Connect with us

Editorial

ഓപറേഷന്‍ കുബേരയോ കുചേലയോ?

Published

|

Last Updated

ബ്ലേഡ് മാഫിയയെ ഭയന്ന് തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച കുബേര ഓപ്പറേഷന്‍ തുടരുകയാണ്. ബ്ലേഡ് മാഫിയക്കാരെ തുടച്ചുമാറ്റുന്നത് വരെ ഈ സംരംഭത്തില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം. ഓപറേഷന്റെ രണ്ടാം ഘട്ടത്തില്‍ ബ്ലേഡുകാര്‍ക്കെതിരെ കാപ നിയമം ചുമത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. മന്ത്രിയുടെ നിലപാട് ഇക്കാര്യത്തില്‍ ആത്മാര്‍ഥമായിരിക്കാമെങ്കിലും ഓപറേഷന്‍ കുബേര അട്ടിമറിക്കാന്‍ അണിയറയില്‍ ഉദ്യോഗസ്ഥ ലോബി തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റെയിഡ് തുടങ്ങി ഒരു മാസത്തിലേറെയായിട്ടും ഒരൊറ്റ വന്‍കിട ചിട്ടിക്കമ്പനിക്കാര്‍ക്കെതിരെയും നടപടിയുണ്ടാകാത്തതും നാടന്‍ പ്രദേശങ്ങളില്‍ വട്ടിപ്പലിശക്കാര്‍ ഇപ്പോഴും വിലസുന്നതും ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ്.
ബ്ലേഡ് മാഫിയയെ പോലെ ഉപഭോക്താക്കളുടെ കഴുത്തറക്കുന്ന പലിശ നിരക്കാണ് പല വന്‍കിട ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ചെറിയ സംഖ്യകള്‍ പോലും വായ്പയായി ലഭിക്കണമെങ്കില്‍ ആധാരവും അടിയാധാരവും തുകയെഴുതാത്ത ചെക്കുകളും ഒപ്പിട്ട മുദ്രപത്രങ്ങളും ഉള്‍പ്പെടെ രേഖകള്‍ സമര്‍പ്പിക്കണം. തവണ അടവ് അല്‍പ്പമൊന്ന് വൈകിപ്പോയാല്‍ പിഴപ്പലിശയും കൂട്ടുപലിശയുമായി സംഖ്യ കുത്തനെ ഉയരുകയും അവരുടെ പിടിത്തത്തില്‍ നിന്ന് മോചിതാരാകാന്‍ സാധിക്കാതെ സാധാരണക്കാരന്റെ ജീവിതം തകരുകയും ചെയ്യുന്നു. റിസര്‍വ് ബേങ്കിന്റെ മാര്‍ഗരേഖ പാലിക്കാതെയാണ് മിക്ക വന്‍കിട ധനകാര്യ സ്ഥാപനങ്ങളും പലിശ ഈടാക്കുന്നതെന്ന ് പോലീസിനും റിസര്‍വ് ബാങ്കിനും പരാതികള്‍ ലഭിച്ചിട്ടുണ്ട്. വലിയ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിന് പലിശനിരക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ടെങ്കിലും അതെത്രയാണെന്ന് മുന്‍കൂട്ടി വെബ്‌സൈറ്റുകളിലൂടെയും പത്രങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തണമെന്നാണ് വ്യവസ്ഥ. അതാരും പാലിക്കാറില്ല. ഓപറേഷന്‍ കുബേരയുടെ തുടക്കത്തിലുള്ള ആവേശത്തില്‍ ചില ഉദ്യോഗസ്ഥര്‍ ഇത്തരം സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും ക്രമക്കേടുകള്‍ ബോധ്യപ്പെടുുകയും ചെയ്തിരുന്നതാണ്. സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാരില്‍ നല്ലൊരു പങ്കും ബിനാമികളാണെന്നും പോലീസുകാര്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കമുള്ള സമൂഹത്തിലെ ഉന്നതരാണ് ഇവയുടെ ഉടമകളെന്നും കണ്ടെത്തിയിരുന്നു. അവക്കെതിരെയൊന്നും നടപടിയുണ്ടായില്ല. നോണ്‍ ബേങ്കിംഗ് ഫിനാന്‍സ് കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടത് റിസര്‍വ് ബേങ്കാണെന്നാണ് ഇതിന് പറയുന്ന ന്യായമെങ്കിലും ഈ സ്ഥാപനങ്ങള്‍ക്ക് പിന്നിലെ സ്വാധീന ശക്തികളാണ് അതിന് വിഘാതമെന്നതാണ് വസ്തുത.
സര്‍ക്കാര്‍ സ്ഥാപനമായ കെ എസ് എഫ് ഇയും ഒരു ബ്ലേഡ് മാഫിയ കണക്കെയാണ് പ്രവര്‍ത്തിക്കുന്നതന്നതും ഓപറേഷന്‍ കുബേരക്കിടെ അധികൃതര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയോ, കഷ്ടിച്ചു ലാഭം നേടി പിടിച്ചുനില്‍ക്കുകയോ ചെയ്യുമ്പോള്‍ കെ എസ് എഫ് ഇ ഓരോ വര്‍ഷവും കൂടുതല്‍ ലാഭം നേടി തഴച്ചു വളരുന്നത് ഇടപാടുകാരെ പിഴിഞ്ഞെടുത്താണ്. ചിട്ടി ഇടപാടിലും വായ്പകളിലും ബ്ലേഡ് കമ്പനികളുടെതിന് സമാനമായ വ്യവസ്ഥകളും പലിശ നിരക്കുമാണ് ഈ സ്ഥാപനം നിഷ്‌കര്‍ഷിക്കുന്നത്. ഇതുസംബന്ധിച്ചു ആഭ്യന്തരമന്ത്രിക്ക് ലഭിച്ച പരാതിപ്രളയത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് പോലും കെ എസ് എഫ് ഇയെ സര്‍ക്കാര്‍ ബ്‌ളേഡ് കമ്പനിയെന്ന് വിശേഷിപ്പിക്കേണ്ടി വന്നു. എന്നിട്ടും കെ എസ് എഫ് ഇയുടെ കടുത്ത വ്യവസ്ഥകളും പലിശ നിരക്കും ലഘൂകരിക്കാനുള്ള നീക്കം ഇതുവരെ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ഒരു സമാന്തര സമ്പദ്‌വ്യവസ്ഥ കണക്കെ വളര്‍ന്നു പന്തലിച്ചിട്ടുണ്ട് കേരളത്തിലെ വട്ടപ്പലിശക്കാരും അംഗീകാരമില്ലാത്ത ചിട്ടിക്കമ്പനികളും. സംസ്ഥാനത്ത് മാസാന്തം ഇവര്‍ രണ്ടായിരം കോടി രൂപയുടെ പണമിടപാട് നടത്തുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് ആഭ്യന്തര മന്ത്രി വെളിപ്പെടുത്തുകയുണ്ടായി. ആയിരം രൂപക്ക് ദിനംപ്രതി നുറ് രൂപ വരെ പലിശ ഈടാക്കുന്ന ഈ ബ്ലേഡ് മാഫിയയുടെ വലയില്‍ അകപ്പെട്ട് തിരിച്ചു കയറാനാകാത്ത ചുഴിയില്‍ മുങ്ങിപ്പോയ കുടുംബങ്ങള്‍ പതിനായിരക്കണണക്കിന് വരും. ഒരു ഭാഗത്ത് ഓപറേഷന്‍ കുബേര കൊട്ടിഘോഷത്തോടെ മുന്നേറുമ്പോഴും സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകളില്‍ വട്ടിപ്പലിശക്കാര്‍ ഇപ്പോഴും വിലസുന്നുവെന്നത് ഓപറേഷന്‍ കുബേരയുടെ പാളിച്ചകള്‍ക്കപ്പുറം സാധാരണക്കാരന് വായ്പ നല്‍കുന്നതില്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള നിയമക്കുരുക്കുകള്‍ കൊണ്ടുകൂടിയാണ്. ഇത്തരം സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ വായ്പകള്‍ ലഭ്യമാകുന്ന വിധം നടപടിക്രമങ്ങള്‍ ലഘൂകരിക്കേണ്ടതുണ്ട്. ഗ്രാമീണ മേഖലയില്‍ ചില സാമുദായിക സംഘടനകള്‍ നടത്തുന്ന പലിശരഹിത വായ്പാ പദ്ധതികളുടെയും കുടുംബശ്രീയെ പോലുള്ളവയുടെ മൈക്രോ ഫിനാന്‍സ് യൂനിറ്റുകളും വ്യാപകവുമാക്കുന്നത് ബ്ലേഡ് മാഫിയയെ നിയന്ത്രിക്കുന്നതിന് സഹായകരമാകും.

Latest