National
എത്തിയത് സമാധാന സന്ദേശവുമായി: ശരീഫ്
ന്യൂഡല്‍ഹി: 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സമാധാനത്തിനായി നടന്ന ശ്രമങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് നരേന്ദ്ര മോദിയുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ താന്‍ സമാധാനത്തിന്റെ സന്ദേശവുമായാണ് എത്തിയിരിക്കുന്നതെന്നും ശരീഫ് പറഞ്ഞു.
ഇരു രാജ്യത്തെയും സര്‍ക്കാറുകള്‍ക്ക് ശക്തമായ ജനവിധിയുടെ പിന്‍ബലമുണ്ട്. ബന്ധത്തില്‍ പുതിയ അധ്യായം രചിക്കാന്‍ ഇത് സഹായകമായിരിക്കുമെന്നും ലാഹോറില്‍ നിന്ന് ഡല്‍ഹിയിലെത്തിയ നവാസ് ശരീഫ് പറഞ്ഞു. ഇന്ത്യയിലെ വ്യവസായികള്‍ പാക്കിസ്ഥാനില്‍ മുതല്‍ മുടക്കാനായി കൂടുതലായി കടന്നു വരണമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
താന്‍ ഏറെ ബഹുമാനിക്കുന്ന വാജ്‌പേയി ബി ജെ പിയില്‍ നിന്നുള്ള നേതാവായിരുന്നു. 1999ല്‍ തുടങ്ങിവെച്ച ആ ബന്ധത്തില്‍ നിന്ന് തന്നെയാണ് പുതിയ കാലത്തെ ബന്ധം തുന്നിച്ചേര്‍ക്കാനുളള നൂല്‍ കണ്ടെത്തേണ്ടത്. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ശക്തമായ സാംസ്‌കാരിക പാരമ്പര്യം സൂക്ഷിക്കുന്നവരാണ്. സമാധാനപരമായ ബന്ധത്തിന്റെ അടിസ്ഥാനം അതായിരിക്കണം. ദശകങ്ങളായി നിലനില്‍ക്കുന്ന അസ്ഥിരതയെയും സുരക്ഷാ പ്രശ്‌നങ്ങളെയും മറികടക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കും- ശരീഫ് പറഞ്ഞു.
അദ്ദേഹം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും.
1999 ഫെബ്രുവരിയില്‍ വാഗാ അതിര്‍ത്തി കടന്ന് സഞ്ചരിച്ച് വാജ്‌പേയി നടത്തിയ പ്രധാനമന്ത്രിതല ചര്‍ച്ച ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വലിയ ചുവടു വെപ്പായിരുന്നു.