Kannur
ഡെങ്കിപ്പനി; രക്ത ഘടകം ലഭ്യമാക്കാനുള്ള സംവിധാനം അപര്യാപ്തം
കണ്ണൂര്‍: സംസ്ഥാനത്ത് ഡെങ്കി പനി ബാധിതരുടെ എണ്ണം നിത്യേനയെന്നോണം കൂടുമ്പോഴും രോഗികള്‍ക്ക് ഡ്രിപ്പായി നല്‍കാനുള്ള രക്ത ഘടകമായ പ്ലേറ്റ്‌ലറ്റ് ലഭ്യമാക്കാനുള്ള സംവിധാനം അപര്യാപ്തം. രക്തത്തില്‍ നിന്ന് പ്ലേറ്റ്‌ലറ്റ് വേര്‍തിരിച്ചെടുക്കാനും സൂക്ഷിക്കാനും ആവശ്യമായ സജ്ജീകരണങ്ങള്‍ കാര്യക്ഷമമല്ലാത്തതാണ് രോഗികളെ വലക്കുന്നത്. കാലവര്‍ഷം തുടങ്ങിയതിനുശേഷം രണ്ട് മാസത്തിനകം 500ല്‍ പരം ആളുകള്‍ ഡെങ്കി ബാധിച്ച് ചികിത്സയിലുണ്ടെന്നും രണ്ട് പേര്‍ മരിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. വരും ദിവസങ്ങളിലും ഇത് കൂടാന്‍ സാധ്യതയുണ്ടെന്നിരിക്കെ രോഗികള്‍ക്ക് അത്യാവശ്യമായി വേണ്ട പ്ലേറ്റ്‌ലറ്റ് എത്തിച്ചുകൊടുക്കാനുള്ള കാര്യമായ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം.
നിലവില്‍ 17 സര്‍ക്കാര്‍ ആശുപത്രികളിലും 28 സ്വകാര്യ സ്ഥാപനങ്ങളിലുമാണ് പ്ലേറ്റ്‌ലറ്റ് ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യമുള്ളത്. അഞ്ച് മെഡിക്കല്‍ കോളജുകള്‍, രണ്ട് സഹകരണ മെഡിക്കല്‍ കോളജുകള്‍, ആര്‍ സി സി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലാ ആശുപത്രികള്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജനറല്‍ ആശുപത്രികള്‍, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പ്ലേറ്റ്‌ലറ്റ് ശേഖരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുള്ളത്. സ്വകാര്യമേഖലയില്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ നഗരപ്രദേശങ്ങളിലെ വന്‍കിട ആശുപത്രികളിലാണ് പ്ലേറ്റ്‌ലറ്റ് ലഭിക്കുന്നത്.
ഡെങ്കി വൈറസ് രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറക്കുകയാണ് ചെയ്യുന്നത്. പ്ലേറ്റ്‌ലറ്റ് ഡ്രിപ്പ് നല്‍കുക മാത്രമാണ് പ്രതിവിധി. 50 മില്ലി രക്തത്തിലെത്തുമ്പോള്‍ ഏതാണ്ട് 8,000 പ്ലേറ്റ്‌ലറ്റ് പുനഃസ്ഥാപിക്കപ്പെടും. ഇത് അര ലക്ഷമായി ഉയര്‍ത്തണമെങ്കില്‍ രോഗിക്ക് നാല് തവണയെങ്കിലും പ്ലേറ്റ്‌ലറ്റ് നല്‍കേണ്ടിവരും. ഡെങ്കി വ്യാപകമായതോടെയാണ് പ്ലേറ്റ്‌ലറ്റ് ക്ഷാമം രൂക്ഷമായത്. അഞ്ച് ദിവസത്തില്‍ അധികം ഇത് സൂക്ഷിക്കാനാകില്ലെന്നതിനാല്‍ ഒരിടത്തു നിന്ന് ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും കഴിയില്ല. അതുകൊണ്ടുതന്നെ രക്തഘടകം വേര്‍തിരിക്കുന്ന സംവിധാനം ഇല്ലാത്ത ജില്ലകളിലെ ആശുപത്രികളിലേക്ക് പ്ലേറ്റ്‌ലറ്റ് എത്തിച്ചു നല്‍കാന്‍ കഴിയാറില്ല. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഡെങ്കി പനി ഭീതിയുടെ മറവില്‍ പ്ലേറ്റ്‌ലറ്റിന് അമിത വില ഈടാക്കുന്നതായും ആരോപണമുണ്ട്. ആന്തരിക രക്തസ്രാവത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഡെങ്കി പനിക്ക് അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിനും വഴിയൊരുക്കും.
സര്‍ക്കാര്‍ ലബോറട്ടറികളില്‍ ടെക്‌നീഷ്യന്മാരെ നിയമിക്കാന്‍ നടപടിയില്ലാത്തതും വലിയ പ്രശ്‌നമായിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 300 ലാബ് ടെക്‌നീഷ്യന്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടപ്പാണ്. പി എസ് സി നിയമനത്തിന് അഡൈ്വസ് മെമ്മോ നേരത്തെ അയച്ചുതുടങ്ങിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് വന്നതോടെ ഇത് മരവിപ്പിച്ചിരുന്നു. സര്‍ക്കാര്‍ രക്ത ബേങ്കുകളില്‍ രക്ത ഘടകം വേര്‍തിരിക്കാന്‍ ശാസ്ത്രീയ പരിശീലനം ലഭിച്ച ലാബ് ടെക്‌നീഷ്യന്മാരും ആവശ്യത്തിനില്ല. 12 വര്‍ഷം മുമ്പാണ് ഈ തസ്തികയില്‍ നിയമനം നടന്നത്. ഡെങ്കി പനി കണ്ടെത്താന്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് ടെസ്റ്റ് ചെയ്യണം. ഇതിന് സര്‍ക്കാര്‍ ലാബില്‍ 30 മുതല്‍ 50 വരെ രൂപ യാകും. സ്വകാര്യ ലാബുകളില്‍ 100 രൂപ വരെ ഈടാക്കുന്നുണ്ട്. 50 മുതല്‍ 80 രൂപ വരെയാകുന്ന ടോട്ടല്‍ കൗണ്ട് ടെസ്റ്റിന് പുറത്ത് 120 രൂപയാണ്.
എലിപ്പനി, മലേറിയ എന്നീ രോഗങ്ങള്‍ക്കുള്ള വിവിധ ടെസ്റ്റുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ അമിത വില ഈടാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.