Gulf
അനാഥാലയ പ്രശ്‌നത്തെ വര്‍ഗീയ വത്കരിക്കാന്‍ ശ്രമം: എം കെ മുനീര്‍
ദുബൈ: അനാഥാലയ പ്രശ്‌നത്തെ വര്‍ഗീയ വത്കരിക്കാന്‍ ശ്രമം നടത്തുകയാണെന്ന് സാമൂഹിക ക്ഷേമ മന്ത്രി എം കെ മുനീര്‍ പറഞ്ഞു. മുക്കം അനാഥശാലയിലേക്ക് കുട്ടികളെ എത്തിച്ചത് മനുഷ്യക്കടത്താണെന്ന് സമ്മതിക്കില്ല. വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കുട്ടികള്‍ മുക്കത്തേക്കെത്തിയത്. വിദ്യാഭ്യാസത്തിന് അതിര്‍വരമ്പില്ല. അതിനെ സാമൂദായികതയുടെയോ സാമ്പത്തിക വിഭാഗീയതയുടെയോ തട്ടുകളായി തിരിക്കേണ്ടതില്ല. വിദ്യാഭ്യാസം പൗരന്റെ അടിസ്ഥാന അവകാശമാണ്. ഞാന്‍ ബംഗളൂരുവില്‍ പഠിച്ചയാളാണ്.
എനിക്ക് മറ്റൊരു സ്ഥലത്ത് പോയി പഠിക്കാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. മനുഷ്യക്കടത്തെന്നത് വേറൊരു സംഭവമാണ്. കേരളത്തില്‍ എഴുന്നൂറോളം പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. അവര്‍ എങ്ങോട്ടുപോയിയെന്ന് അന്വേഷിക്കേണ്ടതാണ്. അതിനെ വേണമെങ്കില്‍ മനുഷ്യക്കടത്ത് എന്ന് പറയാം. അനാഥാലയ വിവാദത്തെ അപകടകരമായ രീതിയിലേക്ക് ചിലര്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. അനാഥ ശാലകള്‍ ചെയ്ത ആയിരം നന്മകളെ ഒറ്റയടിക്ക് ഒരു ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇത് സമൂഹത്തോട് ചെയ്യുന്ന വലിയ അനീധിയാണ്. സംഭവത്തെ ചില ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇതിനെ മനുഷ്യക്കടത്താണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. മനുഷ്യക്കടത്താണോ എന്ന് അന്വേഷിക്കുമെന്ന് പറഞ്ഞപ്പോള്‍ അതിനെ അങ്ങിനെ ചിലര്‍ വ്യാഖ്യാനിച്ചതാണ്. ഡി ഐ ജി ശ്രീജിത്ത് പറഞ്ഞത് തെറ്റാണ്. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥനല്ല. സര്‍ക്കാറല്ല അദ്ദേഹത്തെ അന്വേഷിക്കാന്‍ ചുമതലപ്പെുടുത്തിയത്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ചിലയാളുകള്‍ തെറ്റായി വ്യാഖ്യാനിച്ചതിന്റെ ഫലമാണ്.
മുക്കം അനാഥശാലക്ക് ഒറ്റയടിക്ക് 32 ലക്ഷം രൂപ ഗ്രാന്റ് നല്‍കിയത് ഞാനല്ല. അത് ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്താണ്. സാമൂഹിക ക്ഷേമ വകുപ്പില്‍ ഗ്രാന്റ് നല്‍കുന്നതിന് ലോക്കല്‍ ഓഡിറ്റുണ്ട്. അന്യ സംസ്ഥാന കുട്ടികള്‍ക്ക് ഗ്രാന്റ് നല്‍കാന്‍ കഴിയില്ലെന്ന് സാമൂഹിക ക്ഷേമവകുപ്പിന്റെ നിര്‍ദേശമുണ്ട്. അത് കര്‍ശനമായി പാലിക്കണമെന്ന് അനാഥശാലകളോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ വിവാദത്തെ തുടര്‍ന്ന് സുന്നി വിഭാഗവും മറ്റുള്ളവരുമൊക്കെ എന്നെ വിമര്‍ശിക്കുന്നു. അതിനര്‍ഥം ഞാന്‍ സത്യസന്ധമായി കാര്യങ്ങള്‍ ചെയ്തു എന്നതാണ്. മുനീര്‍ പറഞ്ഞു.