National
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും തെലങ്കാനക്കും ആന്ധ്രക്കും മുന്തിയ പരിഗണന
ന്യൂഡല്‍ഹി: റെയില്‍വേ യാത്രാക്കൂലിയും ചരക്ക് കൂലിയും വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ചു കൊണ്ടാണ് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ തന്റെ കന്നി ബജറ്റ് പ്രസംഗം തുടങ്ങിയത്. മുന്‍ സര്‍ക്കാറുകളുടെ നയമില്ലായ്മയാണ് റെയില്‍വേയെ വന്‍ പ്രതിസന്ധിയിലാക്കിയതെന്നും നിരക്ക് വര്‍ധന മൂലം പ്രതിവര്‍ഷം 8000 കോടി മാത്രമേ ലഭിക്കുകയുള്ളൂവെന്നും ഗൗഡ പറഞ്ഞു.
എന്നാല്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്ന തരത്തിലേക്ക് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനം വളരണമെങ്കില്‍ പത്ത് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 50,000 കോടി രൂപയെങ്കിലും വേണം.
യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തന്നെയാണ് ഗൗഡ പ്രഥമ പരിഗണന നല്‍കിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ റെയില്‍ വികസനത്തിനും അദ്ദേഹം മുന്തിയ പരിഗണന നല്‍കി.
അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലേക്ക് ഇതാദ്യമായി റെയില്‍ കണക്ടിവിറ്റി നല്‍കുമെന്ന പ്രഖ്യാപനം ഇതിന് തെളിവാണ്. ആന്ധ്രാ പ്രദേശ് വിഭജിക്കപ്പെട്ട് നിലവില്‍ വന്ന ഇരട്ട സംസ്ഥാനങ്ങളിലേക്കും അദ്ദേഹത്തിന്റെ കരുണാ കടാക്ഷം നീണ്ടു. ഇവിടെ നിലവിലുള്ള പദ്ധതികള്‍ വേഗത്തിലാക്കും. തെലങ്കാനയിലെയും ആന്ധ്രയിലെയും പദ്ധതികള്‍ക്കായി 20,000 കോടി രൂപ വകയിരുത്തും.
മുംബൈക്ക് അദ്ദേഹം 1000 പുതിയ ലോക്കല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. റെയില്‍വേ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനെതിരെ തിരിഞ്ഞ 10 എന്‍ ഡി എ. എം പിമാരോടാണ് ഇതിന് നന്ദി പറയേണ്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി അടങ്കലാണ് ഇത്തവണത്തേത്.
അത് 60,000 കോടിയിലധികമാണ്. ഇതില്‍ കമ്പോളത്തില്‍ നിന്നുള്ള കടമെടുപ്പ് വഴി 11,790 കോടിയും ആഭ്യന്തര വിഭവങ്ങളില്‍ നിന്ന് 15,350 കോടിയും പൊതു സ്വകാര്യ പങ്കാളിത്തം വഴി 6005 കോടിയും സുരക്ഷാ ഫണ്ട് വഴി 2,200 കോടിയും സമാഹരിക്കും.