National
പാചകവാതക വില പ്രതിമാസം പത്ത് രൂപ കൂട്ടാന്‍ നീക്കം
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ ഗാര്‍ഹിക പാചക വാതകത്തിന്റെ വിലയും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സിലിണ്ടറൊന്നിന് പത്ത് രൂപാ നിരക്കില്‍ വര്‍ധിപ്പിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം. മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
വര്‍ധനവിലൂടെ 7000 കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുക്. പ്രതിമാസം വിലവര്‍ധിപ്പിച്ച് ക്രമേണ സബ്‌സിഡി ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രൂഡ് ഓയിലിന് 9 മാസത്തെ ഉയര്‍ന്ന നിരക്കാണെന്നും വില വര്‍ധിപ്പിക്കാതിരിക്കാനാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് നല്‍കുന്ന വിശദീകരണം. ഇന്ധന സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ഈവര്‍ഷത്തോടെ 1.40 ലക്ഷം കോടി രൂപ കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ ആഭ്യന്തര യുദ്ധംമൂലം ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുമെന്നതും നീക്കത്തിന് പിന്നിലെ കാരണങ്ങളാണ്. ഡീസല്‍ വില പ്രതിമാസം 50 പൈസ നിരക്കില്‍ വര്‍ധിപ്പിച്ച് അതേ രീതിയാണ് പാചകവതക വിലയിലും നടപ്പിലാക്കാനൊരുങ്ങുന്നത്. പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്.