National
പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിപിഐഎം നേതൃത്വം

ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നെന്ന് സിപിഎം.പാര്‍ട്ടിയുടെ രാഷ്ട്രീയ നയവും സംഘടനാസംവിധാനവും പുന:പരിശോധിക്കുമെന്നും കേന്ദ്രകമ്മിറ്റിക്കു ശേഷമിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സംഘടനാശേഷി വര്‍ധിപ്പിക്കാനായില്ലെന്നും പാര്‍ട്ടിയുടെ ജനകീയാടിത്തറ ശക്തിപ്പെടുത്തുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.കേരളത്തില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല.കോഴിക്കോട്,കൊല്ലം,ആലപ്പുഴ സീറ്റുകളില്‍ വിജയം പ്രതീക്ഷിച്ചിരുന്നു.ബംഗാളില്‍ 2009ലെ തിരിച്ചടിയില്‍ നിന്നും കരകയറാനായില്ല.തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാതലത്തില്‍ നേതൃമാറ്റമുണ്ടാവില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
എം എ ബേബി എംഎല്‍എ സ്ഥാനം ഒഴിയുന്ന കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കും.പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിയാന്‍ ആരും താല്‍പര്യമറിയിച്ചിട്ടില്ല.വെല്ലുവിളികള്‍ നേരിടുന്നതില്‍ കേന്ദ്ര കമ്മിറ്റി ഒറ്റക്കെട്ടാണ്.രാജ്യത്ത് വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമമാണ് നടക്കുന്നത്.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആശങ്കാജനകമാണെന്നും പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.