Editorial
ഒമ്പത് ഘട്ടവും പിന്നിടുമ്പോള്‍
പതിനാറാം ലോക്‌സഭയിലേക്കുള്ള അവസാന ഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന്. സുദീര്‍ഘമായ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ അവശേഷിക്കുന്നത് ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളുമാണ്. സമസ്ത മേഖലകളിലും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ശേഷിയുള്ളതും രാജ്യത്തിന്റെ അടിസ്ഥാന ജനിതക ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ സുസ്ഥിര സര്‍ക്കാറുണ്ടാകുമോ? അതോ വീണും എണീറ്റും മുടന്തിയും നീങ്ങുന്ന ഏച്ചുകെട്ട് ഭരണമാണോ ഉണ്ടാകുക? കുതിരക്കച്ചവടത്തിനാണോ കളമൊരുങ്ങുക? ഒരു കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഒരു കക്ഷിക്കും അഹങ്കാരത്തിന് ഇടം നല്‍കുന്ന അംഗസംഖ്യ ഉണ്ടാകില്ല. അപ്പോള്‍ പിന്നെ ഇഴയടുപ്പമുള്ളതും ആത്മാര്‍ഥവുമായ സഖ്യമാണ് രാജ്യം തേടുന്നത്.
ഏറ്റവും മലീമസമായ പ്രചാരണമാണ് ഈ തിരഞ്ഞെടുപ്പിന് അരങ്ങേറിയതെന്ന് പറയാതെ വയ്യ. തുടക്കത്തില്‍ അത് വികസനത്തില്‍ ഊന്നിയിരുന്നു. നരേന്ദ്ര മോദിയാണ് ബി ജെ പി ക്യാമ്പിനെ നയിക്കുന്നത് എന്നതിനാല്‍ സംവാദം മുഴുവന്‍ ഗുജറാത്തില്‍ കറങ്ങി. യു പി എ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് നീങ്ങാന്‍ കോണ്‍ഗ്രസും ശ്രമിച്ചു. തീര്‍ച്ചയായും അത് ആശാവഹമായിരുന്നു. മധ്യവര്‍ഗത്തിന്റെയും ഉപരിവര്‍ഗത്തിന്റെയും വികസനമാണ് ചര്‍ച്ചയായതെങ്കിലും ആ സംവാദത്തിന് അര്‍ഥമുണ്ടായിരുന്നു. ജനങ്ങളോട് ചില ഉത്തരവാദിത്വങ്ങള്‍ ഭരിക്കുന്നവര്‍ക്ക് ഉണ്ടെന്നാണല്ലോ വികസന ചര്‍ച്ചകളുടെ അന്തഃസത്ത. ക്ഷേമരാഷ്ട്രത്തിന്റെ കൊടിയടയാളവും ആ സംവാദം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. പക്ഷേ, ആദ്യ ഏതാനും ഘട്ടത്തോടെ “വികസനം” മടുത്തു. ആര്‍ക്കും അതില്‍ താത്പര്യമില്ലാതായി. മാധ്യമങ്ങള്‍ക്കാണ് ആദ്യം ഉദാസീനത പിടിപെട്ടത്. വന്‍കിട മാധ്യമ സ്ഥാപനങ്ങള്‍ മോദിയുടെ പ്രതിച്ഛായാ നിര്‍മിതിയുടെ തിരക്കിലായിരുന്നു. ഗുജറാത്ത് മോഡലിനായുള്ള അപദാനങ്ങള്‍ അവര്‍ക്ക് തന്നെ മടുത്തുതുടങ്ങി. മാത്രമല്ല, ഗുജറാത്തിലേക്ക് ശ്രദ്ധയൂന്നുമ്പോള്‍ വംശഹത്യയിലൂടെ നിശ്ശബ്ദമാക്കപ്പെട്ട ഗുജറാത്തിനെ കൂടി കാണേണ്ടി വരുമല്ലോ. കണ്ണഞ്ചുന്ന വെളിച്ചം പ്രസരിപ്പിച്ച് ആന്ധ്യം സൃഷ്ടിക്കാമെന്ന ചെപ്പടി ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ തന്ത്രങ്ങള്‍ അപ്പടി മാറ്റി.
അങ്ങനെയാണ് പ്രചാരണം വ്യക്തിയിലേക്ക് ചുരുങ്ങിയത്. നെഞ്ചളവിന്റെ രാഷ്ട്രീയമാണ് പിന്നെ കേട്ടത്. റാലികളില്‍ അവിഹിത ബന്ധങ്ങള്‍ നിറഞ്ഞു കവിഞ്ഞു. ടണ്‍ കണക്കിന് അപവാദങ്ങള്‍. നേതാക്കളുടെ വെറും വാക്കുകളില്‍ തൂങ്ങിയുള്ള വാചാടോപങ്ങള്‍. ആ ഘട്ടവും പിന്നിട്ട് നിലവിട്ട വിദ്വേഷ ഉത്പാദനത്തിലേക്ക് പ്രചാരണത്തെ വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്വം ബി ജെ പിക്കാണ്. ആ പാര്‍ട്ടിക്കെന്ന് പറഞ്ഞു കൂടാ. മോദി ക്യാമ്പിനെന്ന് പറയുന്നതാകും ശരി. മുസാഫര്‍നഗറല്‍ അമിത് ഷായുടെ പ്രതികാര പ്രസംഗം. ബീഹാറില്‍ ഗിരിരാജിന്റെ ആട്ടിയോടിക്കല്‍. പശ്ചിമ ബംഗാളില്‍ മോദിയിടെ വക ബംഗ്ലാദേശി ആക്രോശം. തന്നെ പിന്നാക്കക്കാരനാക്കിയേ എന്ന് വിലപിച്ച് പച്ചക്ക് ജാതി കളിക്കാന്‍ വരെ തുനിഞ്ഞു മോദി.
ഈ കോലാഹലങ്ങള്‍ക്കിടയില്‍ മൂന്ന് കാര്യങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നു. ഇത്രയൊക്കെ വഴി വിട്ട് കളിച്ചിട്ടും ജാതിയും മതവും ഇടുങ്ങിയ ദേശീയതയും ന്യൂനപക്ഷവിരുദ്ധതയും വ്യക്തിവിദ്വേഷവും പയറ്റിയിട്ടും ആദ്യഘട്ടത്തില്‍ ബി ജെ പിക്കുണ്ടായിരുന്ന ആത്മവിശ്വാസം നിലനിര്‍ത്താന്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നതാണ് ഒന്നാമത്തെ കാര്യം. അതത്ര നിസ്സാരമല്ല. അഴിമതിയിലും കെടുകാര്യസ്ഥതയിലും നേതൃരാഹിത്യത്തിലും തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസാണ് അപ്പുറത്തെന്നോര്‍ക്കണം. സ്വന്തം സഖ്യകക്ഷികള്‍ വരെ മോദി പ്രഭാവത്തില്‍ കുടുങ്ങി കയ്യാലപ്പുറത്തായിരുന്നു (എന്‍ സി പി ഉദാഹരണം) യു പി എ. മാധ്യമപിന്തുണയോടെ കാടിളക്കിയുള്ള പ്രചാരണത്തിന്റെ ആനുകൂല്യമുണ്ടായിട്ടും ബി ജെ പി വിയര്‍ക്കുകയാണ്. ആരുമായും സഖ്യമാകാമെന്ന നിലയിലേക്ക് അവര്‍ മാറിയിരിക്കുന്നു. കോണ്‍ഗ്രസാകട്ടെ ബന്ധുബലം കൂട്ടാനായി അരയും തലയും മുറുക്കുകയാണ്. സര്‍ക്കാറുണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഒടുവില്‍ യു പി എ ക്യാമ്പില്‍ നിന്ന് കേള്‍ക്കുന്നത്.
മോദി തികച്ചും ഒറ്റപ്പെട്ടുവെന്നതാണ് രണ്ടാമത്തെ കാര്യം. കോണ്‍ഗ്രസ് തൊട്ടുകൂടായ്മാ രാഷ്ട്രീയം പയറ്റുന്നുവെന്ന് വിലപിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. തിരഞ്ഞെടുപ്പിനു ശേഷം എന്‍ ഡി എ സര്‍ക്കാറിനെ മോദി തന്നെ നയിക്കുമെന്ന് ബി ജെ പി പ്രസിഡന്റ് രാജ്‌നാഥ് സിംഗിന് ഇടക്കിടക്ക് പറയേണ്ടി വരുന്നത് മാന്ത്രിക സംഖ്യയില്‍ ഇപ്പോഴത്തെ എന്‍ ഡി എ എത്തിയില്ലെങ്കില്‍ മോദിയെ മാറ്റി നിര്‍ത്തി പരീക്ഷിക്കേണ്ടി വരുമെന്ന് സഖ്യത്തിനകത്തു നിന്ന് തന്നെ ഉയരുന്ന അഭിപ്രായങ്ങളുടെ പ്രതിഫലനമാണ്. ഇതിനിടക്കാണ് മോദി നയിക്കുന്ന എന്‍ ഡി എയെ പിന്തുണക്കില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച് മായാവതിയും മമതയും ടി ആര്‍ എസ് മേധാവി ചന്ദ്രശേഖര റാവുവും രംഗത്തെത്തിയത്. തീര്‍ച്ചയായും അവരുടെ പ്രഖ്യാപനങ്ങള്‍ മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമിട്ടു തന്നെയാണ്. സ്വാര്‍ഥ താത്പര്യങ്ങള്‍ തന്നെയാണ് അവരെ നയിക്കുന്നതും. പക്ഷേ ആ പ്രഖ്യാപനങ്ങള്‍ മോദി ക്യാമ്പില്‍ ഉണ്ടാക്കുന്ന വികാരം ഒറ്റപ്പെടലിന്റെതാണ്. അഥവാ തൊട്ടുകൂടായ്മയുടെതാണ്.
ശക്തമായ ഒരു സര്‍ക്കാറിനായി ചേരാത്തവര്‍ പലരും ചേരുമെന്നതിന്റെ സൂചനയാണ് മൂന്നാമത്തെ കാര്യം. സി പി ഐ നേതാവ് എ ബി ബര്‍ദന്‍ പറയുന്നത് മമതാ ബാനര്‍ജിയെ ബദല്‍ സര്‍ക്കാറില്‍ ഉള്‍പ്പെടുത്തണമെന്നാണ്. ഈ പ്രസ്താവന ഇടത് ക്യാമ്പില്‍ അങ്കലാപ്പുണ്ടാക്കിയെങ്കിലും അനുഭവസമ്പത്തുള്ള ബര്‍ദന്‍ മണ്ണൊരുക്കുകയാണെന്ന് വേണം വിലയിരുത്താന്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലോ കോണ്‍ഗ്രസിന്റെ പങ്കാളിത്തത്തിലോ മതേതര സര്‍ക്കാര്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയാണ് ഇവ ഉയര്‍ത്തുന്നത്. അവസാന നിമിഷം പുറത്തെടുത്ത വിദ്വേഷ തന്ത്രങ്ങള്‍ നരേന്ദ്ര മോദിക്ക് തിരിച്ചടിയായി പരിണമിച്ചുവെന്ന ആശ്വാസവുമുണ്ട്. കണക്കിലെ കളിയില്‍ ജയിച്ചു കയറി മോദി നാട് ഭരിക്കുന്ന ഒരു ഘട്ടമുണ്ടായാല്‍ സംയമനത്തോടെ പ്രവര്‍ത്തിക്കേണ്ടി വരുമെന്ന സന്ദേശമാണ് ഈ തൊട്ടുകൂടായ്മ നല്‍കുന്നത്. രാജ്യത്തിന്റെ പാരമ്പര്യം അങ്ങനെയങ്ങ് പിഴുതെറിയാനാകില്ലല്ലോ.