Connect with us

Kerala

മിഥുനം പിറന്നിട്ടും മഴയില്ല; ലോഡ് ഷെഡിംഗ് തുടരും

Published

|

Last Updated

തൊടുപുഴ: മിഥുനം പിറന്നിട്ടും കാലവര്‍ഷം ശക്തമാകാത്തതോടെ അണക്കെട്ടുകളില്‍ ജലനിരപ്പ് കുത്തനെ താഴുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പതിനാറ് ശതമാനമായി കുറഞ്ഞു. ആനയിറങ്ങല്‍ അണക്കെട്ട് ഏതാണ്ട് വറ്റിക്കഴിഞ്ഞു. പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ പത്ത് ശതമാനമായി. ഇടമലയാര്‍ അണക്കെട്ടില്‍ പതിനാല് ശതമാനവും കുണ്ടളയില്‍ പന്ത്രണ്ടും മാട്ടുപ്പെട്ടിയില്‍ 22 ശതമാനവുമാണ് ജലനിരപ്പ്. ശബരിഗിരി ജലവൈദ്യുത പദ്ധതി അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം പല അണക്കെട്ടുകളും കാലിയാകും. ഇത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കും. അറ്റകുറ്റപ്പണികള്‍ക്കായി സംസ്ഥാനത്തെ ആറ് പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ നന്നേ ദുര്‍ബലമായി. 4.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2.583 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുതകുന്ന വെള്ളം ഒഴുകിയെത്തി. 5.48 ദശലക്ഷം യൂനിറ്റാണ് ഇന്നലത്തെ ഇടുക്കിയിലെ ഉത്പാദനം. 2308.88 അടിയാണ് ഇടുക്കി പദ്ധതിയിലെ ഇന്നലത്തെ ജലനിരപ്പ്.

Latest