National
തെലങ്കാന സംസ്ഥാനം നിലവില്‍ വന്നു; ചന്ദ്രശേഖര്‍ റാവു അധികാരമേറ്റു
ഹൈദരാബാദ്: പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇരുപത്തൊമ്പതാമത്തെ സംസ്ഥാനമായി തെലങ്കാന നിലവില്‍ വന്നു. മുഖ്യമന്ത്രിയായി തെലങ്കാന സംസ്ഥാന രൂപവത്കരണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) നേതാവ് കെ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആദ്യം ഗവര്‍ണര്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. പത്തംഗ ക്യാബിനറ്റ് മന്ത്രിമാരും ചുമതലയേറ്റിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാമേറ്റതോടെ തെലങ്കാനയിലെ രാഷ്ട്രപതി ഭരണം അവസാനിച്ചു.
ആഘോഷ പരിപാടികളുടെ ഭാഗമായി എല്ലായിടങ്ങളിലും ടി ആര്‍ എസിന്റെ പിങ്ക് നിറത്തിലുള്ള പാതക ഉയര്‍ന്നു. റോഡുകള്‍ക്ക് ഇരുവശങ്ങളിലും കവലകളിലും പിങ്ക് നിറത്തിലുള്ള തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. തലസ്ഥാനമായ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ പടക്കങ്ങള്‍ പൊട്ടിച്ചു കൊണ്ടാണ് ടി ആര്‍ എസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയത്. മിക്ക സ്ഥലങ്ങളിലും തെലങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനം ഇന്നലെ വൈകീട്ടോടെ ഉയര്‍ന്നു കേട്ടു.
സംസ്ഥാന രൂപവത്കരണത്തിന് മുന്നോടിയായി ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പില്‍ കോര്‍പറേഷന്‍ റോഡുകളുടെ അറ്റകുറ്റപ്പണികളും ചാര്‍മിനാര്‍, ഗോല്‍കോണ്ട കോട്ട തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങളിലെ സൗന്ദര്യവത്കരണ പ്രവൃത്തികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 119 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടിക്കൊണ്ടാണ് ടി ആര്‍ എസ് അധികാരത്തിലെത്തുന്നത്.
തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന്റെ ഔദ്യോഗിക ആഘോഷ പരിപാടികളും ഇന്ന് ആരംഭിക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടക്കുന്ന ആദ്യ ഔദ്യോഗിക പരിപാടിയില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും. ഹൈദരാബാദ് ഉള്‍പ്പെടെ പത്ത് ജില്ലകളാണ് തെലങ്കാനയിലുള്ളത്. പതിമൂന്ന് ജില്ലകളാണ് ആന്ധ്രാപ്രദേശില്‍ ഉണ്ടാകുക. അടുത്ത പത്ത് വര്‍ഷത്തേക്ക് ഹൈദരാബാദിനെ പൊതു തലസ്ഥാനമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന രൂപവത്കരണത്തോടെ നിലവിലുള്ള സെക്രട്ടേറിയറ്റിലെ എ, ബി, സി ഡി ബ്ലോക്കുകള്‍ തെലങ്കാനക്ക് അനുവദിച്ചിട്ടുണ്ട്. എച്ച്, ജെ, കെ എല്‍, എഫ് ബ്ലോക്കുകളാണ് ആന്ധ്രാപ്രദേശിന് ലഭിച്ചത്. തെലങ്കാനക്കായി പുതിയ നിയമസഭാ മന്ദിരം അനുവദിക്കും. നിലവിലുള്ളത് ആന്ധ്രാപ്രേദേശിന്റെതാകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് തെലങ്കാന രൂപവത്കരണ ബില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെച്ചതോടെയാണ് സംസ്ഥാന രൂപവത്കരണത്തിനുള്ള നടപടികള്‍ തുടങ്ങിയത്.