Ongoing News
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹോളണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍
സാവോപോളോ: ലോകകപ്പ് ഫുട്‌ബോളിലെ അവസാന സെമിയില്‍ ഹോളണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തളച്ച് അര്‍ജന്റീന് ഫൈനലിലെത്തി. നിശ്ചിത സമയത്തും അധികസമയത്തും ഒരിക്കല്‍ പോലും ഇരു ഗോള്‍ വലകളും കുലുങ്ങിയില്ല. അതോടെ മത്സരം എക്‌സട്രാ ടൈമിലേക്ക്. പ്രതിരോധവും ആക്രമണവും ഒന്നിനൊന്ന് മെച്ചപ്പെടുത്തി ഇരുടീമുകളും കളിയുടെ വീര്യം പുറത്തെടുത്തതോടെ ആ അര മണിക്കൂറിലും ഗോള്‍ വല അനങ്ങിയില്ല. ഒടുവില്‍ ഷൂട്ടൗട്ട്.
റോണ്‍ വഌറുടെ ആദ്യ കിക്ക് റൊമേരിയോ തടുത്തിട്ടു. രണ്ടാം കിക്കില്‍ മെസ്സിയുടെ ഊഴം. നെതര്‍ലാന്‍ഡിന്റെ ഗോള്‍വലയില്‍ ആദ്യ കുലുക്കം. മൂന്നാം കിക്കില്‍ റോബന്‍ തിരിച്ചടിച്ചു. അര്‍ജന്റീനയുടെ വലയും കുലുങ്ങി. സ്‌കോര്‍ 1-1. അടുത്ത ഊഴത്തില്‍ ഇസിക്വല്‍ ഗാരേയുടെ ഷോട്ടും ലക്ഷ്യം കണ്ടു. സ്‌കോര്‍ ഹോളണ്ട് 1, അര്‍ജന്റീന 2. നാലാം കിക്ക് അര്‍ജന്റീനിയന്‍ ഗോളി റൊമേരിയോ ഭംഗിയായി തടുത്തിട്ടതോടെ ഹോളണ്ടിന്റെ പ്രതീക്ഷയറ്റു. അഞ്ചാം കിക്കില്‍ അര്‍ജന്റീന വീണ്ടും ഹോളണ്ടിന്റെ ഗോള്‍ വല കിലുക്കിയതോടെ അര്‍ജന്റീനിയന്‍ വിജയം ഉറപ്പായി. ആറാം കിക്കില്‍ ഹോളണ്ട് തിരിച്ചടിച്ചു. 7ാം കിക്കില്‍ അര്‍ജന്റീന അതിനും മറുപടി കൊടുത്തു. അതോടെ 4-2ന് അര്‍ജന്റീന ഫൈനലിലെത്തി.
അര്‍ജന്റീനയ്ക്കുവേണ്ടി കിക്കെടുത്ത ലയണല്‍ മെസ്സി, എസ്‌ക്വെല്‍ ഗരായ്, സെര്‍ജിയോ അഗ്യുറോ, മാക്‌സി റോഡ്രിഗസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോളണ്ടിനുവേണ്ടി ആര്യന്‍ റോബനും ക്യൂറ്റിനും മാത്രമാണ് ലക്ഷ്യം കാണാനായത്.
ജൂലൈ 14ന് മാറക്കാനയില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന ജര്‍മനിയെ നേരിടും. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് അര്‍ജന്റീന് ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. 1990ല്‍ അവസാനമായി ഫൈനലില്‍ നേരിട്ടതും ജര്‍മനിയെ തന്നെ. ഇത്തവണ ബ്രസീലിനെ ഒന്നിനെതിരെ 7 ഗോളുകള്‍ക്ക് തറപറ്റിച്ചാണ് ജര്‍മനി ലോക ഫുട്‌ബോളിലെ ഫൈനല്‍ പോരാട്ടത്തിലെത്തിയത്.