Ongoing News
തമ്മിലടിച്ച് കാമറൂണ്‍: കരുത്തറിയിച്ച് ക്രൊയേഷ്യ
മാനോസ്: ആഫ്രിക്കന്‍ സിംഹമാണെങ്കില്‍ ഒന്ന് ഗര്‍ജിക്കേണ്ടേ. മെക്‌സിക്കോയോട് തോറ്റതിന് പിന്നാലെ ക്രൊയേഷ്യയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ട് കാമറൂണ്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ബോണസ് പ്രശ്‌നം കാരണം ലോകകപ്പിന് പോകില്ലെന്ന് വാശിപിടിച്ച കാമറൂണ്‍ നാട്ടിലേക്ക് മടങ്ങുന്നത് തമ്മിലടിച്ചാണ്. തോല്‍വിയേക്കാള്‍ കാമറൂണ്‍ കോച്ച് വോള്‍ക്കര്‍ ഫിങ്കയെ നിരാശപ്പെടുത്തിയത് ഗ്രൗണ്ടില്‍ കളിക്കാര്‍ തമ്മില്‍ പോരടിച്ചതാണ്. ഡിഫന്‍ഡര്‍മാരായ ബെനോയിറ്റ് അസോ എകോത്തോയും ബെഞ്ചമിന്‍ മുകാഞ്ചയും തമ്മില്‍ വാക്കുതര്‍ക്കമായി, ഒടുവില്‍ ബെനോയിറ്റ് സഹതാരത്തെ സിദാന്‍ സ്റ്റൈലില്‍ തലകൊണ്ടൊരു കുത്ത്. ഇത്തരം പെരുമാറ്റങ്ങള്‍ മഹാനാണക്കേടാണ് – കോച്ച് ഫിങ്കെ പറഞ്ഞു. മത്സരത്തില്‍ മിഡ്ഫീല്‍ഡര്‍ അലക്‌സ് സോംഗ് താക്കീതില്ലാതെ ചുവപ്പ് കാര്‍ഡ് കണ്ടതും കാമറൂണിന് തിരിച്ചടിയായി. ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍ഡുകിചിനെ കൈമുട്ടുകൊണ്ട് കുത്തിയതിനായിരുന്നു സോംഗ് പുറത്തായത്.
ബ്രസീലിനോട് ആദ്യ മത്സരത്തില്‍ തോറ്റ ക്രൊയേഷ്യ മികച്ച തിരിച്ചുവരവാണ് നടത്തിയത്. പതിനൊന്നാം മിനുട്ടില്‍ ഒലിച്, നാല്‍പ്പത്തെട്ടാം മിനുട്ടില്‍ പെര്‍സിച്, 61,73 മിനുട്ടുകളില്‍ മാന്‍ഡുകിച് ക്രൊയേഷ്യ ഗോളടി പൂര്‍ത്തിയാക്കി.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്രസീലിനെ വിറപ്പിച്ച മെക്‌സിക്കോയാണ് ക്രൊയേഷ്യയുടെ എതിരാളി. ബ്രസീലിന് ഒത്തൊരുമയില്ലാത്ത കാമറൂണും. 1990ന് ശേഷം 2002 ലാണ് കാമറൂണ്‍ ലോകകപ്പില്‍ തിരിച്ചെത്തിയത്.അന്ന് 1-0ന് സഊദി അറേബ്യയെ തോല്‍പ്പിച്ചതിന് ശേഷം ലോകകപ്പില്‍ കാമറൂണ്‍ ജയമെന്തെന്നറിഞ്ഞിട്ടില്ല. ബ്രസീലിനെതിരെ എന്താകും സ്ഥിതി.
പോര്‍ച്ചുഗല്‍ താരം പെപെ റെഡ് കാര്‍ഡ് വാങ്ങി ടീമിനെ ചതിച്ചതിന് തുല്യമായിരുന്നു അലക്‌സ് സോംഗിന്റെ പുറത്താകല്‍. അവസാന അമ്പത് മിനുട്ടില്‍ കാമറൂണ്‍ പത്ത് പേരുമായി ദയനീയ തോല്‍വിയിലേക്ക് വഴുതി. ഇതിനിടെയാണ് പ്രതിരോധത്തിലെ പിഴവിനെ ചൊല്ലി രണ്ട് പേര്‍ തമ്മിലടിച്ചത്.
പരുക്ക് ഭേദമാകാത്തതിനാല്‍ ക്യാപ്റ്റന്‍ സാമുവല്‍ എറ്റുവില്ലാതെയാണ് കാമറൂണ്‍ ഇറങ്ങിയത്. ക്രൊയേഷ്യയാകട്ടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍ഡുകിച് ടീമില്‍ തിരിച്ചെത്തിയതിന്റെ ആവേശത്തിലും. സസ്‌പെന്‍ഷന്‍ കാരണം ബ്രസീലിനെതിരെ മാന്‍ഡുകിച് കളിച്ചിരുന്നില്ല. പതിനൊന്നാം മിനുട്ടില്‍ പെരിസിചിന്റെ പാസില്‍ വെറ്ററന്‍ സ്‌ട്രൈക്കര്‍ ഒലിച് വല കുലുക്കി. നാല്‍പതാം മിനുട്ടിലാണ് സോംഗിന് റെഡ് കാര്‍ഡ്. മാന്‍ഡുകിചിന്റെ പ്രത്യാക്രമണ നീക്കം തടഞ്ഞത് അല്പം ക്രൂരമായി. ബ്രസീല്‍ ലോകകപ്പിലെ മൂന്നാം ചുവപ്പ് കാര്‍ഡായി ഇത്. ആദ്യം മെക്‌സിക്കോയുടെ മാക്‌സി പെരേര. രണ്ടാമത്തെ ചുവപ്പ് പെപെക്ക്. രണ്ടാം പകുതിയില്‍ കാമറൂണിന്റെ പത്ത് പേരെ നേരിടാന്‍ ക്രൊയേഷ്യയെത്തിയത് പൂര്‍ണസജ്ജരായി. തുടക്കം മുതല്‍ ആക്രമണം. പെര്‍സിചിന്റെ ഗോളില്‍ 2-0ന് മുന്നില്‍. വൈകാതെ മാന്‍ഡുകിചിന്റെ ഡബിളും.
മാന്‍ഡുകിചിന്റെ ഫോം മെക്‌സിക്കോക്ക് ഭീഷണിയാണ്. ബ്രസീലിനെ വിറപ്പിച്ച മിഗ്വേല്‍ ഹെരേരയുടെ മെക്‌സിക്കോ പക്ഷേ, തികഞ്ഞ ആത്മവിശ്വാസത്തിലാണ്.