Ongoing News
റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു; കേരളത്തിന് അവഗണന
ന്യൂഡല്‍ഹി:മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റ് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ലോക്‌സഭയില്‍ അവതരിപ്പിച്ചു.ബജറ്റില്‍ കേരളത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് നേരിടേണ്ടി വന്നത്. കേരളത്തിന് ലഭിച്ചത് ഒരു പാസഞ്ചര്‍ തീവണ്ടി മാത്രം. ബൈന്ദൂര്‍-കാസര്‍കോഡ് പാസഞ്ചര്‍ മാത്രമാണ് കേരളത്തിന് ലഭിച്ചത്. കാഞ്ഞങാങട്-പാണത്തൂര്‍ പുതിയ പാതക്കായി സര്‍വേ തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്.
ജനപ്രിയ വാഗ്ദാനങ്ങളില്ലതെ സ്വകാര്യ പങ്കാളിത്തത്തിനും വിദേശ നിക്ഷേപത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍.നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 50000 കോടി രൂപ ആവശ്യമാണ്.നടത്തിപ്പില്‍ ഒഴികെ നേരിട്ടുള്ള വിദേശ നിക്ഷേപം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.ജനകീയ പദ്ധതികള്‍ റെയില്‍വേയെ നഷ്ടത്തിലാക്കി.യാത്രാ നിരക്ക് കൂട്ടിയത്‌കൊണ്ടു മാത്രം നഷ്ടം നികത്താനാകില്ല.റെയില്‍വേയുടെ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ ആവശ്യമുണ്ട്.ഇന്ത്യന്‍ റെയില്‍വേയെ ലോകത്തിലെ ഏറ്റവും മികച്ച ചരക്കു വാഹക സംവിധാനമാക്കുമെന്നും ആധുനിക വല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുമെന്നും സദാനന്ദഗൗഡ പറഞ്ഞു.
പുതിയ എട്ടു പാസഞ്ചര്‍ തീവണ്ടികളും 27 എക്‌സ്പ്രസുകളും സര്‍വീസ് തുടങ്ങും.9 അതിവേഗ ട്രെയിനുകളും 6 പ്രീമിയം ട്രെയിനുകളും 6 ഏ സി ട്രെയിനുകളും ആരംഭിക്കും.റെയില്‍വേ സുരക്ഷ വര്‍ധിപ്പിക്കും.സ്ത്രീകളുടെ സുരക്ഷയ്ക്കായി 4000 വനിതാ പൊലീസുകാരെ നിയോഗിക്കും.ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വിപുലീകരിക്കും. സ്റ്റേഷനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തും. 10 റെയില്‍വേ സ്റ്റേഷനുകളെ അന്താരാഷ്ട്ര വല്‍ക്കരിക്കും. മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ പാത നിര്‍മ്മിക്കും. വികസനത്തിന്റെ പാതയിലേക്കുള്ള ബജറ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ബജറ്റ് രാജ്യത്തിന് ദിശാബോധം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍:
- ഇന്ത്യന്‍ റെയില്‍വേയെ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വാഹകരാക്കും
- റെയില്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കും
- ഓണ്‍ലൈന്‍ സീറ്റ് റിസര്‍വേഷന്‍ സംവിധാനം വിപുലീകരിക്കും
- റെയില്‍വേയുടെ ലാഭം വെറും ആറ് ശതമാനം മാത്രം
- വരുമാനത്തിനറെ 94 ശതമാനവും ചെലവാകുന്നു
- നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 50,000 കോടി രൂപ വേണം
- അതിവേഗ ട്രെയിനുകള്‍ക്കായി പ്രത്യേക പങ്കാളിത്തം പരിഗണിക്കും
- ട്രെയിനുകളില്‍ ബയോ ടോയിലറ്റ് സംവിധാനം
- ഹൈസ്പീഡ് ട്രെയിനിനായി പൊതുസ്വകാര്യ നിക്ഷേപം പരിഗണിക്കും
- ട്രയിനുകള്‍ വൃത്തിയാക്കുന്നതിന് പുറംകരാര്‍
- മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച് വജ്ര ചതുഷ്‌കോണ പദ്ധതി നടപ്പാക്കും
- ട്രയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കും
- തെരഞ്ഞെടുത്ത ട്രെയ്‌നുകളില്‍ വൈഫൈ സംവിധാനം
- ട്രെയ്ന്‍ വേഗത 160ല്‍ നിന്ന് 200 കിലോമീറ്ററായി ഉയര്‍ത്തും
- പുതിയ എട്ട് പാസഞ്ചര്‍ ട്രെയ്‌നുകള്‍
- പുതിയ 27 എക്‌സ് പ്രസ് ട്രെയ്‌നുകള്‍
- പുതിയ ഒമ്പത് അതിവേഗ ട്രെയ്‌നുകള്‍
- പുതിയ ആറ് പ്രീമിയം ട്രെയ്‌നുകള്‍, ആറ് എസി ട്രെയ്‌നുകള്‍
- ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കും
- വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പ്ലാറ്റ്‌ഫോമിലെത്തിക്കാന്‍ ബാറ്ററി കാര്‍
- അതിവേഗ റെയില്‍ നെറ്റ് വര്‍ക്കിന് 100 കോടി രൂപ
- എല്ലാ സ്‌റ്റേഷനുകളിലും കുടിവെള്ളം, വിശ്രമമുറി, ടോയ്‌ലറ്റ്
- ആര്‍പിഎഫില്‍ 17,000 പേരെ കൂടി നിയമിക്കും
- പ്രവര്‍ത്തനരംഗം ഒഴികെ റെയില്‍വെയില്‍ വിദേശനിക്ഷേപത്തിന് അനുമതി തേടും
- പാലും പച്ചക്കറികളും കൊണ്ടുപോകാന്‍ പ്രത്യേക ട്രെയിന്‍
കേരളത്തിന് ലഭിച്ചത്:
- റെയില്‍വേ ബജറ്റില്‍ കേരളത്തിന് വന്‍ അവഗണന.
- കേരളത്തിന് ലഭിച്ചത് ബൈനൂര്‍കാസര്‍കോഡ് പാസഞ്ചര്‍ ട്രെയ്ന്‍ മാത്രം
- കേരളത്തിലെ കാഞ്ഞങ്ങാട് – പാണത്തൂര്‍ ഉള്‍പ്പെടെ 18 പാതകള്‍ക്ക് സര്‍വേ തുടങ്ങും