National
മറ്റൊരു ഒന്നാം സ്ഥാന പെരുമയുമായി സുഷമ
ന്യൂഡല്‍ഹി: സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായി ചുമതലയേല്‍ക്കുന്നത് മറ്റൊരു ഒന്നാം സ്ഥാന പെരുമയോട് കൂടി. ഇരുപത്തഞ്ചാം വയസ്സില്‍ കാബിനറ്റ് മന്ത്രിയായ, ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായ, രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയായ സുഷമ, രാജ്യത്തിന്റെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയാകുകയാണ്. പ്രവാസികാര്യ വകുപ്പിന്റെ കൂടി ചുമതലയുണ്ട് അവര്‍ക്ക്.
അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ ശബ്ദം ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലാണ് ഒരു വനിത ഈ മന്ത്രാലയത്തിന്റെ തലപ്പത്തെത്തുന്നത്. വിദേശകാര്യ സെക്രട്ടറിയും വനിതയാണ്- സുജാതാ സിംഗ്. പാക്കിസ്ഥാനുമായും ചൈനയുമായുള്ള തമ്മിലുള്ള ബന്ധം തന്നെയായിരിക്കും സുഷമയുടെ പ്രധാന വെല്ലുവിളി.
1977ല്‍ ഹരിയാനയിലെ വിദ്യാഭ്യാസ മന്ത്രിയാകുമ്പോള്‍ അവര്‍ക്ക് വയസ്സ് ഇരുപത്തഞ്ചായിരുന്നു. 1979ല്‍ ബി ജെ പി സംസ്ഥാന അധ്യക്ഷയായി. രാജ്യത്തെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവ് സ്ഥാനത്ത് എത്തുന്ന ആദ്യത്തെ വനിതയായിരുന്നു അവര്‍. നിയമ ബിരുദധാരിണിയായ സുഷമ സുപ്രീം കോടതയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. ഏഴ് തവണ എം പിയായി. മൂന്ന് തവണ നിയമസഭാ അംഗവും. വാജ്‌പേയിയുടെ 13 ദിവസ മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു സുഷമ. ഡല്‍ഹി സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയാകാന്‍ രണ്ടാം വാജ്‌പേയി സര്‍ക്കാറില്‍ നിന്ന് അവര്‍ രാജിവെക്കുകയായിരുന്നു.