Kerala
ചിരിച്ചും ചിണുങ്ങിയും മൂന്നര ലക്ഷം കുരുന്നുകള്‍ അധ്യയനം തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം: ചിരികളികളുടെ അവധിക്കാലത്തിന് വിട. ചിരിച്ചും കളിച്ചും ചിണുങ്ങിയും അക്ഷരങ്ങളുടെ ലോകത്തേക്ക് അരങ്ങേറ്റം. മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നു. മൂന്നര ലക്ഷത്തോളം കുരുന്നുകളാണ് ഇത്തവണ ഒന്നാം ക്ലാസിന്റെ പടികയറിയത്. വിവിധ ആഘോഷപരിപാടികളോടെയും മധുരപലഹാരങ്ങളും ബലൂണുകളും നല്‍കിയും രക്ഷിതാക്കളും അധ്യാപകരും അവരെ പുതിയ ലോകത്തേക്ക് ആനയിച്ചു. ക്ലാസ്‌റൂം കണ്ട് ചിലര്‍ ചിണുങ്ങിയപ്പോള്‍ മറ്റു ചിലര്‍ ആഹ്ലാദാരവങ്ങളോടൊപ്പം പങ്കുചേരുകയായിരുന്നു.
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം തിരൂരങ്ങാടി തൃക്കളം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മന്ത്രി ശ്രീ പി.കെകുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. മന്ത്രി ശ്രീ പി.കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലയില്‍ ഒന്‍പതിനായിരത്തോളം കുട്ടികള്‍ പുതിയതായി സ്‌കൂളിലെത്തി. ജില്ലാതല പ്രവേശനോത്സവം നീര്‍വാരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എന്‍.കെ റഷീദ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം കൊടുങ്ങല്ലൂരില്‍ ശ്രീ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നെന്മാറ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ശ്രീ വി ചെന്താമരാക്ഷന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ശ്രീ പി.കെ ബിജു എം.പി ഉദ്ഘാടനം ചെയ്തു.
അതിനിടെ, മലബാര്‍മേഖലയില്‍ കൂടുതല്‍ പ്ലസ്ടു സീറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ മലപ്പുറത്തെ ഉദ്ഘാടനവേദിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെ യൂത്ത് ലീഗുകാര്‍ രംഗത്തിറങ്ങി. ഇതോടെ ഉന്തും തള്ളുമായി. പരസ്പരമുള്ള അക്രമത്തില്‍ ചിലര്‍ക്ക് നിസ്സാര പരുക്കേല്‍ക്കുകയും ചെയ്തു. പ്രവേശനോത്സവത്തിന്റെ ഘോഷയാത്ര നടക്കുന്നതിനിടെയായിരുന്നു അക്രമ സംഭവങ്ങള്‍.