Kerala
രാജി ആവശ്യത്തില്‍ നിന്ന് പിന്മാറാതെ ബേബി; ഒപ്പിടാതെ സഭയില്‍

തിരുവനന്തപുരം: രാജി ആവശ്യത്തിലുറച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സഭയില്‍ നിന്ന് വിട്ടു നിന്നിരുന്ന സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അഞ്ച് ദിവസത്തെ പ്രതിഷേധത്തിനു ശേഷം നിയമസഭയിലെത്തി. രാജിഭീഷണിയുമായി നിയമസഭാ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ബേബി. ഇന്നലെ ചോദ്യോത്തരവേള പകുതി പിന്നിട്ടപ്പോള്‍ 9.15 ഓടെയാണ് ബേബി സഭയിലേക്കെത്തിയത്. തിരിച്ചെത്തിയ ബേബിയെ കൈയടിയോടെയാണ് ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്. അതേസമയം, എം എല്‍ എമാര്‍ ഒപ്പിടുന്ന രജിസ്റ്ററില്‍ ഒപ്പ് വെക്കാതെയാണ് ബേബി സഭയില്‍ ഇരുന്നത്.
രാവിലെ 8.30ഓടെ സമ്മേളനം ആരംഭിക്കുമ്പോള്‍ ബേബി സഭയിലെത്തിയിരുന്നില്ല. ഇത് വാര്‍ത്തയായിരുന്നു. സി പി എം നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദമുണ്ടായിട്ടും സഭയില്‍ ഹാജരാകാതെ ബേബി വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിക്ക് തലവേദനയായതോടെ കഴിഞ്ഞ ദിവസം സി പി എം കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നു.
സഭയിലെത്തിയെങ്കിലും തന്റെ രാജി തീരുമാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നാണ് ബേബിയുടെ നിലപാട്. പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ തന്റെ പരാതികള്‍ ഉന്നയിച്ച് നിയമസഭാംഗത്വം രാജിവെക്കാന്‍ തന്നെയാണ് ബേബിയുടെ തീരുമാനം. നേരത്തെ തന്റെ വാഹനത്തില്‍ നിന്ന് “എം എല്‍ എ” എന്ന ബോര്‍ഡ് ബേബി നീക്കം ചെയ്തിരുന്നു. തന്റെ ആവശ്യം പാര്‍ട്ടി ചര്‍ച്ച ചെയ്യാനിരിക്കുകയാണെന്ന് വൈകുന്നേരം അദ്ദേഹം പ്രതികരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയിലടക്കം സി പി എം വോട്ടുകള്‍ ചോര്‍ന്നത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസംഗത്തിന്റെ അനന്തരഫലമാണെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നിരുന്നു. നിയമസഭയിലെത്തിയതുകൊണ്ട് താന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് ബേബിയുടെ നിലപാട്. സ്വന്തം നിലക്കാണ് ബേബി സഭയില്‍ എത്തിയതെന്നും അദ്ദേഹത്തിന് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ബേബിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 21, 22 തീയതികളില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലും 23ന് ചേരുന്ന സംസ്ഥാന സമിതിയിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പങ്കെടുക്കും.
സംസ്ഥാന സെക്രട്ടേറിയറ്റിലെ ചര്‍ച്ചയില്‍ ബേബിയുടെ രാജിക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനായില്ലെങ്കില്‍ വിഷയം വീണ്ടും പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. രാജിക്കാര്യം കേരളത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രകാശ് കാരാട്ട് ഇന്നലെയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.