Kerala
ആറ് മാസത്തിനിടെ കൊച്ചിയില്‍ പിടിച്ചത് 36 കിലോ ഗ്രാം സ്വര്‍ണം
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണവേട്ടയില്‍ വന്‍ വര്‍ധന. ആറ് മാസത്തിനുള്ളില്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും വന്ന യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ച 36.08865 കിലോ സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏകദേശം 9,52,88,017 രൂപ വില വരും.
ജനുവരിയില്‍ ഏകദേശം 8185610 രൂപ ഇന്ത്യന്‍ വിപണിയില്‍ വില വരുന്ന 2728.39 ഗ്രാം സ്വര്‍ണവും, ഫെബ്രുവരിയില്‍ 14815430 രൂപ വില മതിക്കുന്ന 6900.93 ഗ്രാം സ്വര്‍ണവും ഏപ്രിലില്‍ 13087080 രൂപ വിലയുള്ള 4943.8 ഗ്രാം സ്വര്‍ണവും മെയില്‍ 23012973 രൂപയുടെ സ്വര്‍ണവും ഏകദേശം 17802373 രൂപ വിലവരുന്ന 7172.48 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
കൂടാതെ ഇന്ത്യന്‍ വിപണിയില്‍ 938357 രൂപ വിലവരുന്ന വിദേശ കറന്‍സികളും 642950 രൂപ മതിക്കുന്ന 11696 ഗ്രാം വെള്ളിയും പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വരെ ഏകദേശം ഒരു കിലോ തൂക്കം വരുന്ന സ്വര്‍ണക്കട്ടികളാണ് കൊണ്ടു വന്നതെങ്കില്‍ സ്വര്‍ണക്കടത്ത് സജീവമായതോടെ വിവിധ രൂപത്തിലാണ് കടത്താന്‍ ശ്രമിച്ചത്.
ഫഌവര്‍ വാസിന്റെ ബ്രാസിന്റെ ഉള്ളില്‍ അതേ രൂപത്തിലാക്കിയും ദ്രാവകരൂപത്തിലാക്കിയും കോയിന്‍ രൂപത്തിലും മൊബൈല്‍ കവറിനുള്ളിലും സ്പൂണ്‍ രൂപത്തിലും ഹാന്‍ഡ് ബാഗിന്റെ ബ്രിഡിംഗ് രൂപത്തിലും ഷീറ്റ് രൂപത്തിലും മാത്രമല്ല ഗര്‍ഭനിരോധന ഉറകളിലും വയറിനുള്ളിലും ഒളിപ്പിച്ചും മലദ്വാരത്തിനുള്ളിലും മറ്റുമായാണ് ഇതുവഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഇന്ത്യയിലെ വിവിധ രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ വേട്ട നടന്നത് കൊച്ചി വിമാനത്താവളത്തിലാണ്. അത്യാധുനിക ഉപകരണങ്ങളുടെയും ജീവനക്കാരുടെയും കുറവുണ്ടായിട്ടും കസ്റ്റംസ് ജീവനക്കാരുടെ ആത്മര്‍ഥതയാലാണ് ഇത്രയും സ്വര്‍ണം പിടികൂടാന്‍ കഴിഞ്ഞത്. കൊച്ചിയില്‍ എത്തുന്ന വിദേശ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരാത്തവിധത്തില്‍ പരിശോധനകള്‍ നടത്തിയാണ് സ്വര്‍ണം പിടികൂടുന്നത്.
അത്യാധുനിക ഉപകരണങ്ങള്‍ കൂടുതല്‍ സ്ഥാപിക്കുകയും ജീവനക്കാരെ ആവശ്യത്തിന് നിയോഗിക്കുകയും ചെയ്താല്‍ അനധികൃത സ്വര്‍ണം ഉള്‍പ്പടെയുള്ളവ കൂടുതല്‍ പിടികൂടാന്‍ കഴിയും.
ഗള്‍ഫ് നാടുകളില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന പ്രായമുള്ളവരെ പ്രത്യേകം പരിശീലിപ്പിച്ചാണ് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ ഇപ്പോള്‍ യുവാക്കളെയാണ് ഉപയോഗിക്കുന്നത്.
കസ്റ്റംസ് തീരുവ അധികമായതാണ് വിദേശരാജ്യങ്ങളില്‍ നിന്നും സ്വര്‍ണം അനധികൃതമായി കടത്താന്‍ കള്ളക്കടത്ത് സംഘത്തെ പ്രേരിപ്പിക്കുന്നത.് കസ്റ്റംസ് തീരുവ കുറക്കുകയും അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തുകയും ചെയ്താല്‍ മാത്രമെ സ്വര്‍ണക്കടത്ത് നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.