Connect with us

Ongoing News

റമസാന്‍: അന്നും ഇന്നും

Published

|

Last Updated

ഒരു ശഅ്ബാനിലെ പ്രഥമ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വന്ദ്യവയോധികനായ അഹ്മദ് കുട്ടിക്കയെ കണ്ടുമുട്ടിയത്. നാട്ടുകാരെല്ലാം സ്‌നേഹപൂര്‍വം കുട്ടിക്ക എന്ന് വിളിക്കുന്ന അഹ്മദ് കുട്ടിക്കക്ക് പ്രായം എണ്‍പത് കവിഞ്ഞെങ്കിലും ഓര്‍മകള്‍ക്ക് ഇന്നും യൗവനത്തിന്റെ തുടിപ്പും കൃത്യതയും. ജോലി സ്ഥലത്തെ വിശേഷങ്ങള്‍ താല്‍പര്യപൂര്‍വം ചോദിച്ചറിയുന്നതിനിടെ ലീവും റമളാനും വര്‍ത്തമാനത്തിലേക്ക് കടന്നു വന്നു. പഴയകാലത്തെ നോമ്പിന്റെ ചൈതന്യവും ആത്മീയത മുറ്റിനില്‍ക്കുന്ന ശൈലികളുമെല്ലാം പുതിയ തലമുറക്ക് കൈമോശം വന്നിരിക്കുന്നുവെന്ന് ദുഖ:പൂര്‍വം ഉദാഹരണ സഹിതം വിവരിക്കുമ്പോള്‍ ഏറെക്കുറെ അതെല്ലാം ശരിയാണെന്ന് തോന്നി….

പണ്ടൊക്കെ നോമ്പിന് മുന്നോടിയായി വീടുകളിലൊക്കെ റമസാനെ വരവേല്‍ക്കാനെന്ന വണ്ണം നനച്ച് കുളി എന്നൊരു പരിപാടിയുണ്ടായിരുന്നു. വീട്ടിലെ മുഴുവന്‍ വസ്തുകളും വസ്ത്രങ്ങളുമെല്ലാം സ്ത്രീകള്‍ കഴുകി വൃത്തിയാക്കും. വീട് മണ്ണ് തേച്ച് മോടിപിടിപ്പിക്കും. മാനസികമായും ശാരീരികമായും നോമ്പിനെ എതിരേല്‍ക്കാനുള്ള തയ്യാെറടുപ്പ്. ഭക്ഷ്യ വസ്തുകളെല്ലാം നോമ്പിന് മുമ്പ് തന്നെ ശേഖരിച്ച് വെക്കും. റമസാനായാല്‍ അത്തരം കാര്യങ്ങള്‍ക്കൊന്നും സമയം നഷ്ടപ്പെടുത്തിക്കൂടാ അത് റമസാനിലെ ഇബാദത്തുകളെയും ഖുര്‍ആന്‍ പാരായണത്തെയുമെല്ലാം ബാധിക്കും. ഈ ചിന്തയാണ് അതിനവരെ പ്രേരിപ്പിച്ചിരുന്നത്.

ഇന്ന് അതെല്ലാം ഔട്ട് ഓഫ് ഫാഷന്‍. സാധാരണ ദിനങ്ങളെ പോലെതെന്നെ വിശുദ്ധ റമസാനും…… അടുക്കള സജീവമെല്ലന്ന ചെറിയൊരു മാറ്റം ഒഴിച്ചാല്‍ ജീവിത ശൈലിയിലോ സംസ്‌ക്കാരത്തിലോ വലിയ മാറ്റങ്ങളൊന്നുമില്ല. പഴയപോലെ ചുമരില്‍ മണ്‍ചായം പൂശേണ്ടതില്ല. നനച്ച് കുളിയില്ല. ഭക്ഷ്യ വസ്തുകള്‍ ശേഖരിച്ച് വെക്കേണ്ടതുമില്ല. എപ്പോഴും എവിടെയും ലഭിക്കുന്നതാണല്ലോ ഭക്ഷ്യവസ്തുക്കള്‍. പൊടിക്കാനാെണങ്കില്‍ വീട്ടില്‍ സൗകര്യവുമുണ്ടുതാനും പിന്നെന്തിന് ഈ പെടാപ്പാട്! നമ്മള്‍ വല്ലാതെ പൂരോഗമിച്ചിരിക്കുന്നു.

***
റമസാന്‍ മാസപ്പിറവി കാണുന്നത് മുതല്‍ തുടങ്ങുന്നു പുരോഗമനപരമായ മാറ്റങ്ങള്‍…. പണ്ടൊക്കെ റമസാന്‍ മാസപ്പിറവി കണ്ടത് അറിയിപ്പ് കിട്ടണമെങ്കില്‍ ചുരുങ്ങിയത് പാതിരാ കഴിയണം….. ഫോണും ടി. വി. യും ഒന്നുമില്ലാത്ത കാലം. മാസംകണ്ടാല്‍ തന്നെ അത് ഖാസിയെ അറിയിക്കാന്‍ വൈകും…… പിന്നീട് ഖാസി അനേ്വഷിച്ച് ചെന്ന് ഉറപ്പിക്കുമ്പോഴേക്കും പിന്നെയും വൈകും….. ഉറപ്പിച്ച വിവരം വീടുകളിലെത്തുമ്പോഴേക്ക് പലപ്പോഴും പാതിര കഴിഞ്ഞിരിക്കും. പിറ്റേന്ന് രാവിലെ പത്ത് മണിക്ക് ഇന്ന് റമസാന്‍ ഒന്നാണെന്ന വിവരം ലഭിച്ചിരുന്ന അനുഭവങ്ങള്‍ പോലും പഴമക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. വീട്ടില്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ റമസാനിന്റെ ആഗമനവും പ്രതീക്ഷിച്ച് കാത്തിരിപ്പ് തുടരും. അഥവാ റമസാനാണെങ്കില്‍ തറാവീഹും കഴിഞ്ഞേ അവര്‍ കിടക്കാനൊരുങ്ങൂ. മനസ്സിന്റെ അടിത്തട്ടില്‍ നിന്നുറവയെടുക്കുന്ന അത്തരം ഈമാനിക സ്പന്ദനങ്ങള്‍ വര്‍ത്തമാനകാല സമൂഹത്തിനു പഴങ്കഥ മാത്രം. കാരണം അവര്‍ക്ക് മാസപ്പിറവിയറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കേണ്ടതില്ല….. ലോകത്തിന്റെ ഏത് മുക്ക് മൂലയില്‍ മാസം കണ്ടാലും നൊടിയിടകൊണ്ട് അതറിയാനുള്ള സംവിധാനം ഓരോ വീട്ടിലുമുണ്ട്. അഥവാ അല്‍പ്പം വൈകുമെന്നറിഞ്ഞാലോ…. അത് കാത്തിരിക്കാന്‍ ആര്‍ക്കും സമയമില്ല….. പിന്നീടറിഞ്ഞാലും മതിയല്ലൊ എന്നൊരു ഭാവം… അപ്പോള്‍ അന്നത്തെ തറവീഹ് നഷ്ടപ്പെട്ടാലോ!….. അതിനെന്താ ഇനിയും ഒരു പാട് തറാവീഹുകള്‍ വരാനുണ്ടല്ലോ!…… അതിലിത്ര വ്യാകുലപ്പെടാനെന്തിരിക്കുന്നു.എന്നൊരു നിസംഗതയുടെ ചോദ്യം. പഴമക്കാരില്‍ നിന്ന് മാനസികമായി നാമെത്ര അകന്നിരിക്കുന്നു?
***
റമസാനിന്റെ ഒരുപാട് ചൈതന്യങ്ങളിലൊന്നാണ് തറാവീഹ്…. റമസാന്‍ രാവുകളെ ഇബാദത്ത് കൊണ്ട് ധന്യമാക്കുന്നതിന്റെ പ്രകടവും സംഘടിതവുമായ ആവിഷ്‌കാരം…….. തറാവീഹിനിടയില്‍ തിരുനബി(സ)യുടെ മേല്‍ ഉച്ചത്തില്‍ ചൊല്ലിവരുന്ന സ്വലാത്തുകള്‍.. അത് കഴിഞ്ഞ് ഉസ്താദിന്റെ നസ്വീഹത്ത്…….. ക്ഷീണം മാറ്റാന്‍ വിതരണം ചെയ്യപ്പെടുന്ന ചീരാ കഞ്ഞി…. എല്ലാം ഓര്‍മകളിലേക്ക് കുടിയേറിയിരിക്കുന്നു.
തീരാതിരക്കിന്റെ വക്താക്കളായ ആധുനിക തലമുറക്ക് തറവീഹിന് ശേഷം ഒരുപദേശമൊന്നും കേള്‍ക്കാന്‍ സമയമില്ല. തറാവീഹ് തന്നെ അല്പം സ്പീഡ് കുറഞ്ഞാല്‍ ഉസ്താദിനായി കുറ്റം..പിറ്റേന്ന് തറവീഹിന് ആളുകള്‍ കുറയും.. അതിനേക്കാള്‍ വേഗം തീരുന്ന പള്ളിയെക്കുറിച്ചായി പിന്നീടുള്ള അന്വേഷണം.. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എല്ലാം തീര്‍ക്കുന്നവരാരാണോ അവരാണ് നല്ല ഉസ്താദുമാര്‍. അല്ലാത്തവര്‍ ലോകം തിരിയാത്തവര്‍…. ജീവിതത്തിലെ തിരക്ക് ആരാധനയെയും ബാധിച്ചിരിക്കുന്നു!
***
റമസാനിന്റെ രാവുകളില്‍ നടത്തപ്പെടുന്ന മത പ്രസംഗങ്ങള്‍ ആത്മീയതയുടെ നിത്യചൈതന്യങ്ങളാണ്. റമസാന്‍ 30 ദിവസവും നീണ്ട് നില്‍ക്കുന്ന പഴയ പണ്ഡിതന്മാരുടെ ഉപദേശങ്ങള്‍. വാക്കുകളുടെ ഒഴുക്കിനെക്കാളും വാചാലതയെക്കാളും കാര്യങ്ങള്‍ക്കും ഇഖ്‌ലാസിനും മുന്‍ഗണനയുണ്ടായിരുന്ന കാലം …….. വളുവും കുളിയും നിസ്‌കാരവും നോമ്പും മസ്അലകളുമെല്ലാം ഉള്‍ക്കൊള്ളുന്ന ഉപകാരപ്രദമായ വഅഌ ….. കിലോമീറ്ററുകള്‍ താണ്ടി അത് ശ്രവിക്കാനെത്തുന്ന ശ്രോതാക്കള്‍….. ഇന്ന് അത്തരം വഅഌകള്‍ വളരെ വിരളം. ഉണ്ടെങ്കില്‍ തന്നെ രണ്ടോ മൂന്നോ ദിവസം…. അതും വഅഌ അല്ല… ക്ലാസുകള്‍…… ഖുര്‍ആന്‍ക്ലാസായാല്‍ വളരെ നല്ലത്….. എല്ലാത്തിനും വേണമല്ലോ ഒരു മാറ്റം .. ഒരു ചെയ്ഞ്ച് ആര്‍ക്കാണിഷ്ടമില്ലാത്തത്?
ഖുര്‍ആന്‍ ക്ലാസ് മോശമാണെന്ന് ഒരിക്കലും ഈ പറഞ്ഞതിനര്‍ഥം കല്‍പ്പിക്കരുത്. ഖുര്‍ആന്‍ പഠിക്കലും പഠിപ്പിക്കലും ഏറ്റവും നല്ല ഇബാദത്ത് തന്നെ. പ്രത്യേകിച്ച് റമസാനില്‍. പക്ഷെ പണ്ട് കാലത്ത് പാതിരാ വഅഌകളില്‍ നിന്ന് ലഭിച്ചിരുന്ന ആ ആത്മീയാനുഭൂതി ഇവയില്‍ നിന്ന് നമുക്ക് ലഭിക്കുന്നുണ്ടോ? ഇതാണ് ചിന്തക്ക് വിഷയീഭവിക്കേണ്ടത്. കുറ്റം ഖുര്‍ആനിന്റേതല്ല……. നമ്മുടെ മനസ്സിന്റേതാണെന്നുറപ്പ്. മലപ്പുറം ജില്ലയലെ മഞ്ചേരിയില്‍ നിന്ന് മമ്പുറത്തേക്ക് ചൂട്ടും പിടിച്ച് വഅഌന് നടന്ന് പോയ മുന്‍ഗാമികളുടെ കഥ കേള്‍ക്കുമ്പോള്‍ അവരുടെ വിജ്ഞാന ദാഹത്തിന് മുമ്പില്‍ നാമെത്ര ചെറുതാകണം?
മത പ്രസംഗത്തിനിടയിലെ പ്രധാനപ്പെട്ട ഒരിനമാണ് ലേലം വിളികള്‍. സംഭാവനയായിയെത്തുന്ന വസ്തുകള്‍ സദസ്സില്‍വെച്ച് ലേലം ചെയ്യും. സാധനം വിലകൊടുത്ത് വാങ്ങുകയെന്നതിനേക്കാള്‍ മത പ്രസംഗ പരിപാടിയിലേക്കോ പള്ളിയിലേക്കോ മദ്‌റസകളിലേക്കോ സംഭാവന നല്‍കുക എന്ന ഉദ്ദേശത്തിലായിരിക്കും പൊതുവെ പാവങ്ങളായ ശ്രോതാക്കള്‍ അവ വിളിച്ചെടുക്കുന്നത് പള്ളിയിലേക്കും ഇല്‍മിന്റെ സ്ഥാപനങ്ങളിലേക്കും സദസ്സുകളിലേക്കും സംഭാവനചെയ്യുന്നതിന്റെ മഹത്വങ്ങള്‍ മുന്‍ഗാമികളുടെ ചരിത്രങ്ങള്‍ മേമ്പൊടി ചേര്‍ത്ത് മതപ്രസംഗകനായ പണ്ഡിതന്‍ വിശദീകരിക്കുക കൂടി ചെയ്യുമ്പോള്‍ അവരുടെ വിശ്വാസദാര്‍ഢ്യം വര്‍ധിക്കുന്നു. നല്ല വിലക്ക് സാധനങ്ങള്‍ വിളിച്ചെടുക്കുമ്പോള്‍ അത് വരുമാനം കുറഞ്ഞ മദ്‌റസാ-പള്ളി ക്കമ്മിറ്റികള്‍ക്കും വലിയൊരു മുതല്‍ കൂട്ടാകുന്നു. പലപ്പോഴും ഇത്തരം വഅഌകളുടെയും കഥാപ്രസഗംങ്ങളുടെയും ലക്ഷ്യം തന്നെ അതായിപ്പോകാറുണ്ടോ എന്നതേ സംശയിക്കേണ്ടതുള്ളു. ചുരുക്കത്തില്‍ ഇത്തരം പാതിരാ വഅഌകൊണ്ടുള്ള നേട്ടങ്ങള്‍ പലതാണ.് ജനങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. മദ്‌റസാ, പള്ളി പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് വരുമാനമാകും. സംഭാവനകളര്‍പ്പിക്കുന്നവര്‍ക്ക് റമസാനില്‍ വലിയ പ്രതിഫലം ലഭിക്കുകയും ചെയ്യും.
ഇന്ന് മതപ്രസംഗത്തിന് സദസ്സുകള്‍ തേടിപ്പോകേണ്ടതില്ല. കാരണം പ്രസംഗങ്ങള്‍ ഇങ്ങോട്ട് വന്നുകൊള്ളും. ഏത് വിഷയം വേണമെങ്കിലും വീട്ടിലിരുന്ന് തന്നെ കേള്‍ക്കാം കുറച്ചുകൂടി മെച്ചപ്പെട്ട സൗകര്യമുണ്ടെങ്കില്‍ കാണുകയും ചെയ്യാം . ടൗണിലിറങ്ങിയാല്‍ ഇഷ്ടമുള്ള വിഷയങ്ങളില്‍ കേസറ്റുകളും സി ഡി കളും എത്രയും ഏത് ശൈലിയിലുള്ളതും ആരുടേതും സുലഭം….. പക്ഷേ അവയില്‍ നിന്നുള്ള ഫലം പൊതുവെ കുറവാണെന്ന് മാത്രം! അവിടെയാണല്ലൊ നമുക്ക് പറ്റിയ വീഴ്ചയും.
***
നോമ്പിന്റെ അവസാന വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പതിവുണ്ടായിരുന്ന തൗബ സദസ്സും ഏറെക്കുറെ കുറ്റിയറ്റ് പോയിട്ടുണ്ടെന്ന് തോന്നുന്നു. പള്ളിയിലെ വലിയ ഉസ്താദ് തൗബയുടെ വചനങ്ങള്‍ ചൊല്ലിക്കൊടുക്കുമ്പോള്‍ മഹല്ലിലെ പള്ളിയിലെത്തിയ അബാല വൃദ്ധം ജനങ്ങളും പ്രസംഗം കേള്‍ക്കാനായി പള്ളിക്ക് സമീപം മദ്‌റസയിലോ മറ്റോ സ്ഥലം പിടിച്ച മുഴുവന്‍ സ്ത്രീകളും അതേറ്റ് ചൊല്ലും.. ചൊല്ലിക്കൊടുക്കുന്നവരുടെയും ഏറ്റ് ചൊല്ലുന്നവരുടെയും ആത്മാര്‍ഥത കൊണ്ടാവണം തൗബ കഴിയുമ്പോഴേക്ക് കരയാത്തവരായി ആരുമുണ്ടാവില്ല. ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇന്ന് പുതിയ തലമുറക്ക് തൗബയെക്കുറിച്ചറിയില്ല. പ്രസംഗത്തിന് തന്നെ ഇരിക്കാത്തവരും അഥവാ ഇരുന്നാല്‍ തന്നെ ചാരിയിരുന്ന് ഉറങ്ങുന്നവരുമാണല്ലൊ അധികവും. അവര്‍ക്കെങ്ങനെ തൗബയെ ക്കുറിച്ചറിയും?
***
ദിവസങ്ങള്‍ക്ക് മുമ്പ് പുരാതനമായ ഒരു പള്ളിയില്‍ ബന്ധുവിന്റെ മയ്യിത്ത് നിസ്‌കാരം കഴിഞ്ഞ് തിരിച്ച് പോരവേ പള്ളിയുടെ മൂലയിലിരിക്കുന്ന നകാരെയെ ചൂണ്ടി ഇതാണ് പണ്ട് കാലത്തെ നകാരയെന്ന് ഒരു പിതാവ് മകന് വിശദീകരിച്ച് കൊടുക്കുന്നത് കേട്ടു. (ബാങ്കിന്റെയും അത്താഴത്തിന്റെയും സമയത്ത് അടിച്ച് ശബ്ദമുണ്ടാക്കാന്‍ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഒരുപകരണമാണ് നകാര) മകന്‍ നകാരയില്‍ പതുക്കെ അടിച്ച് ശബ്ദമുണ്ടാക്കിയപ്പോള്‍ നഷ്ട പ്രതാപത്തിന്റെ ദുഖ: സ്മരണകള്‍ ഓര്‍ത്ത് അത് തേങ്ങി ക്കരയുന്നതായി തോന്നി. വാച്ചുകളോ അലാറം ക്ലോക്കുകളോ മെബൈലുകളോ ഇല്ലാതിരുന്ന ഒരുകാലത്ത് അത്താഴത്തിനും നിസ്‌കാരത്തിനും സമയമായെന്നറിയാന്‍ നകാരയിലെ മുട്ട് കേള്‍ക്കല്‍ മാത്രമായിരുന്നു ശരണം. ഇന്നിപ്പോള്‍ വിവിധ പള്ളികളില്‍ നിന്ന് ബാങ്ക് കേള്‍ക്കാന്‍ സാധിക്കും. എല്ലായിടത്തും സമയമറിയാനുള്ള മാര്‍ഗങ്ങളുണ്ടായതോടെ നകാരക്ക് പ്രതാപ കാലം നഷ്ടമായി. കാഴ്ച വസ്തുവിന്റെ പരിഗണനയാണ് ഇപ്പോഴിതിനുള്ളത്.
അത്താഴ സമയമായെന്നറിയാന്‍ മുമ്പുണ്ടായിരുന്ന മറ്റൊരു സംവിധാനമായിരുന്നു പുലര്‍ച്ചെ പള്ളിയില്‍ നിന്നുള്ള ഓത്ത്. ഈ ഓത്ത്‌കേട്ടാണ് പല വീട്ടമ്മമാരും ഉണര്‍ന്ന് അത്താഴ ഭക്ഷണം തയ്യാറാക്കുക ഭക്തിയോടെയുള്ള ആ ഓത്ത് മനസ്സില്‍ റമസാനിന്റെ ബാല്യകാല സ്മരണകള്‍ ഉണര്‍ത്താന്‍ ഇന്നും പര്യാപ്തമാണ്. പള്ളിയിലെ മുഅദ്ദിന്‍ മാര്‍ക്കായിരിക്കും മിക്കവാറും അതിന്റെ ചുമതല. ഓരോ ദിവസവും ഓരോ ജുസുഅ് വീതം ഓതി തീര്‍ത്ത് റമസാന്‍ കഴിയുമ്പോഴേക്കും ഒരു ഖതം തന്നെ അദ്ദേഹം തീര്‍ത്തിട്ടുണ്ടാവും. ചുരുക്കം ചില സ്ഥലങ്ങളിലൊഴികെ ഇതും നിന്ന് പോയിട്ടുണ്ട്.
***
നോമ്പ് തുറക്കുന്നതിന്റെയും തുറപ്പിക്കുന്നതിന്റെയും ആ ഒരു സന്തോഷം. അത് പഴയകാലത്തിന്റെ കുത്തകയായിരുന്നുവെന്ന് വേണം കരുതാന്‍. വീട്ടില്‍ വേണ്ടത്ര ഭക്ഷണം കഴിക്കാന്‍ ഇല്ലാതിരിക്കുന്നകാലം. അപ്പോഴാണ് വിഭവങ്ങള്‍ ഒരുക്കി മറ്റൊരാള്‍ നോമ്പ്തുറക്ക് ക്ഷണിക്കുന്നതിന്റെ സന്തോഷം പൂര്‍ണമായും അനുഭവപ്പെടുക. ഇഷ്ട വിഭവം മറ്റൊരാളെ ഭക്ഷിപ്പിക്കുന്നതിലുള്ള സന്തോഷം ആതിഥേയനുമുണ്ടാവുക. കുടുബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒരുമിച്ചിരുന്ന് ഒരേ തളികയില്‍ നിന്ന് ഒരേ ഭക്ഷണം കഴിച്ച് നോമ്പ് തുറക്കുന്ന രംഗം അക്കാലത്തെ ഐക്യത്തിന്റെയും കുടുബ ഭദ്രതയുടെയും അളവ് കോലായിരുന്നു. ഇന്നത്തെ പോലെ ഭക്ഷണത്തിന്റെ ആധിക്യമായിരുന്നില്ല ആ സല്‍ക്കാരത്തെ ധന്യമാക്കിയിരുന്നത്. മറിച്ച് സ്‌നേഹ ബന്ധങ്ങളുടെ കെട്ടുറപ്പിന്റെ ശക്തിയായിരുന്നു. ഇന്ന് നോമ്പുതുറക്കാന്‍ വിളിച്ചാല്‍ പോകാന്‍ തന്നെ പലര്‍ക്കും മടി. അതിനെക്കാള്‍ നല്ലത് സ്വന്തം വീട്ടിലുണ്ടല്ലോ പിന്നെന്തിന് അവിടെച്ചെല്ലണം? എന്നൊരു ചിന്ത……. പഴയകാലത്തെ ഐക്യവും കുടുംബഭദ്രതയും ചോര്‍ന്ന്‌പോയതിന്റെ കാരണം ഇതൊക്കെതന്നെയായിരിക്കണം.

ഇന്ന് നോമ്പ് തുറക്കാന്‍ വല്ലവരെയും വിളിക്കുന്നുവെങ്കില്‍ തന്നെ അത് പലപ്പോഴും പഴയപോലെ സ്‌നേഹം കൊണ്ടോ ബന്ധങ്ങള്‍ പുതുക്കല്‍ എന്ന ഉദ്ദേശ്യം കൊണ്ടോ ആയിരിക്കണമെന്നില്ല പലതും ആചാരങ്ങള്‍ക്കും മാമൂലുകള്‍ക്കും വഴിമാറിയിരിക്കുന്നു. അല്ലെങ്കിലും അനുഷ്ഠാനങ്ങള്‍ പലതും ആചാരങ്ങള്‍ക്ക് വഴിമാറിയ കാലത്താണെല്ലോ നാം ജീവിക്കുന്നത്. വിളിക്കുന്നവന്‍ കരുതുന്നത് ഇത്ര അടുത്തായിട്ട് അവനെ എങ്ങനെ വിളിക്കാതിരിക്കും വിളിച്ചില്ലെങ്കില്‍ അവനെന്ത് കരുതും എന്നാണെങ്കില്‍ പോകുന്നവന്‍ കരുതുന്നത് അങ്ങനയെക്കെ വിളിച്ചിട്ട് എങ്ങനെ പോവാതിരിക്കുമെന്നാണ.് ഇതാണ് പുത്തന്‍ തലമുറയിലെ ക്ഷണിക്കുന്നവന്റെയും ക്ഷണിക്കപ്പെടുന്നവന്റെയും മനോനില. ആത്മാര്‍ഥത രണ്ട് പേര്‍ക്കും കുറവ്. വിഭവങ്ങളാവട്ടെ ധാരാളം!

റമസാനിലെ പതിനേഴാം ദിവസം. ബദ്‌രീങ്ങളുടെ ആണ്ട്. ഇതറിയാത്തവരായി ആരുമുണ്ടാകില്ല. ഇസ്‌ലാമിക ചരിത്രത്തിലെ ഈടുറ്റ ഒരധ്യായം. ഈമാനും തഖ്‌വയും കൈമുതലാക്കിയ തിരുനബി(സ)യടക്കമുള്ള തൗഹീദിന്റെ മുന്നൂറ്റിപ്പതിമൂന്ന് ധീരപടയാളികള്‍ ആയിരത്തോളം വരുന്ന, സായുധരായ, അധര്‍മ്മത്തിന്റെ വക്താക്കളെ തകര്‍ത്ത് തരിപ്പണമാക്കിയ സുദിനം. അന്ന് പള്ളികളില്‍ ആ ധീര പുരുഷന്‍മാരുടെ അനുസ്മരണവും അവരുടെ ഗുണഗണങ്ങളടങ്ങിയ മൗലീദ് പാരായണവും നടക്കും. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യപ്പെടും. അവരുടെ മാതൃകയില്‍ ജീവിക്കണമെന്ന ഉപദേശങ്ങള്‍ നല്‍കപ്പെടും. പക്ഷേ ഇന്ന് പലതും കേവലം ചടങ്ങുകളായി മാറിയോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. പൂര്‍വികരുടെ പാതയെ നിര്‍ലജ്ജം നിരാകരിക്കുകയും അവരുടെ സേവനങ്ങളെ പുച്ഛിച്ച് തള്ളുകയും ചെയ്യുന്ന ചില ഉല്‍പതിഷ്ണുക്കള്‍ പുരോഗമനത്തിന്റെ പേരില്‍ ആത്മീയത തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഈ രംഗത്തെ അപചയത്തിന് പ്രധാനകാരണമായി വര്‍ത്തിച്ചിട്ടുണ്ട്.
***
ബദ്‌റ് മാല പാടാത്ത, ബദ്‌രീങ്ങളെ സ്മരിക്കാത്ത ഒരൊറ്റ വീടുമില്ലാതിരുന്ന മുസ്‌ലിം സമൂഹത്തില്‍ കടന്ന് കൂടി പരദൂഷണംകൊണ്ട് കുഴപ്പം സൃഷ്ടിച്ചവര്‍ ഒരു ജനവിഭാഗത്തിന്റെ മഹിതമായ ആദര്‍ശത്തോടും സംസ്‌കാരത്തോടും തന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു അഥവാ അവരുടെ ആത്മീയ ചിന്തകളെ മുരട്ടില്‍ വെച്ച്തന്നെ മുറിക്കുകയായിരുന്നു.
പ്രയാസങ്ങളിലും പ്രതിസന്ധികളിലും ബദ്‌രീങ്ങളടക്കമുള്ള അല്ലാഹുവിന്റെ തൃപ്തി സമ്പാദിച്ച മഹാന്‍മാരുടെ മാലകള്‍ പാടിയിരുന്ന, അതില്‍ ആനന്ദവും ആവേശവും രോഗശമനവും കണ്ടെത്തിയിരുന്ന ആ നല്ല കാലം ഇന്ന് വഴിമാറിയിരിക്കുന്നു. ബദ്‌റ് മാല തെറ്റ്കൂടാതെ പാടാനറിയുന്ന എത്ര പേര്‍ നമുക്കിടയിലുണ്ടെന്ന് അന്വേഷിച്ച് നോക്കൂ. ഉത്തരം നിങ്ങളെ അമ്പരപ്പിക്കാതിരിക്കില്ല.
***
ഇനി ഇരുപത്തിയേഴാം രാവിലേക്ക് വരാം! ഭൂരിഭാഗം പണ്ഡിതരുടെയും വീക്ഷണമനുസരിച്ച് ലൈലതുല്‍ ഖദ്ര്‍ എന്ന ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ദിവസം. അന്ന് ഏത് ഇല്ലാത്തവരുടെ വീടുകളിലും മധുര പലഹാരങ്ങള്‍ സുലഭമായിരിക്കും…. സന്തോഷത്തിന്റെയും ഇബാദത്തിന്റെയും രാവ.് ദാരിദ്ര്യവും കഷ്ടപ്പാടും കൊടികുത്തിവാഴുന്ന അക്കാലത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് വയറ്‌നിറയെ പലഹാരങ്ങള്‍ തിന്നാന്‍ സാധിക്കുക. അപ്പോഴാണതിന് വിലയുണ്ടാവുന്നതും! ഇന്ന് കാലം മാറിയിരിക്കുന്നു. ഇന്ന് കാശുണ്ടെങ്കില്‍ നെയ്യപ്പമല്ല ഏത് പലഹാരവും എപ്പോഴും തിന്നാം . അതിന് 27 ാം രാവിനെ കാത്തിരിക്കേണ്ടതില്ല…..
പക്ഷേ അന്നത്തെ ആളുകളുടെ ഇബാദത്തുകളുമായി ചെയ്യുമ്പോള്‍ നമ്മുടേത് എത്രകുറവ്? ഗൃഹജോലികള്‍ക്കടക്കം ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത അന്നും അവര്‍ക്ക് മാലപാടാനും ഖുര്‍ആന്‍ നിരവധി ഖതം തീര്‍ക്കാനും ഹദ്ദാദിനും സ്വലാത്തിനും തറാവീഹിനുമൊക്കെ സമയമുണ്ടായിരുന്നു. ഇന്ന് സൗകര്യങ്ങള്‍ കൂടി… അധ്വാനഭാരം വളരെ കുറഞ്ഞു. എന്നിട്ടും നമുക്കൊന്നിനും സമയമില്ല. സമയത്തിലുള്ള ബറകത്ത് അവസാന നാളില്‍ നഷ്ടപ്പെടുമെന്ന് നബ(സ)ദീര്‍ഘദര്‍ശനം ചെയ്ത ആ കാലം തന്നെയാണോ ഇത്? സംശയത്തിന് എമ്പാടും പ്രസക്തിയുണ്ട്. റമസാന്‍ അവസാനത്തെ പത്തില്‍ പ്രധാനമായും സുന്നത്തുള്ള മറ്റൊരു കര്‍മ്മമാണ് ഇഅ്തികാഫ്. ഭൗതിക ചിന്തയില്‍ നിന്നെല്ലാം വിട്ട് നിന്ന് അല്ലാഹുവിന്റെ പ്രീതിക്കായി അല്ലാഹുവിന്റെ ഭവനത്തില്‍ ഇരിക്കുക ഇതാണ് ഇഅ്തികാഫ്. ഇതിനായി റമസാനില്‍ അവസാന പത്തില്‍ ചെറുപ്പക്കാര്‍ തയ്യാറാവുന്നത് മുമ്പ് കാലത്ത് ധാരളമായിരുന്നു. ഇന്നീ പതിവ് ചിലയിടങ്ങളില്‍ മാത്രം! സ്വന്തം വീട്ടിലെ സൗകര്യങ്ങളൊന്നും പലപ്പോഴും പള്ളിയില്‍ ലഭിക്കാതിരിക്കുന്നതും തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ അതിനൊന്നും സമയമില്ലാത്തതും കാരണങ്ങളില്‍ ചിലത് മാത്രം!
***
റമസാനിന്റെ സമാപ്തിയോടെ കടന്ന് വരുന്ന സന്തോഷ സുദിനമാണ് ഈദുല്‍ ഫിത്വറ് അഥവാ ചെറിയ പെരുന്നാള്‍. പേര് സൂചിപ്പിക്കുന്നത് പോലെ ഫിത്വ്‌റ് സകാത്ത് കൊടുക്കുന്ന പെരുന്നാള്‍. പെരുന്നാള്‍ രാവിലും പകലിലും ഭക്ഷണം കിട്ടാത്തവരായി ആരുമുണ്ടാകരുതെന്ന ലക്ഷ്യത്തോടെ ഇസ്‌ലാം അനുശാസിക്കുന്ന പുണ്യകര്‍മം…അയല്‍വാസികളുടെയും അടുത്തകുടുംബക്കാരുടെയും പാവപ്പെട്ട വീടുകളില്‍ ഫിത്വര്‍ സകാത്ത് കൊണ്ട്‌പോയി കൊടുക്കുമ്പോഴുണ്ടാകുന്ന ആ മാനസിക സംതൃപ്തി, പരസ്പരസ്‌നേഹത്തിന്റെയും സ്വീകരണത്തിന്റെയും സുഖം.. അതെല്ലാ മായിരുന്നു പണ്ട് കാലത്തെ ഈദുല്‍ഫിത്വര്‍. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നതും കൊണ്ട് പോയി കൊടുക്കലാണുത്തമമെന്ന് തന്നെയാണല്ലൊ! കഴിക്കാനൊന്നുമില്ലാതെ കഷ്ടപ്പെടുന്ന പഴയകാലക്കാര്‍ക്കാണ് ഫിത്വ്ര്‍സകാത്തും പെരുന്നാളുമെല്ലാം അതിന്റെ തനതായ സൗന്ദര്യത്തോടെ ആസ്വദിക്കാനാവുകയെന്നത് പരമാര്‍ഥമാണ്.
ഫിത്വ്ര്‍ സകാത്തിനൊപ്പം കൈമാറ്റം ചെയ്യപ്പെട്ടിരുന്ന സ്‌നേഹബന്ധങ്ങള്‍, ഇന്ന് ചിലരുടെ വിവരക്കേടുകളുടെ ഫലമായുണ്ടായ സകാത്ത് കമ്മിറ്റികള്‍ ഇല്ലാതാക്കി. പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനും അവര്‍ക്ക് ആശ്വാസം പകരാനും ഉപയോഗപ്പെടുത്തേണ്ട സകാത്ത് പലപ്പോഴും പാര്‍ട്ടിഫണ്ടിലേക്കും ഓഫീസ് നിര്‍മാണത്തിലേക്കും ഒഴുകി. അല്ലെങ്കില്‍ പരിമിതമായ സംഘടനാനുഭാവികളില്‍ ഒതുക്കപ്പെട്ടു. ബാക്കി വന്നവ പലിശക്ക് ബാങ്കില്‍ നിക്ഷേപിച്ചു. ഫലത്തില്‍ സകാത്ത് കൊണ്ട് ഇസ്‌ലാം ഉദ്ദേശിച്ചതെന്തോ അത് നടക്കാതെ പോയി.
***
പെരുന്നാളിലെ ഒത്തുചേരലും സന്തോഷം പങ്കിടലും മുസ്‌ലിം ഐക്യത്തിന്റെയും കുടുബ ഭദ്രതയുടെയും നിദാനം എന്നതിലുപരി ഒരു ഇബാദത്ത് കൂടിയാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. പക്ഷെ അതിനെല്ലാം മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു. ആധുനിക ലോകത്ത് എല്ലാവര്‍ക്കും “ബിസി”യാണ് തീര്‍ത്താല്‍ തീരാത്ത അത്രയും കര്‍ത്തവ്യങ്ങളും ബാധ്യതകളുമാണ് ഓരോരുത്തരുടെയും വിശ്വാസമനുസരിച്ച് അവരവരുടെ തലയിലുള്ളത്. അതിനിടയില്‍ ഇത്തരം “ചെറിയ” കാര്യങ്ങളൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കുണ്ട് സമയം? ഇരുപത് മിനിറ്റ് കാത്ത് നിന്നാലും സാരമില്ല പത്ത്മിനിറ്റ് നേരത്തെ എത്തുന്ന ബസ്സില്‍ തന്നെ കയറണമെന്ന ധൃതിയുടെ ലോകത്തിന്റെ മറ്റൊരു വകഭേദം!
നോമ്പിന്റെ അവസാന ദിവസങ്ങളില്‍ പെരുന്നാളിനോടടുപ്പിച്ച് പെരുന്നാള്‍ കോടികളുടെ ബഹളമായിരിക്കും പണ്ട് കാലങ്ങളില്‍. കൈവിരലിലെ നഖങ്ങളില്‍ കാണുന്ന ചെറിയ ചെറിയ വെളുത്ത പുള്ളികള്‍ ലഭിക്കാന്‍ പോകുന്ന പെരുന്നാള്‍ കോടികളുടെ എണ്ണവും വണ്ണവും സൂചിപ്പിക്കുന്നുവെന്ന് ധരിച്ചുവെച്ചിരുന്ന കാലം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുതു വസ്ത്രം ലഭിക്കുന്ന കാലം. അതിന് നോമ്പ് തുടക്കം മുതലേ സ്വപ്‌നം കണ്ടിരിക്കും. പെരുന്നാളിനണിയാന്‍ മൈലാഞ്ചി ഉണക്കി പൊടിച്ച് തയ്യാറാക്കും. ഇന്നിപ്പോള്‍ പുതു വസ്ത്രത്തിന് പെരുന്നാള്‍ വരെ കാത്തിരിക്കേണ്ട അവസ്ഥ ഒന്നും പുതിയ തലമുറക്ക് അറിയില്ല. ആവശ്യമുള്ളപ്പോള്‍ അവര്‍ക്കത് ലഭിച്ചിരിക്കും. അല്ലെങ്കില്‍ ലഭിച്ചിരിക്കണം. വലിയ മാറ്റമാണെങ്ങും. പുറത്തും, അകത്തും!