Connect with us

International

സാധാരണക്കാരുടെ വിവരങ്ങളും യു എസ് ചോര്‍ത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) നടത്തിയ 99 ശതമാനം വിവരം ചോര്‍ത്തലും സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെതായിരുന്നെന്ന് റിപ്പോര്‍ട്ട്. പ്രമുഖരെ ലക്ഷ്യമിട്ട് എന്‍ എസ് എ നടത്തിയ വിവര ചോര്‍ത്തലില്‍ സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. രഹസ്യ മൂല്യമില്ലെങ്കിലും വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ എസ് എയിലെ മുന്‍ കരാര്‍ ജീവനക്കാരന്‍ എഡ്വാഡ് സ്‌നോഡനാണ് ഈ വിവരം നല്‍കിയത്.
2009-12 കാലയളവില്‍ എന്‍ എസ് എ ശേഖരിച്ചവയില്‍ 11,000 ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ നിന്നുള്ള 7900 രേഖകളും 1.60 ലക്ഷം ഇ മെയിലുകളും എസ് എം എസുകളും വിലയിരുത്തിയതായി പത്രം അവകാശപ്പെടുന്നു. നാല് മാസം നടത്തിയ അന്വേഷണത്തില്‍ പത്തില്‍ ഒമ്പത് അക്കൗണ്ടുകളും ചോര്‍ത്തല്‍ സ്വാഭവത്തില്‍ ആയിരുന്നില്ല. ഇവരില്‍ അമേരിക്കന്‍ പൗരന്‍മാരും ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ ഇവയില്‍ രഹസ്യാന്വേഷണ മൂല്യമുള്ള പരിഗണനീയ കണ്ടെത്തലുകളും ഉണ്ടായിരുന്നു. വിദേശ ആണവ പദ്ധതിയെ സംബന്ധിച്ച അതീവ രഹസ്യ വെളിപ്പെടുത്തലുകള്‍, പ്രധാന സഖ്യകക്ഷിയുടെ ഇരട്ട ഇടപാട്, വിദൂര സൗഹൃദമുള്ള ഒരു ഭരണകൂടത്തെ താഴെയിറക്കാനുള്ള സൈനിക വിപത്ത്, യു എസ് കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് നുഴഞ്ഞുകയറിയവരെ തിരിച്ചറിയല്‍ തുടങ്ങിയ പ്രധാന കണ്ടെത്തലുകള്‍ ഇവയിലുണ്ട്. ഇവ സ്വകാര്യതയെ വന്‍ തോതില്‍ ഹനിക്കുന്നതിനായാല്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് നയതന്ത്ര തലവേദനയുണ്ടാക്കുന്നതാണെന്ന് പത്രം നിരീക്ഷിക്കുന്നു.
വിദേശ രാഷ്ട്ര തലവന്‍മാരടക്കമുള്ളവരുടെ വിവരം അമേരിക്ക ചോര്‍ത്തുന്നുവെന്ന വിവരം ലോകത്തോട് വെളിപ്പെടുത്തിയതിന് ശേഷം 2013 മെയ് മാസത്തിലാണ് സ്‌നോഡന്‍ രാജ്യം വിട്ടത്. ഇപ്പോള്‍ താത്കാലികമായി റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രഹസ്യ രേഖകള്‍ വാഷിംഗ്ടണ്‍ പോസ്റ്റിനും ഗാര്‍ഡിയനും സ്‌നോഡന്‍ കൈമാറിയിരുന്നു.

Latest