National
ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണനയിലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന് വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കര്‍ഷകരുടെ ആശങ്ക പരിഹരിച്ചും സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയും മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഭേദഗതി നിര്‍ദേശിച്ചു കൊണ്ട് സംസ്ഥാനം തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണനയിലുണ്ട്. ഇവ ഒന്നിച്ചു പരിഗണിക്കും. ഏത് റിപ്പോര്‍ട്ടാണ് നല്ലതെന്നു പഠിച്ചു തീരുമാനമെടുക്കും. പരിസ്ഥിതി സംരക്ഷണം കേന്ദ്രത്തിന്റെ പ്രധാന പരിഗണനയാണ്. അതുപോലൈ തന്നെ ജനങ്ങളുടെ സംരക്ഷണവും. മാധവ് ഗാഡ്ഗില്‍ , കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് നാലിന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി നാല് സംസ്ഥാനങ്ങളുമായി വീണ്ടും വിശദമായി ചര്‍ച്ച നടത്തേണ്ട ആവശ്യമുണ്ടെന്നും അതുകഴിഞ്ഞേ തീരുമാനം എടുക്കുകയുള്ളൂവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കേരളത്തിന്റെ നിലപാടുകള്‍ കേന്ദ്രം പരിഗണിക്കുമെന്നും ഏകപക്ഷീയമായ അന്തിമ തീരുമാനമെടുക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി അറിയിച്ചു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നാണ് കേരളത്തിന്റെ നിലപാടെന്ന് പ്രധാനമന്ത്രിയെയും വനം, പരിസ്ഥിതി മന്ത്രിയെയും മുഖ്യമന്ത്രി അറിയിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും റിമോട്ട് സെന്‍സിംഗ് നടത്തി തയ്യാറാക്കിയതാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതില്‍ തന്നെ കേരളം ഭേദഗതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനത്തില്‍ തന്നെ കേരളത്തിന്റെ ആശങ്ക പരിഗണിച്ചിരുന്നു. യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് കേരളം തയ്യാറാക്കിയത്. ഇതനുസരിച്ചാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഭേദഗതി നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്ന് പറയുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണനയിലുണ്ടെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തിന് തിരിച്ചടിയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത സംസ്ഥാനമാണ് കേരളം.