National
നജ്മ ഹിബതുല്ല മന്ത്രിസഭയിലെ മുസ്‌ലിം മുഖം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനി മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ പേരമകള്‍ നജ്മ ഹിബതുല്ലയാണ് നരേന്ദ്ര മോദി മന്ത്രിസഭയിലെ മുസ്‌ലിം മുഖം. മോദി സര്‍ക്കാറിലെ ന്യൂനപക്ഷ കാര്യ മന്ത്രിയായാണ് നജ്മ സത്യപ്രതിജ്ഞ ചോല്ലി അധികാരമേറ്റത്.
ഒരിക്കല്‍ കോണ്‍ഗ്രസിന്റെ നേതാവും രാജ്യസഭാംഗവുമായിരുന്ന നജ്മ 2004ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നത്. വാജ്‌പേയി മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധമാണ് അവരെ ബി ജെ പിയിലെത്തിക്കുന്നത്. ലോക്‌സഭയിലേക്ക് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് നജ്മ. 1986 മുതല്‍ 2012 വരെയുള്ള കാലയളവിലായിരുന്നു ഇത്. 1985 ല്‍ രാജ്യസഭയുടെ ഉപാധ്യക്ഷയുമായി. 1988 മുതല്‍ 2004 വരെയും ഈ പദവി അലങ്കരിച്ചു.
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ചു. 2010 ല്‍ നിതിന്‍ ഗാഡ്കരിയുടെ കീഴില്‍ 13 വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി. ബി ജെ പി ഉപാധ്യക്ഷ പദവി സ്ഥാനമൊഴിഞ്ഞ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി.
74കാരിയായ നജ്മ നിരവധി ജേര്‍ണലുകളും വിദേശ മാഗസിനുകളിലും പ്രബന്ധവും എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് സുവോളജി, ജേര്‍ണല്‍ ഓഫ് അനാട്ടമി എന്നിവയുടെ ഉപദേശക സമിതിയിലും അംഗമാണ്. മോദി മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് നജ്മ.