International
അഫ്ഗാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വിജയിച്ചുവെന്ന അവകാശവാദവുമായി അബ്ദുല്ല അബ്ദുല്ലയും
കാബൂള്‍: കഴിഞ്ഞ മാസത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിരാളി അശ്‌റഫ് ഗാനിക്ക് വ്യക്തമായ ലീഡ് ലഭിച്ചതായി പ്രഖ്യാപിച്ചെങ്കിലും വിജയം അവകാശപ്പെട്ട് അബ്ദുല്ല അബ്ദുല്ല. കാബൂളില്‍ അനുയായികളെ അഭിസംബോധന ചെയ്യവെ, തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നതായി അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം, അധികാരം പിടിച്ചെടുക്കുന്നതിനെ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പ് നല്‍കി. സമാന്തര സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് അബ്ദുല്ല അബ്ദുല്ലയുടെ പദ്ധതിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കെറിയുടെ മുന്നറിയിപ്പ്.
തട്ടിപ്പ് സര്‍ക്കാറിനെ അംഗീകരിക്കില്ലെന്ന് അബ്ദുല്ല കാബൂളില്‍ അനുയായികളോട് പറഞ്ഞു. യാതൊരു സംശയവും കൂടാതെ പറയാം തങ്ങളാണ് തിരഞ്ഞെടുപ്പിലെ വിജയികളെന്ന്. സമാന്തര സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. അതേസമയം, രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. ആഭ്യന്തര യുദ്ധമോ പ്രതിസന്ധിയോ ആഗ്രഹിക്കുന്നില്ല. വിഭജനമല്ല, സ്ഥിരതയും ദേശീയ ഐക്യവുമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 14ന് നടന്ന അവസാന വട്ട വോട്ടെടുപ്പില്‍ ഗാനിക്ക് 56.44 ശതമാനം വോട്ട് ലഭിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ അബ്ദുല്ലക്ക് 43.56 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നു. അബ്ദുല്ല വിജയിക്കുമെന്നായിരുന്നു ഭൂരിപക്ഷ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ഇരു കൂട്ടരും വാദിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് 7000 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകള്‍ വീണ്ടും പരിശോധിച്ചിരുന്നു. അന്തിമ ഫലം ഈ മാസം 22നാണ് വരിക.
ഇരുപക്ഷവും വിജയം അവകാശപ്പെടുന്നത് ബാലിശമാണെന്ന് ഐക്യ രാഷ്ട്ര സഭാ സഹായക ദൗത്യം അഭിപ്രായപ്പെട്ടു. നിയമവിരുദ്ധമായി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അഫ്ഗാനെ സഹായിക്കുമെന്നും രാജ്യത്ത് സുരക്ഷ നഷ്ടപ്പെടുകയാണെന്നും കെറി പറഞ്ഞു. കെറി വെള്ളിയാഴ്ച രാജ്യത്തെത്തുമെന്ന് അബ്ദുല്ല വെളിപ്പെടുത്തിയെങ്കിലും യു എസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.