Connect with us

National

കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം നിര്‍ദേശിച്ച നാല് പേരില്‍ ഒരാളെ ഒഴിവാക്കിയ എന്‍ ഡി എ സര്‍ക്കാറിന്റെ തീരുമാനത്തെയാണ് കൊളീജിയത്തിന്റെ അധ്യക്ഷനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ രൂക്ഷമായി വിമര്‍ശിച്ചത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേരാണ് ജഡ്ജിമാരുടെ പാനലില്‍ നിന്ന് മോദി സര്‍ക്കാര്‍ ഒഴിവാക്കിയത്.
ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല. ഇക്കാര്യത്തില്‍ നിയമ മന്ത്രാലയത്തിന്റെ നടപടി തെറ്റായിപ്പോയെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ നല്‍കിയ പേരുകളിലൊന്ന് തന്റെ അറിവോ സമ്മതമോ കൂടാതെ ഒഴിവാക്കിയ കേന്ദ്ര നടപടി ശരിയായില്ല. നടപടി തികച്ചും ഏകപക്ഷിയമാണ്. സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ബി എസ് ചൗഹാന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറവെച്ചുകൊണ്ട് ഒരു നിമിഷം പോലും അധികാരത്തിലിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ലോധ മുന്നറിയിപ്പ് നല്‍കി.
നിയമനം വിവാദമായതോടെ താന്‍ സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ തീരുമാനം തിടുക്കത്തില്‍ ആയിപ്പോയെന്നും വിദേശത്തായിരുന്ന താന്‍ എത്തുന്നതു വരെ അദ്ദേഹം കാത്തിരിക്കണമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുള്‍പ്പെട്ട കൊളീജിയത്തിന്റെ ശിപാര്‍ശ സാധാരണ നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയാണ് പതിവ്. യുക്തിയേക്കാള്‍ ഭക്തിക്കാണ് മുന്‍ സോളിസിറ്റര്‍ ജനറലായ ഗോപാല്‍ സുബ്രഹ്മണ്യം പ്രാമുഖ്യം നല്‍കുന്നതെന്ന് വിശദീകരിച്ചുകൊണ്ടാണ് കൊളീജിയത്തിന്റെ പട്ടികയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി മറ്റ് മൂന്ന് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
യു പി എ സര്‍ക്കാറിന്റെ ഭരണത്തിന്റെ അവസാന കാലയളവിലായിരുന്നു സുപ്രീം കോടതി കൊളീജിയം ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് ശിപാര്‍ശ ചെയ്തത്. ഗോപാല്‍ സുബ്രഹ്മണ്യത്തെ കൂടാതെ റോഹിംഗ്ടണ്‍ നരിമാന്റെ പേരും ശിപാര്‍ശ ചെയതിരുന്നു.
എന്നാല്‍, ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് ഇതില്‍ നിന്ന് കേന്ദ്രം ഏകപക്ഷീയമായി നിരാകരിക്കുകയായിരുന്നു. ജുഡീഷ്യറിയിലും മോദി സര്‍ക്കാര്‍ ഇടപെടുന്നതിന്റെ വ്യക്തമായ സൂചനയാണ് ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിമാരുടെ പാനലില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം. ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതി ജഡ്ജിയാകുന്നതിനോട് ബി ജെ പി സര്‍ക്കാറിന് താത്പര്യമുണ്ടായിരുന്നില്ല.
സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗോപാല്‍ സുബ്രഹ്മണ്യം അമിക്കസ് ക്യൂറിയായിരിക്കെ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മോദിയുടെ അടുത്ത അനുയായിയും ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേസില്‍ പ്രതിയാകുന്നത്. ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ടതോടെ ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ വിവിധ ഏജന്‍സികള്‍ നല്‍കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് രാജ്യത്തെ തന്നെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകരില്‍ ഒരാളായ ഗോപാല്‍ സുബ്രഹ്മണ്യം പട്ടികയില്‍ നിന്ന് പിന്മാറിയത്.

 

 

 

Latest