Connect with us

Kerala

താത്കാലിക അധ്യാപക നിയമനം പ്രതിസന്ധിയിലേക്ക്

Published

|

Last Updated

വണ്ടൂര്‍: (മലപ്പുറം): സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരുടെ ശൂന്യ വേതനാവധിയില്‍ പ്രവേശിക്കുന്ന അധ്യാപകരുടെ ഒഴിവുകളിലേക്ക് അധ്യാപക ബേങ്കില്‍ നിന്നും നിയമനം നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.
കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ എല്‍ രാജന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഇതോടെ ഇനി ദിവസ വേതനാടിസ്ഥാനത്തിലുള്ള താത്കാലിക അധ്യാപക നിയമനം പ്രതിസന്ധിയിലാകും. പുതിയ അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനം നടത്താന്‍ തീരുമാനമായത്.
തസ്തിക നിര്‍ണയത്തോടെ ജോലി നഷ്ടമാകുന്ന അധ്യാപകരെയാണ് അധ്യാപക ബേങ്കില്‍ ഉള്‍പ്പെടുത്തുക. ഇവരെയാണ് ഇനി ഇത്തരം ഒഴിവുകളിലേക്ക് നിയമിക്കുക. ഇതോടെ ദിവസ വേതനാടിസ്ഥാനത്തിലുള്ള അധ്യാപക നിയമന സാധ്യതയും അടയും. നിലവില്‍ 45 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലാണ് തസ്തിക നിര്‍ണയിച്ചിട്ടുള്ളത്.
അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആക്കുമ്പോള്‍ ചില സ്‌കൂളുകളില്‍ അധ്യാപക ഒഴിവുകള്‍ വരും. ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളില്‍ പകുതി ടീച്ചേഴ്‌സ് ബേങ്കില്‍ നിന്ന് എടുക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പ്രൊട്ടക്ടഡ് അധ്യാപകരില്ലാത്ത സ്‌കൂളുകളില്‍ ഇത്തരം ഒഴിവുകളില്‍ പകുതിയെണ്ണത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് നിയമനം നടത്താമെന്നതാണ് ഉയര്‍ന്നു വന്ന നിര്‍ദേശവും നിലനില്‍ക്കുകയാണ്.
നിലവില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45 ആണെങ്കിലും രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കാന്‍ 50 കുട്ടികളില്‍ കൂടുതല്‍ വേണം. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി അനുപാതം 1:30 ആക്കുമ്പോള്‍ 36 കുട്ടികള്‍ ഉണ്ടെങ്കിലേ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കുകയുള്ളൂ.
കുട്ടികളുടെ കുറവ് സംഭവിച്ചാല്‍ നിരവധി അധ്യാപകരെ ബേങ്കിലേക്കാണ് മാറ്റുക. ഇതില്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരാണ് കൂടുതലും ഉള്‍പ്പെടുക എന്നാണ് അവകാശ നിയമത്തില്‍ പറയുന്നത്. സംസ്ഥാനത്ത് ഈ രീതി നടപ്പിലാക്കിയാല്‍ നിരവധി എയ്ഡഡ് അധ്യാപകര്‍ക്ക് സംരക്ഷണവുമാകും.
എന്നാല്‍ ഇവര്‍ക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കില്ലെന്നാണറിയുന്നത്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യമെ ഇവര്‍ക്കും ലഭിക്കുകയുള്ളൂ.സംസ്ഥാനത്ത് കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ സംരക്ഷിത അധ്യാപകരുള്ളത്. കണ്ണൂരില്‍ 502 ഉം കോഴിക്കോട് 475 ഉം അധ്യാപകര്‍ സംരക്ഷിത പട്ടികയിലാണ് ഉള്‍പ്പെടുന്നത്.
അതെ സമയം ബി എഡും, ടി ടി സിയും കഴിഞ്ഞ് ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന നൂറുകണക്കിനാളുകള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയുമാകും.

 

---- facebook comment plugin here -----

Latest