Articles
പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ഇറാനും സിറിയയും
സിറിയയും ഇറാഖും തമ്മിലുള്ള ബന്ധം സാംസ്‌കാരിക സമാനതകള്‍ കൊണ്ടും മൊസപ്പൊട്ടേമിയന്‍ നാഗരികതയുടെ സമ്പന്നമായ ചരിത്രം കൊണ്ടും അടയാളപ്പെടുത്താവുന്നതും സൗഹാര്‍ദപരവുമാകേണ്ടതായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അത് അത്തരമൊരു ഔന്നിത്യത്തിലേക്ക് ഉയര്‍ന്നിട്ടില്ല. സംശയത്തിന്റെ ഇരുട്ട് നിറഞ്ഞിരുന്നു ഈ രാജ്യങ്ങള്‍ക്കിടയില്‍. അതിന് ഇവിടങ്ങളിലെ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമൊന്നുമില്ല. ഭരണാധികാരികള്‍. അവരാണ് ലയിപ്പിക്കലിന്റെയും അതിര്‍ത്തി വരക്കലിന്റെയും അതിര്‍ത്തി വ്യാപനത്തിന്റെയും കുതന്ത്രങ്ങള്‍ പുറത്തെടുത്തത്. അധിനിവേശ ശക്തികള്‍ വെട്ടിമുറിച്ചപ്പോള്‍ വംശീയമായ മുറിവുകള്‍ അവശേഷിപ്പിച്ചു. പിന്നീട് രണ്ടിടത്തും ബഅസ് പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നപ്പോഴും മുറിവുകള്‍ ഉണങ്ങാതെ നിന്നു. യുദ്ധങ്ങള്‍ പലത് നടന്നു. യു എന്‍ ഇടപെട്ട് പല തവണ വെടിനിര്‍ത്തലുകളും. സമാധാനത്തിന്റെയും സംഘര്‍ഷത്തിന്റെയും ഇടവേളകളിലൂടെ സഞ്ചരിച്ച് 2006ല്‍ നയതന്ത്ര ബന്ധം തുടങ്ങിയ ഈ അയല്‍ക്കാര്‍ ഇന്ന് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവില്‍ നേര്‍ക്കു നേര്‍ നില്‍ക്കുകയാണ്.
ഇറാഖിന്റെ വടക്കന്‍ പ്രവിശ്യകള്‍ ഒന്നൊന്നായി പിടിച്ചടക്കി ശിഥിലീകരണത്തിന്റെ മാരകമായ തലം സൃഷ്ടിച്ചുകഴിഞ്ഞ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത്(ഇസില്‍) സായുധ സംഘത്തിന്റെ പേരിലെ ലെവന്ത് സിറിയയാണ്. ഇറാഖിന്റെ വടക്കന്‍ മേഖലകളും സിറിയയുടെ കിഴക്കന്‍ മേഖലകളും ചേര്‍ത്ത് പ്രത്യേക രാഷ്ട്രമാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. പ്രഖ്യാപിത ലക്ഷ്യമെന്നത് പ്രധാനമാണ്. അകത്തെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്? ആരൊക്കെയാണ് ഇവരെ നയിക്കുന്നത്? അല്‍ഖാഇദ മാത്രമാണോ ഇവരുടെ പ്രായോജകര്‍? ശിഥിലീകരണത്തിന്റെ ഉപകരണങ്ങളാണോ ഇവര്‍? കാലം ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിവ. ഒരു കാര്യം ഉറപ്പാണ്. നൂരി അല്‍ മാലിക്കി നടത്തിയ ശിയാവത്കരണത്തിന്റെ ഉപോത്പന്നമാണ് ഈ സംഘം. അമേരിക്കയുടെ വിഭജന തന്ത്രത്തിന്റെ സൃഷ്ടിയുമാണിത്. ഇറാഖ് സൈന്യത്തില്‍ നിന്ന് സദ്ദാം ഹുസൈന്റെ പേരില്‍ ആയിരക്കണക്കായ സൈനിക ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടത് വെറുതെയായില്ല. കൂട്ട നശീകരണ ആയുധങ്ങളെന്ന കളവിന്റെ പുറത്ത് നടത്തിയ അധിനിവേശത്തിന്റെ പുനരാവര്‍ത്തനം സാധ്യമാകുകയാണ്. അന്ന് ഉപേക്ഷിച്ചുപോയ ആയുധങ്ങളാണ് സായുധ സംഘത്തിന്റെ കൈയിലുള്ളത്. അങ്ങനെയാണ് വംശീയ വികാരത്തിന് അക്രമാസക്തമാകാനുള്ള ഭൗതിക സാഹചര്യമൊരുങ്ങിയത്. കുറേ സ്വകാര്യ സേനകള്‍. സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍. ആയുധപ്പുരകളുടെ രഹസ്യവും പരസ്യവുമായ താക്കോലുകള്‍ അവരുടെ കൈയിലുണ്ട്. നിര്‍വീര്യമാക്കപ്പെട്ട ഔദ്യോഗിക സൈന്യത്തിന് മേല്‍ ഇത്തരമൊരു സംഘം വിജയം നേടുമെന്നത് സ്വാഭാവികം. വംശീയതയിലധിഷ്ഠിതമായ സിവിലിയന്‍ പിന്തുണ കൂടി അവര്‍ക്കുള്ളപ്പോള്‍. ഇവിടെ സിറിയപ്പോലെ, ഇറാനെപ്പോലെയുള്ള അയല്‍ക്കാര്‍ക്ക് ഒരു പാട് ചെയ്യാനുണ്ടായിരുന്നു. പക്ഷേ അവര്‍ പിന്തുടരുന്നത് വംശീയ വിഭജനം ശക്തമാക്കുന്ന നയമാണ്.
ഇറാഖിന് സര്‍വ പിന്തുണയും ഇറാന്‍ വാഗ്ദാനം ചെയ്യുമ്പോള്‍ അത് സമാധാന പുനഃസ്ഥാപനത്തിനുള്ള ഉള്‍ക്കൊള്ളല്‍ നയത്തിന്റെ ഭാഗമായല്ല. മറിച്ച് സുന്നീ വിഭാഗത്തെ അടിച്ചമര്‍ത്തുകയെന്ന വംശീയ അജന്‍ഡയുടെ ഭാഗമാണ്. ആധുനിക ഇറാഖിന്റെ സുശക്തമെന്ന് വിശേഷിപ്പിക്കപ്പെട്ട സൈന്യത്തിന് ആക്രമണത്തിന്റെ പോയിട്ട് ചെറുത്തു നില്‍പ്പിന്റെ പോലും മണിക്കൂറുകള്‍ കാഴ്ചവെക്കാന്‍ സാധിക്കാത്തത് അതിന് ദേശീയ സ്വഭാവം ഇല്ലാത്തത് കൊണ്ടാണെന്ന് ഇറാന്‍ മനസ്സിലാക്കണം.
ഇത്തരമൊരു സൈന്യത്തിന് എത്ര ആയുധമെത്തിച്ചിട്ടും കാര്യമില്ല. (ശിയാ വികാരത്തിന്റെ പേരിലെങ്കിലും) ഇറാഖ് അഖണ്ഡമായി നിലനില്‍ക്കണമെന്ന് ഇറാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ചെയ്യേണ്ടിയിരുന്നത് എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു ഭരണ സംവിധാനത്തിന് നൂരി അല്‍ മാലിക്കിയെ പ്രേരിപ്പിക്കുകയായിരുന്നു. കാരണം ഇന്ന് അമേരിക്കയേക്കാള്‍ മാലിക്കിക്ക് മേല്‍ സ്വാധീനമുള്ളത് ഇറാനാണ്. സത്യത്തില്‍ അത്തരമൊരു ഐക്യ ശ്രമം ഒരു കീഴടങ്ങലായിരുന്നില്ല. മറിച്ച് തന്ത്രപരമായ മുന്നേറ്റമായിരുന്നു. സഊദി അടക്കമുള്ള പുറത്തു നിന്നുള്ള ശക്തികളെ അകറ്റി നിര്‍ത്താനും അമേരിക്കയുടെ ഇടപെടല്‍ അപ്രസക്തമാക്കാനും ഇതു വഴി സാധിക്കുമായിരുന്നു. എന്നാല്‍ ഇറാന്‍ നേതൃത്വം ആ വഴിക്കല്ല നീങ്ങിയത്. അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു അവര്‍. എന്നുവെച്ചാല്‍ ആണവ പ്രശ്‌നമടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയുമായുള്ള ആയിരംകാതം അകല്‍ച്ച ഈ ഒരു വാര സൗഹൃദം കൊണ്ട് പരിഹരിക്കാമെന്ന ലാക്കായിരുന്നു അവര്‍ക്ക്. മാത്രമല്ല, അറബ് ലോകത്തെ പ്രമുഖര്‍ അമേരിക്കയുമായി പിണങ്ങിക്കിട്ടുമെങ്കില്‍ അതും ബോണസെന്ന് ഇറാന്‍ കരുതുന്നു. ഈ കണക്ക് കൂട്ടലെല്ലാം ചേര്‍ന്നപ്പോള്‍ നൂരി അല്‍ മാലിക്കിക്ക് അക്രമാസക്ത പിന്തുണ പ്രഖ്യാപിക്കുകയാണ് ഇറാന്‍ ചെയ്തത്. ഐക്യ സര്‍ക്കാര്‍ സാധ്യമല്ലെന്ന് പറയാനുള്ള ആത്മവിശ്വാസം നൂരി അല്‍ മാലിക്കിക്ക് ലഭിച്ചു. ഇത് വംശീയ സ്പര്‍ധയെ ആളിക്കത്തിച്ചു. സായുധ സംഘത്തിന് കൂടുതലിടങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചു. സിറിയയില്‍ കൂടി ആക്രമണം ശക്താമാക്കാന്‍ അവര്‍ മുതിര്‍ന്നു. കുര്‍ദുകള്‍ സമ്പൂര്‍ണമായി വേര്‍പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഇതെല്ലാം നഷ്ടങ്ങളാണ്. ഇറാഖ് ജനതയുടെ നഷ്ടങ്ങള്‍. പ്രശ്‌ന സങ്കുലവും ശിഥിലീകൃതവും എക്കാലത്തും പാശ്ചാത്യ ശക്തികള്‍ കാവല്‍ നില്‍ക്കുന്നതും കൊള്ളയടിക്കപ്പെടുന്നതുമായ ഒരു രാജ്യം അയല്‍പ്പക്കത്ത് ഉണ്ടാകണമെന്നാണോ ഇറാന്‍ ആഗ്രഹിക്കുന്നത്.
ഇനി സിറിയയുടെ കാര്യമെടുക്കാം. ബശര്‍ അല്‍ അസദിനെ പുറത്താക്കാന്‍ ആയുധമെടുത്തവരെ ആര് സഹായിച്ചാലും അവര്‍ സിറിയയുടെ ദേശീയ താത്പര്യത്തിന് എതിരാണെന്ന് വാദിച്ചു വരികയാണ് സിറിയന്‍ ഭരണകൂടം. പുറത്തു നിന്നുള്ള ഇടപെടലിന് അസദ് എതിരാണ്. അമേരിക്ക സിറിയക്കെതിരെ യുദ്ധ സന്നാഹം നടത്തിയപ്പോഴും യു എന്‍ നിരീക്ഷണത്തിന് ആയുധപ്പുരകള്‍ തുറന്ന് കൊടുക്കണമെന്ന് വന്നപ്പോഴും രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്ന് കയറ്റമെന്ന് വിലപിച്ചു അദ്ദേഹം. ആഭ്യന്തരമായ പരിഹാരത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കാറുള്ളത്. എന്നിട്ടിപ്പോള്‍ ഇറാഖിന്റെ കാര്യം വന്നപ്പോള്‍ ഇസില്‍ സംഘത്തെ ഇറാഖിന്റെ മണ്ണില്‍ നേരിടുകയാണ് അദ്ദേഹം. അന്‍ബാര്‍ പ്രവിശ്യയുടെ ആകാശത്ത് സിറിയന്‍ യുദ്ധവിമാനങ്ങള്‍ ഇരമ്പി. സിവിലിയന്‍മാര്‍ക്കിടയില്‍ ബോംബ് വര്‍ഷിച്ചു.
നൂറിലധികം പേര്‍ മരിച്ചുവെന്നാണ് കണക്ക്. അമേരിക്കയുടെ താത്പര്യത്തിലാണ് ഈ ബോംബ് വര്‍ഷം. പാശ്ചാത്യ അധിനിവേശത്തിന്റെ പേരില്‍ സിറിയയെ പിന്തുണച്ചിരുന്നവരെ അത്ഭുത പരതന്ത്രമാക്കുന്ന മെയ്‌വഴക്കമാണ് ഇന്ന് അമേരിക്കയുമായുള്ള ബന്ധത്തില്‍ അവര്‍ കൈകൊള്ളുന്നത്. ഇറാഖില്‍ തങ്ങള്‍ ചെയ്യാന്‍ മടിക്കുന്നത് സിറിയ ചെയ്യട്ടെ എന്നതാണ് അമേരിക്കയുടെ നിലപാട്. സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കാനായത് വന്‍ മുന്നേറ്റമാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചത് കൂടി ഇതോട് ചേര്‍ത്ത് വായിക്കണം. എന്നുവെച്ചാല്‍ അസദ് വാഴട്ടെയെന്ന് യു എസ് താത്കാലികമായെങ്കിലും തീര്‍പ്പിലെത്തിയിരിക്കുന്നു. അപ്പോള്‍ വിമതര്‍ക്ക് സാമ്പത്തിക സഹായത്തിന് യു എസ് കോണ്‍ഗ്രസില്‍ ഒബാമ കൈപ്പൊക്കിയതോ എന്ന ചോദ്യമുയരാം. ഉത്തരം ലളിതമാണ്. മുള്ളിനെ മുള്ളു കൊണ്ട് എടുക്കുക തന്നെ. ഇസിലിനെ നേരിടാന്‍ ഫ്രീ സിറിയന്‍ ആര്‍മി പോലുള്ള വിമത ഗ്രൂപ്പുകളെ ശക്തമാക്കുക. അസദിന്റെ അറിവോടെയാകും ഇത്.
ആരുടെയും സഹായം തേടിയിട്ടില്ലെന്നാണ് സിറിയന്‍ സിറിയന്‍ ബോംബിംഗിനോട് നൂരി മാലിക്കി പ്രതികരിച്ചത്. ആരു സഹായിച്ചാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായം തേടിയില്ല എന്നത് ഈ സാഹചര്യത്തില്‍ പ്രസക്തമല്ല. സിറിയന്‍ ഇടപെടലിനെ അദ്ദേഹം സ്വാഗതം ചെയ്തുവെന്നതാണ് പ്രധാനം. സിറിയന്‍ മേഖലയില്‍ ഇസില്‍ സംഘം ഒരു സുപ്രഭാതത്തില്‍ നിലയുറപ്പിച്ചതല്ല. വര്‍ഷങ്ങളായി ഈ പ്രക്രിയ തുടങ്ങിയിട്ട്. അന്ന് അസദ് വിരുദ്ധരായ മറ്റ് ഗ്രൂപ്പുകളുമായി ഇസില്‍ സംഘം ഏറ്റുമുട്ടിയിരുന്നു. അന്ന് അസദ് കണ്ണടച്ചു. ഇപ്പോഴും ഇസിലിനെതിരെ അദ്ദേഹം വ്യോമാക്രമണത്തിന് ഒപ്പിട്ടിരിക്കുന്നത് സ്വന്തം മണ്ണിലല്ലെന്നോര്‍ക്കണം. സിവിലിയന്‍മാര്‍ കൂടി കൊല്ലപ്പെടുന്ന വ്യോമാക്രമണം വഴി അസദോ, നൂരി അല്‍ മാലിക്കിയോ ഒന്നും നേടാന്‍ പോകുന്നില്ലെന്നതാണ് വസ്തുത.
ഇത്തരം ഒരു കൂട്ടം വസ്തുതകളുടെ നടുവിലാണ് അമേരിക്കയുടെ ഇറാഖ് നയം എവിടെയുമെത്താതെ അലയുന്നത്. പുതിയ സംഭവവികാസങ്ങളില്‍ ഏറ്റവുമേറെ ഉത്തരവാദിത്വമുള്ള യു എസ് അമ്പരന്ന് നില്‍ക്കുകയാണ്. ആദ്യം പറഞ്ഞു ഡ്രോണ്‍ ആക്രമണം നടത്തുമെന്ന്. ഇതിനാവശ്യമായ സ്ഥലം നിര്‍ണയിക്കാന്‍ നിയോഗിച്ച ചാരന്‍മാര്‍ ഇരുട്ടില്‍ തപ്പിയപ്പോള്‍ അത് വേണ്ടെന്ന് വെച്ചു. പിന്നെ “സൈനിക ഉപദേശക”രെ അയച്ചു. അതുകഴിഞ്ഞ് പറഞ്ഞു, ഇറാഖിലെ അമേരിക്കന്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും സംരക്ഷിക്കാന്‍ നേരിയ സൈനിക സന്നാഹങ്ങള്‍ക്ക് മുതിരുമെന്ന്. ഒരു തീര്‍ച്ചയുമില്ല. സ്വയം സൃഷ്ടിച്ച പ്രശ്‌നങ്ങളില്‍ നിന്ന് പുറത്ത് കടക്കാനാകാത്ത അവസ്ഥ. ആത്യന്തികമായി അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ തന്നെയാകും ഇറാഖിന്റെ വിധി നിര്‍ണയിക്കുക. ആധുനിക ചരിത്രത്തിലുടനീളം എണ്ണ സമ്പന്നമായ ഏത് രാഷ്ട്രത്തിന്റെയും ഗതി അതായിരുന്നു. ആ അവസാന എടുത്തു ചാട്ടത്തിലേക്ക് എത്തുന്നതിന് മുമ്പ് യു എസ് ഇത്ര ആശയക്കുഴപ്പം അനുഭവിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ഥം മുമ്പൊരിക്കലും ഇല്ലാത്ത വിധം മേഖലയിലെ ശക്തികള്‍ വംശീയമായി ചേരി തിരിഞ്ഞിരിക്കുന്നുവെന്നതാണ്. ഈ ചേരി തിരിവിനെ രൂക്ഷമാക്കുന്ന നീക്കങ്ങളേ കാണാനുള്ളൂ. മുഖ്തദാ അല്‍ സദറും, അലി അല്‍ സിസ്താനിയുമെല്ലാം ഈ ശിഥിലീകരണത്തില്‍ പങ്കെടുക്കുന്നു.
യു എന്‍ പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഇത്രയും മൗനം പാലിച്ച ഘട്ടം ഉണ്ടായിട്ടില്ല. ബഗ്ദാദ് പിടിക്കാന്‍ സായുധ സംഘത്തിന് സാധിക്കാം, സാധിക്കാതിരിക്കാം. പ്രശ്‌നം അതല്ല. മൂന്നായി വിഭജിക്കപ്പെട്ട ഇറാഖിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാകുമെന്നതാണ്. പക്ഷം പിടിക്കുന്ന ഇറാനോ സിറിയയോ ആകില്ല അതെന്നുറപ്പാണ്.