Connect with us

Ongoing News

പിരാന്തിന്റെ ലോജിക് ഭ്രാന്തന് മാത്രമേ തിരിയൂ

Published

|

Last Updated

ഹസനുല്‍ബസരി (റ) നോമ്പുകാലത്ത് ഒരു ആള്‍ക്കൂട്ടത്തിന്നരികിലൂടെ നടന്നു പോയി. അവര്‍ ആര്‍ത്തു ചിരിക്കുകയാണ്. ഇതുകേട്ട് മഹാനവര്‍കള്‍ പറഞ്ഞു: വിജയിച്ചവര്‍ വിജയിക്കുകയും പരാജിതര്‍ പരാജയപ്പെടുകയും ചെയ്ത ഈ ദിവസത്തില്‍ കളിച്ചു ചിരിക്കുന്നവന്റെ കാര്യം അത്ഭുതകരം തന്നെ.! രഹസ്യങ്ങളുടെ മറ അനാവരണം ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ വിജയിച്ചവന്‍ സന്തോഷം കാരണവും പരാജിതന്‍ ദു ഃഖം കാരണവും കളിക്കാന്‍ മറക്കുമായിരുന്നു.! ഹസനുല്‍ ബസരി(റ) ഇക്കാലത്ത് ജീവിക്കാതിരുന്നത് മഹാനവര്‍കളുടെ ഭാഗ്യം.! കളിക്കാരുടെ കളിമഹോത്സവങ്ങളും അത് കണ്ടാസ്വദിക്കുന്നവരുടെ മൂച്ചിപ്പിരാന്തുകളും ആ പിരാന്തുകള്‍ക്ക് കരഘോഷം പകരുന്ന മുത്തശ്ശിപ്പത്രങ്ങളുടെ സാമ്രാജ്യത്വ അജന്‍ഡകളും കാണുമ്പോള്‍ ഒരു ശരാശരി മുസ്‌ലിം പോലും ആര്‍ത്തു കരഞ്ഞേക്കും. ഈ റമസാനില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഹൈദരാബാദിലേക്കും തിരിച്ചും ബസിലും ട്രെയിനിലുമായി യാത്ര ചെയ്യേണ്ടി വന്നു. മലപ്പുറത്തിനപ്പുറം ബ്രസൂക്കന്‍ കളിയാരവങ്ങള്‍ കുറവാണ്. കേരളത്തിന് പുറത്ത് തീരെയില്ല. തമിഴ്‌നാട്ടുകാരും കര്‍ണാടകക്കാരും അവരുടെതായ കൃഷിപ്പണികളില്‍ മുഴുകിയിരിക്കുകയാണ്. ആന്ധ്രയിലും അന്തരീക്ഷം വിഭിന്നമല്ല. സ്വന്തം കച്ചവടങ്ങള്‍, സ്വന്തം കൂലിവേലകള്‍, സ്വന്തം കളികള്‍, സ്വന്തം പഠിപ്പുകള്‍, സ്വന്തം യാത്രകള്‍…
ആകാശവും ഭൂമിയും പഴയതുതന്നെ. നോമ്പും നിസ്‌കാരവും റമസാനും ഖുര്‍ആനും ഇല്ലാത്തവര്‍ പോലും അവരുടെതായ ജീവിത വഴികളില്‍ സഹിച്ചും ക്ഷമിച്ചും തൃപ്തിപ്പെട്ടും കഴിയുന്നു. തിമര്‍ത്താടുന്ന യൗവനങ്ങള്‍ ഇല്ല. പരിസരം വൃത്തികേടാക്കുന്ന ഫഌക്‌സ് മഹോത്സവങ്ങളില്ല. വാതുവെപ്പുകളും തര്‍ക്കവിതര്‍ക്കങ്ങളും ആര്‍പ്പുവിളികളുമില്ല. ലോകത്ത് പുതിയതായി ഒന്നും സംഭവിക്കുന്നില്ലാത്തതു പോലെ. യാ അല്ലാഹ്, എന്റെ സമുദായത്തിനെന്തുപറ്റി! എന്റെ നാട്ടുകാര്‍ക്കെന്തു പറ്റി! പുണ്യം പെയ്തിറങ്ങുന്ന ഈ റമസാനിന്റെ ഇരവുപകലുകളില്‍ പോലും അവര്‍ തീറ്റയും കുടിയുമില്ലാതെ കെട്ട്യോളും കുട്ട്യോളും ഇല്ലാതെ തൊഴിലും പണിയും ഇല്ലാതെ പഠിപ്പും പരീക്ഷയുമില്ലാതെ സേവനവും ആരാധനയുമില്ലാതെ ഉറക്കവും വിശ്രമവുമില്ലാതെ സ്‌ക്രീനുകളില്‍ തെളിയുന്ന ഏതോ പാശ്ചാത്യന്‍ വിഗ്രഹങ്ങളുടെ കൈകാലുകളുടെ ചലന നിശ്ചലനങ്ങളില്‍ കണ്ണുമിഴിച്ചിരുന്ന് അര്‍മാദിക്കുകയാണ്! അതിന്റെ ഭൂതവും ഭാവിയും കൂട്ടിയും കിഴിച്ചും പരസ്പരം ചെളിവാരി എറിയുകയാണ്. രണ്ടനുഗ്രഹങ്ങളില്‍ അധിക പേരും വഞ്ചിതരാണ്. ഒഴിവ് സമയവും ആരോഗ്യവുമത്രെ അത് എന്നു പഠിപ്പിച്ച മുത്ത് നബി(സ)യുടെ അനുയായികളാണല്ലോ ഇവര്‍. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഒരാളുടെ ഇസ്‌ലാം ഭംഗിയാകുന്നതിന്റെ ഭാഗമാണെന്നും പഠിപ്പിച്ചത് ആ നബി (സ)തന്നെ. ആര്‍ക്കുവേണ്ടിയാണിവരീ തുള്ളുന്നത്? എന്തിനുവേണ്ടിയാണിവരീ സമയവും സമ്പത്തും ഊര്‍ജവും തുലക്കുന്നത്? എന്നൊന്നും ആരും ചോദിച്ചേക്കരുത്. കാരണം പിരാന്തിന്റെ ലോജിക് പിരാന്തനു മാത്രമേ തിരിയൂ.

Latest