National
ഭീകരാക്രമണം തടയണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ തടയാന്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യമുന്നയിച്ചത്. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചവിഷയമായി. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച 50 മിനുട്ട് നീണ്ടുനിന്നു. ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു. ചര്‍ച്ചുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെ ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ദാവൂദ് ഇബ്‌റാഹീം, ഹാഫിസ് സഈദ് എന്നിവരെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍നിശ്ചയിച്ച 35 മിനുട്ടില്‍ നിന്നും ചര്‍ച്ച 50 മിനുട്ടോളം നീണ്ടുനിന്നു.
കൂടിക്കാഴ്ചക്ക് മുന്നോടിയായി നവാസ് ശരീഫ് ഡൽഹി ജുമാ മസ്ജിദ് സന്ദർശിച്ചു. 20 മിനുട്ട് നേരം അവിടെ ചെലവഴിച്ച ശരീഫ് ഡൽഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയുമായും കൂടിക്കാഴ്ച നടത്തി. ഇവിടം സന്ദർശിക്കാനായത് തനിക്കുള്ള ആദരവാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ചെങ്കോട്ടയും ശരീഫ് സന്ദര്‍ശിച്ചു.
ശരീഫുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ, മൗറിഷ്യസ് പ്രധാനമന്ത്രി നീവന്‍ രാംഗുലം എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.