരണം തൂത്തെറിയുമ്പോള്‍ അവര്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം പരിവര്‍ത്തനമാണെന്നും ജെയ്റ്റ്‌ലി ഓര്‍മിപ്പിച്ചു. ബി ജെ പിയുടെ സമുന്നത നേതാവിനെക്കുറിച്ച് എന്തും പറയാമെന്ന് കരുതരുതെന്നും അദ്ദേഹം ബ്ലോഗില്‍ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസിന് പകരം താനാണ് ഡല്‍ഹിയില്‍ ഭരണത്തിലെങ്കില്‍ ഇതിനകം നരേന്ദ്ര മോദിയെ ജയിലില്‍ അടക്കുമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി പറഞ്ഞത്. ബംഗാളിലെ ബംഗ്ലാദേശികളെ 16ന് ശേഷം ആട്ടിയോടിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ആദ്യം തന്നെ ആട്ടിയോടിക്കട്ടെ എന്നിട്ടാകാമെന്നായിരുന്നു മമതയുടെ മറുപടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി ജെ പിയാകുന്നത് എങ്ങനെയെന്ന് സാമാന്യ ബുദ്ധി വെച്ച് മനസ്സിലാകുന്നില്ല. ബുദ്ധിയുള്ള രാഷ്ട്രീയക്കാരിയാണ് മമത. പക്ഷേ അവരിപ്പോള്‍ ബുദ്ധിശൂന്യമായാണ് പെരുമാറുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കടുത്ത വാക്പ്രയോഗങ്ങള്‍ നിര്‍ത്തി പശ്ചിമ ബംഗാളിലെ ക്രമസമാധാന നില ഭദ്രമാക്കാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും ജെയ്റ്റ്‌ലി ഓര്‍മിപ്പിച്ചു.