Articles
ഇതാ, ആ നല്ല ദിനങ്ങള്‍ വന്നു തുടങ്ങി
റെയില്‍വേയിലെ ടിക്കറ്റ് നിരക്കും ചരക്ക് കടത്തിനുള്ള കൂലിയും കൂട്ടി, പാചക വാതക വിലയുടെ സബ്‌സിഡി കുറച്ചു കൊണ്ടുവരാന്‍ ആലോചിക്കുന്നു, ഡീസലിന്റെ വില മാസത്തില്‍ അമ്പത് പൈസ വീതം കൂട്ടി സബ്‌സിഡി ഇല്ലാതാക്കാനുള്ള യു പി എ സര്‍ക്കാറിന്റെ പരിപാടി പരിഷ്‌കരിച്ച് സബ്‌സിഡി വേഗത്തില്‍ ഇല്ലാതാക്കാന്‍ പാകത്തില്‍ വില കൂട്ടാന്‍ ചിന്തിക്കുന്നു, പ്രതിരോധമുള്‍പ്പെടെ എല്ലാ മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷപമൊഴുകാന്‍ പാകത്തില്‍ തീരുമാനമെടുക്കാന്‍ പോകുന്നു എന്ന് തുടങ്ങി, ഒരു മാസം പിന്നിടാന്‍ പോകുന്ന നരേന്ദ്ര മോദി ഭരണകൂടം മുന്നോട്ടുവെച്ച കാര്യങ്ങള്‍ നിരവധിയാണ്. ഡോ. മന്‍മോഹന്‍ സിംഗ് നടപ്പാക്കാന്‍ ആഗ്രഹിച്ച കാര്യങ്ങളൊക്കെ, ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇനി അഞ്ച് വര്‍ഷത്തിനു ശേഷമേ ഉണ്ടാകൂ എന്ന ഉറപ്പില്‍ വേഗത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് ശ്രമം. സമ്പദ് വ്യവസ്ഥ ഗുരുതരാവസ്ഥയിലാണെന്നും അതിന്റെ ചികിത്സക്ക് കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇത്തരം തീരുമാനങ്ങള്‍ തന്നെ ജനങ്ങളുടെ അപ്രീതിക്ക് പാത്രമാക്കാമെങ്കിലും സമ്പദ് സ്ഥിതി മെച്ചപ്പെടുമ്പോള്‍ പ്രീതി തിരികെക്കിട്ടുമെന്ന പ്രതീക്ഷ മോദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. തീരുമാനങ്ങള്‍ ബി ജെ പി/എന്‍ ഡി എ സര്‍ക്കാറിന്റെ ജനപ്രീതിയെ ബാധിക്കുമെന്നല്ല, തന്റെ ജനപ്രീതിയെ ബാധിക്കുമെന്നാണ് മോദി പറഞ്ഞത്.
മൂന്ന് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തുമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനം ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. മൂന്ന് വര്‍ഷത്തിനിടെ ലക്ഷം കോടി നിക്ഷേപിച്ചാല്‍, പത്ത് ലക്ഷം കോടി ലാഭമെടുക്കാന്‍ അധികകാലം വേണ്ടിവരില്ലെന്ന തിരിച്ചറിവ് മുകേഷ് അംബാനിക്കുണ്ട്, അതിനുള്ള ഉറപ്പുകളാണ് മോദി ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍. പാചകവാതകത്തിന്റെയും ഡീസലിന്റെയും സബ്‌സിഡി ഇല്ലാതായാല്‍ ഇവയില്‍ കച്ചവടം കൂട്ടാന്‍ അംബാനിയെപ്പോലുള്ളവര്‍ക്ക് പ്രയാസമുണ്ടാകില്ല. അധികാരം ബി ജെ പി പിടിച്ചാല്‍, കോണ്‍ഗ്രസ് പിന്തുടര്‍ന്ന സാമ്പത്തിക നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് മാത്രമല്ല, ആ നയങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് വേഗത്തില്‍ നടപ്പാക്കുകയാണുണ്ടാകുക എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. അതുകൊണ്ടാണ് രാജ്യത്തെ വന്‍കിട വ്യവസായികളെല്ലാം തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ കൈയയച്ച് പിന്തുണച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിറകെ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള നിക്ഷേപത്തിന്റെ തോത് വന്‍തോതില്‍ ഉയര്‍ന്നതിന്റെ കാരണവും സാമ്പത്തിക നയത്തുടര്‍ച്ചയിലുള്ള ഉറപ്പാണ്. ഈ ഉറപ്പ് വ്യവസായികള്‍ക്ക് മുന്‍കൂട്ടി നല്‍കിയിരുന്നുവെന്നാണ് പുതിയ തീരുമാനങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നത്.
ഇതുപോലെ തന്നെ പ്രതീക്ഷിച്ചിരുന്ന മറ്റൊരു സംഗതി നിശ്ശബ്ദം അരങ്ങേറുന്നുവെന്നതാണ് പുതിയ സര്‍ക്കാറിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധേയം. കാളിയുടയാന്‍ ചന്ദ്രക്കാറന്റെ ഭാഷയില്‍ പറഞ്ഞാല്‍ (സി വി രാമന്‍ പിള്ളയോട് കടപ്പാട്) നരേന്ദ്ര മോദി ഭരിച്ചാല്‍ ഇന്ത്യാ മഹാരാജ്യം ഭരുമോ എന്ന പരിശോധന തുടങ്ങിയിരിക്കുന്നു. മന്ത്രിസഭയിലെ ബി ജെ പി പ്രതിനിധികളെ നിശ്ചയച്ചതില്‍, വകുപ്പുകള്‍ അനുവദിച്ചതില്‍, മന്ത്രിമാരുടെ എണ്ണം ചുരുക്കിയതില്‍, ഘടകകക്ഷികളുടെ പ്രതിനിധികളുടെ എണ്ണം പരിമിതപ്പെടുത്തിയതില്‍ ഒക്കെയുണ്ടായിരുന്ന മേധാവിത്വം കൂടുതല്‍ പ്രകടമാകുകയാണ്. ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുകയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ മറ്റാരുമുണ്ടാകില്ലെന്ന് ഉറപ്പാകുകയും ചെയ്തപ്പോള്‍ തന്നെ തുടങ്ങിയ പ്രക്രിയയാണിത്. ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെടും മുമ്പ് തന്നെ, കാബിനറ്റ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു മോദി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്ന വീഴ്ചകളെന്തൊക്കെ? അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെന്തൊക്കെ? കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ട സൗകര്യങ്ങളെന്തൊക്കെ? എന്നിത്യാദി ചോദ്യങ്ങളുടെ മറുപടി പട്ടികയായി അവതരിപ്പിക്കാനുള്ള നിര്‍ദേശം.
ജനായത്ത രീതിയില്‍ നിര്‍ണയിക്കപ്പെട്ട പാര്‍ലിമെന്റും മന്ത്രിസഭയും മന്ത്രിസഭാ യോഗങ്ങളുമൊക്കെയുണ്ടാകുമെങ്കിലും നിയന്ത്രണം പൂര്‍ണമായും തന്റെ കൈവശമായിരിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. സ്ഥാനമേറ്റ ശേഷം സെക്രട്ടറിമാരുടെ യോഗം വിളിച്ച് നേരിട്ട് സംസാരിച്ചു. കീഴ്‌വഴക്കമില്ലെങ്കിലും പ്രധാനമന്ത്രി, സെക്രട്ടറിമാരെ നേരിട്ട് വിളിച്ചുള്ള ആശയ വിനിനമയത്തില്‍ അപകടമൊന്നുമില്ല. പക്ഷേ, കാബിനറ്റിലെ സഹപ്രവര്‍ത്തകരെ ഒഴിവാക്കി, സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നേരിട്ട് ആശയവിനിമയം നടത്തുമ്പോള്‍, മന്ത്രിസഭാംഗങ്ങളെ അത്രത്തോളം വിശ്വാസത്തിലെടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറയാതെ പറയുകയാണ് പ്രധാനമന്ത്രി. വകുപ്പ് മന്ത്രിമാരുണ്ടെങ്കിലും താനോ തന്റെ ഓഫീസോ തന്നെയാണ് തീരുമാനങ്ങളില്‍ അന്തിമ വാക്കെന്നും വേണ്ടിവന്നാല്‍ നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ മടിക്കില്ലെന്നുമുള്ള സന്ദേശം സെക്രട്ടറിമാര്‍ക്ക് കൈമാറുകയും.
മന്ത്രിസഭാ ഉപസമിതികള്‍, മന്ത്രിമാരടങ്ങുന്ന ഉന്നതാധികാര സമിതികള്‍ ഇവയൊക്കെ ഒഴിവാക്കിയിരിക്കുന്നു. ഫയലുകളിലെ തീരുമാനം നാല് ഘട്ടങ്ങള്‍ക്കപ്പുറം പോകരുതെന്നാണ് നിര്‍ദേശം. അതിന് ശേഷവും തര്‍ക്കം നിലനില്‍ക്കുന്നുവെങ്കില്‍ കാബിനെറ്റ് സെക്രട്ടേറിയറ്റോ പ്രധാനമന്ത്രിയുടെ ഓഫീസോ തീരുമാനമെടുക്കും. മിക്കവാറും വിഷയങ്ങളില്‍ തീരുമാനം പ്രധാനമന്ത്രി നേരിട്ടു തന്നെ കൈക്കൊള്ളുമെന്ന് ചുരുക്കം. നയപരമായ കാര്യങ്ങളൊക്കെ പ്രധാനമന്ത്രിയുടെ കീഴിലാക്കിയാണ് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കിയത് എന്നത് കൂടി പരിഗണിക്കുമ്പോള്‍ അധികാരത്തിന്റെ കേന്ദ്രീകരണമാണ് ഉദ്ദേശ്യമെന്ന് വ്യക്തം. മന്ത്രിസഭാ ഉപസമിതികളും മന്ത്രിമാരടങ്ങുന്ന ഉന്നതാധികാര സമിതികളും ഒഴിവാക്കിയത്, തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയുടെ വേഗം കൂട്ടുമെന്നാണ് ശുഭാപ്തി വിശ്വാസികളുടെയും വ്യവസായികളുടെയും വാദം. തീരുമാനങ്ങള്‍ വേഗത്തിലുണ്ടായേക്കാം, പക്ഷേ, തീരുമാനിക്കപ്പെടുന്ന കാര്യങ്ങളുടെ ആഘാത പരിധി സംബന്ധിച്ച വിശദമായ ആലോചനകളുടെ ഒരു വേദിയാണ് മന്ത്രിമാരടങ്ങുന്ന സമിതികളുടെ അഭാവത്തില്‍ ഇല്ലാതാകുന്നത്.
വ്യാഴവട്ടത്തിലേറെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന ഭരണത്തെ അവലോകനം ചെയ്താല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകും. അവിടെ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ആണ് തീരുമാനങ്ങളെടുത്തിരുന്നത്. ആ തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തിലേക്കുള്ള കുറിപ്പായി എത്തുമ്പോള്‍ മാത്രമാണ് മന്ത്രിമാര്‍ അറിയുക. എടുത്ത തീരുമാനങ്ങളെക്കുറിച്ചോ നടപ്പാക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ചോ മാധ്യമങ്ങളോട് അവിടുത്തെ മന്ത്രിമാര്‍ പൊതുവില്‍ സംസാരിച്ചിരുന്നില്ല. സംസാരിക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണമെന്നതായിരുന്നു അപ്രഖ്യാപിത ചട്ടം. അനുമതി ചോദിച്ചാല്‍ തന്നെ കിട്ടുക അപൂര്‍വവും. ആറ് മാസത്തിലൊരിക്കല്‍ സമ്മേളിക്കണമെന്ന ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിന് വേണ്ടി മാത്രമായിരുന്നു പലപ്പോഴും നിയമസഭാ സമ്മേളനങ്ങള്‍. ഏതാണ്ട് സമാനമായ ഭരണരീതി കേന്ദ്രത്തിലും ആവര്‍ത്തിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്ന് ഇതിലും നല്ല രീതിയില്‍ രാജ്യത്തോട് പറയാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ല.
മറ്റാര്‍ക്ക് മനസ്സിലായില്ലെങ്കിലും ബി ജെ പിയുടെ നേതാക്കള്‍ക്കും ആ പാര്‍ട്ടിയുടെ മന്ത്രിസഭയിലെ പ്രതിനിധികള്‍ക്കും ഇക്കാര്യങ്ങളൊക്കെ നന്നായി മനസ്സിലായിട്ടുണ്ട്. മന്ത്രിമാരെ ഒഴിവാക്കി, സെക്രട്ടറിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചപ്പോള്‍ പുരികമുയര്‍ത്തിപ്പോലും അതൃപ്തരായില്ല അവരാരും. പാര്‍ട്ടി നേതൃത്വം ദൈനംദിനം വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ച്, സര്‍ക്കാര്‍ നടപടികളെ വിശദീകരിക്കുകയോ ന്യായീകരിക്കുകയോ വേണ്ടതില്ലെന്ന സന്ദേശം ലഭിച്ചപ്പോള്‍ മുറുമുറുപ്പ് പോലുമുണ്ടായില്ല. സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പാര്‍ട്ടി അഭിപ്രായം പറയുന്ന രീതി മോദി മുഖ്യമന്ത്രിയായിരിക്കെ, ഗുജറാത്തിലുണ്ടായിരുന്നില്ല. ഏതെങ്കിലും കാര്യത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍, മോദി സാഹെബിന്റെ അനുമതിയില്ലാതെ പറയാന്‍ തയ്യാറുള്ള പാര്‍ട്ടി നേതാക്കളും കുറവായിരുന്നു ഗുജറാത്തില്‍. അതേ സ്ഥിതി ദേശീയതലത്തില്‍ ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രിയെന്ന് തോന്നുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ അതത്ര പ്രയാസമുള്ള കാര്യമാണെന്ന് തോന്നുന്നുമില്ല.
ആദ്യ നൂറ് ദിനത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ തുടക്കത്തിലും ഇത്തരമൊരു നിര്‍ദേശമുണ്ടായിരുന്നു. അന്ന് ദിവസങ്ങള്‍ക്കകം മന്ത്രിമാരുടെ വാര്‍ത്താ സമ്മേളന പ്രളയമുണ്ടായി, 100 ദിന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍. ചില മന്ത്രിമാര്‍ മാസക്കണക്കില്‍ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കാനും മടി കാട്ടിയില്ല. കണക്കപ്പിള്ളമാരില്‍ പ്രമുഖനായിരുന്ന പി ചിദംബരം തന്നെ ഉദാഹരണം. എന്നാല്‍ ഇക്കുറി അതൊന്നുമുണ്ടാകുന്നില്ല. സ്വന്തം വകുപ്പില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയാനൊന്നുമില്ല എന്നതുകൊണ്ടാകുമോ ഈ മൗനം? ആകാനിടയില്ല. നടപ്പാക്കണമെന്ന് ആഗ്രഹിക്കുകയോ ഉദ്യോഗസ്ഥരാല്‍ നിര്‍ദേശിക്കപ്പെടുകയോ ചെയ്യുന്ന കാര്യങ്ങള്‍ പരമാധികാരിക്ക് ബോധ്യപ്പെടുന്നതാകുമോ എന്ന സംശയം മന്ത്രിമാര്‍ക്കുണ്ടാകും. പരമാധികാരിക്ക് ബോധ്യപ്പെട്ടാല്‍ തന്നെ, അത് മാധ്യമദ്വാരാ പറയേണ്ടത് തങ്ങള്‍ തന്നെയാണോ എന്ന സംശയവുമുണ്ടാകും. മന്ത്രാലയത്തില്‍ വേണ്ട സെക്രട്ടറിമാര്‍ ആരൊക്കെ എന്നതില്‍ പോലും തീരുമാനമെടുക്കാന്‍ അധികാരമില്ലാത്ത മന്ത്രിമാര്‍ക്ക്, പദ്ധതികളെക്കുറിച്ച് പറയാനാകുമെന്ന് കരുതുന്നത് തന്നെ മൗഢ്യമാണ്.
കോര്‍പറേറ്റുകള്‍ക്ക് തഴച്ചുവളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കും വിധത്തിലുള്ള നയങ്ങള്‍, യു പി എ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരുന്നത്, തുടരുന്നതിനേക്കാള്‍ വലിയ അപകടം ഒരുപക്ഷേ ഈ അധികാര കേന്ദ്രീകരണമാണ്. കാരണം തീര്‍ത്തും അതാര്യമായിരിക്കും ഈ സംവിധാനം. ആഘാതം നേരിട്ട് അനുഭവിക്കുമ്പോള്‍ മാത്രമേ, ചില വിഷയത്തിലെങ്കിലും തീരുമാനങ്ങളെടുത്ത് നടപ്പാക്കപ്പെട്ടുവെന്ന വിവരം പുറം ലോകം അറിയൂ. സാമ്പത്തിക നയപരിപാടികളുള്‍പ്പെടെ, വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകാമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കരുത് എന്ന വിശാലമായ താത്പര്യം മാത്രമേ ആര്‍ എസ് എസ്സിനുള്ളൂവെന്നും നേതാക്കള്‍ അറിയിച്ചു. മോദിയെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള ത്രാണി തങ്ങള്‍ക്കില്ലെന്ന് ഇതിലും ഭംഗിയായി തുറന്ന് പറയാന്‍ ആര്‍ എസ് എസ്സിന് സാധിക്കില്ല. സംഘ് നേതൃത്വത്തിന് കഴിയാത്ത കാര്യം, ബി ജെ പി നേതൃത്വത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുകയും വയ്യ. ആ ഉറപ്പുള്ളതുകൊണ്ടാണ് തീരുമാനങ്ങള്‍ സര്‍ക്കാറിന്റെയോ ബി ജെ പിയുടെയോ ജനപ്രീതിയെ ബാധിക്കാനിടയുണ്ട് എന്ന് പറയുന്നതിന് പകരം “എന്റെ” ജനപ്രീതിയെ ബാധിക്കാനിടയുണ്ടെന്ന് മോദി പറയുന്നത്. രാജ്യം സമ്പദ് സമൃദ്ധമാകുമ്പോള്‍ ജനങ്ങളുടെ പ്രീതി “എനിക്ക്” തിരിച്ചുകിട്ടുമെന്നും പറയുന്നത്. അങ്ങനെ ഇന്ത്യാ മഹാരാജ്യം “ഭരുമോ” എന്നതാണ് പരീക്ഷണം.