Connect with us

Articles

കുളിരായ് കുടിനീരായ് മണ്‍സൂണ്‍

Published

|

Last Updated

നിലനില്‍ക്കുന്ന കാലത്തിന്റെ അവസ്ഥയെ നമുക്ക് കാലാവസ്ഥ എന്ന് വിളിക്കാം. കാലാവസ്ഥയില്‍ നിര്‍ണായകമായതും പ്രകടമായതുമായ മാറ്റമുണ്ടാക്കുന്നവയാണ് മഴ അല്ലെങ്കില്‍ മണ്‍സൂണ്‍. കൃത്യമായി പോകുകയും കൃത്യമായി എത്തുകയും ചെയ്യുന്നതാണ് മണ്‍സൂണിന്റെ പ്രത്യേകത. അതുകൊണ്ട് ഭൂമിയിലെ കാലാവസ്ഥാ നിര്‍ണയത്തില്‍ വലിയ സ്വാധീനം മണ്‍സൂണിനുണ്ട്. ലോകത്തെ 60 ശതമാനം ജനതയുടെയും ജീവിതം മണ്‍സൂണുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്.
അറബി വാക്കായ മദസിം, മലയന്‍ വാക്കായ മോന്‍സിന്‍, കാലാവസ്ഥ എന്നര്‍ഥമുള്ള ഏഷ്യന്‍ പദമായ മോവ്‌സം എന്നിവ ചേര്‍ന്നാണ് ഇംഗ്ലീഷ് പദമായ മണ്‍സൂണ്‍ രൂപപ്പെട്ടത്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള നാല് മാസമാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്നത്. ഏറ്റവും പ്രധാനപ്പെട്ട മഴക്കാലമാണിത്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങള്‍ മണ്‍സൂണ്‍ വിട പറയും കാലമാണ്. ഇതിനെ വടക്കന്‍ മണ്‍സൂണ്‍ എന്നാണ് വിളിക്കുന്നത്.
ഏതദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡവും ഏഷ്യന്‍ ഭൂഖണ്ഡവും തമ്മില്‍ അതിശക്തമായ കൂട്ടിമുട്ടലുണ്ടായത്രേ. ഇതിന്റെ ഭാഗമായി തിബറ്റന്‍ പീഠഭൂമിയുടെ സ്ഥാനം ഉയര്‍ന്നു. ഇതാണ് ഏഷ്യന്‍ മണ്‍സൂണ്‍ ശക്തിപ്പെടാനുള്ള കാരണമായി ഭൗമശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
മഴയുടെ കാര്യത്തില്‍ കേരളം അനുഗൃഹീതമായ പ്രദേശമാണ്. വര്‍ഷത്തില്‍ ആറ് മാസവും രണ്ട് മണ്‍സൂണുകളായി കേരളത്തെ കുളിരണിയിക്കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെ കേരളീയര്‍ ഇടവപ്പാതിയെന്നു വിളിക്കുന്നു. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ നമുക്ക് തുലാവര്‍ഷമാണ്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ തിമര്‍ത്തുപെയ്യുന്ന മഴയാണ് ഇടവപ്പാതി. ഒക്‌ടോബര്‍ പകുതിയോടെയാണ് തുലാമഴ ആരംഭിക്കുന്നത്.
മണ്‍സൂണിന്റെ അളവും വ്യാപ്തിയുമെല്ലാം വര്‍ഷം തോറും വേറിട്ട നിലയിലാണ്. ഇന്ത്യയില്‍ ചില ഘട്ടങ്ങളില്‍ കനത്ത വെള്ളപ്പൊക്കത്തിന് മണ്‍സൂണ്‍ കാരണമാകാറുണ്ട്. കടുത്ത വരള്‍ച്ചക്ക് വഴിയൊരുക്കും വിധം വേണ്ടത്ര മഴ ലഭിക്കാതെ മണ്‍സൂണ്‍ വിട വാങ്ങാറുണ്ട്. ഇതിനിടയില്‍ മിതമായ രീതിയില്‍ ചെടികള്‍ക്കും മനുഷ്യര്‍ക്കും പാകമായ തരത്തിലും മഴ പെയ്യാറുണ്ട്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഉത്ഭവം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വീശൂന്ന തെക്കുകിഴക്കന്‍ വാണിജ്യവാതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. തെക്കുകിഴക്കന്‍ വാണിജ്യ വാതം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ ഭൂമധ്യരേഖാ ലഘുമര്‍ധ മേഖലയിലേക്ക് വീശുന്നു. ഇത്തരാര്‍ധ ഗോളത്തിലേക്ക് കടക്കുന്ന ഇതിന്റെ ദിശ കോറിയയോലിസ് പ്രഭാവം മൂലം വലത്തോട്ട് തിരിഞ്ഞ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റായി ഇന്ത്യയില്‍ എത്തുകയാണ് ചെയ്യുന്നത്. വടക്കുപടിഞ്ഞാറേ ഇന്ത്യയില്‍ രൂപം കൊള്ളുന്ന അതിശക്തമായ ലഘുമര്‍ദം കാരണം മണ്‍സൂണ്‍ കാറ്റിനെ ഇന്ത്യയുടെ മധ്യഭാഗത്തേക്ക് വലിച്ചെടുക്കപ്പെടുന്നു. ഇങ്ങനെ ജൂണ്‍ അവസാനത്തോടെ മണ്‍സൂണ്‍ ഇന്ത്യക്ക് മുകളില്‍ തിമര്‍ത്ത് പെയ്യാന്‍ തുടങ്ങുന്നു.
ഇന്ത്യയില്‍ ലഭിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും സംഭാവന ചെയ്യുന്നത് മണ്‍സൂണാണ്. ഇന്ത്യയിലെ നാണ്യവിളകളുടെയും ഭക്ഷ്യവസ്തുക്കളുടെയും കൃഷി മണ്‍സൂണിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ താര്‍ മരുഭൂമിയിലും സമീപ പ്രദേശങ്ങളിലും വടക്കന്‍ മധ്യ ഇന്ത്യയിലും ഉഷ്ണകാലത്ത് ചൂട് കൂടുതലായിരിക്കും. ഇത്തരം അവസ്ഥ ഈ പ്രദേശത്ത് ന്യൂനമര്‍ദം സൃഷ്ടിക്കുന്നു. ഈ ശൂന്യതയിലേക്ക് കാറ്റ് ശക്തമായി കടന്നുചെല്ലുന്നു. തുടര്‍ന്ന് ഹിമാലയത്തിലേക്ക് നീങ്ങുന്ന കാറ്റിനെ പര്‍വതം തടയുന്നു. ഇത് മഴക്ക് കാരണമാകുന്നു.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തുമ്പോള്‍ അറേബ്യന്‍ കടല്‍ ശാഖയെന്നും ബംഗാള്‍ ഉള്‍ക്കടല്‍ ശാഖയെന്നും രണ്ടായി പിരിയും. അറേബ്യന്‍ കടല്‍ ശാഖ നല്‍കുന്ന മഴയാണ് കേരളത്തില്‍ പെയ്യുന്നത്. കേരള തീരത്തെത്തുന്ന മണ്‍സൂണ്‍ കാറ്റ് വടക്കുകിഴക്കന്‍ ഭാഗത്തേക്ക് ആഞ്ഞടിക്കുമ്പോള്‍ ഇതിനെ പശ്ചിമ ഘട്ടം തടയുന്നു. ഇതെ തുടര്‍ന്ന് പശ്ചമഘട്ട, തീര, സമതലങ്ങളില്‍ നല്ല മഴ ലഭിക്കുന്നു.
ബംഗാള്‍ ഉള്‍ക്കടല്‍ ശാഖ ബംഗാള്‍ കടലിലെത്തുന്നതോടെ വീണ്ടും രണ്ടായി പിരിയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ആഞ്ഞുവീശുന്ന കാറ്റ് കിഴക്കന്‍ ഹിമാലയത്തില്‍ തട്ടി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും സമൃദ്ധമായി പെയ്യുന്നു.
മണ്‍സൂണിന്റെ വിടവാങ്ങല്‍ കാലമായ ഒക്‌ടോബറിലെ കൂടിയ ചൂടില്‍ ലഘുമര്‍ദ മേഖല വടക്കുപടിഞ്ഞാറ് നിന്ന് ബംഗാള്‍ ഉള്‍ക്കടലിന് മുകളിലേക്ക് മാറ്റപ്പെടുകയും അവിടെ ചക്രവാതങ്ങള്‍ രൂപപ്പെടുകയും ചെയ്യും. ഇവ ഇന്ത്യയുടെ പൂര്‍വതീരത്ത് ആഞ്ഞടിക്കുകയും വന്‍ തോതില്‍ നാശത്തിനിടയാക്കുകയും ചെയ്യാറുണ്ട്. ആന്ധ്രാ പ്രദേശിലും തമിഴ്‌നാട്ടിലും ഇക്കാലത്താണ് നല്ല തോതില്‍ മഴ ലഭിക്കുന്നത്.
മഴ ഒരനുഗ്രഹമാണ്. വരണ്ടുണങ്ങുന്ന മനുഷ്യനെപ്പോലെ, ഒരിറ്റ് വെള്ളത്തിനായി ഭൂമിയും കാത്തിരിക്കുമ്പോള്‍ ലഭിക്കുന്ന പരിപാവനമായ അവസ്ഥയാണ് മഴ.